അദ്ധ്യാസ നിരാസം തുടരുന്നു.
തമോഗുണ വാസനകള്‍ കൂടിയിരിക്കുമ്പോള്‍ ഉറക്കം, അലസത, പിഴവ് മുതലായവ ഉണ്ടാകും. ഒരു കാര്യം ചെയ്യാനും താല്പര്യമോ ഉന്മേഷമോ ഉണ്ടാകില്ല.
അധമമാമായ വാസനകളില്‍ നിന്ന് ഉയര്‍ത്താന്‍ കുറെ രജോഗുണ പ്രധാനങ്ങളായ വാസനകള്‍ നമ്മുടെ ഉള്ളിലേക്ക് പ്രവേശിപ്പിച്ചാല്‍ മതി. അപ്പോള്‍ പിന്നെ വെറുതെയിരിക്കാനാവില്ല. കര്‍മ്മനിരതത്വവും ഊര്‍ജ്ജസ്വലതയും രജസ്സിന്റെ ധര്‍മ്മമാണ്. രജോഗുണം ഉള്ളിലുണ്ടായാല്‍ ആര്‍ക്കും അടങ്ങിയിരിക്കാനാവില്ല. ഇത് മൂലം പലതരം ആഗ്രഹങ്ങള്‍ ഉള്ളില്‍ വന്നാല്‍ അതേ തുടര്‍ന്ന് കര്‍മ്മങ്ങള്‍ ചെയ്യേണ്ടി വരും. ഭോഗ്യവസ്തുക്കളെ നേടാനും അനുഭവിക്കാനും നാം നിര്‍ബന്ധിതരാകും.
രജോഗുണം അതിക്രമിച്ചാല്‍ പിന്നെ സുഖഭോഗങ്ങളുടെ പുറകെയുള്ള പരക്കം പാച്ചിലാകും. മനസ്സമാധാനം ഒട്ടും ഉണ്ടാകില്ല. അസംതൃപ്തി നിരന്തരം തോന്നിപ്പിക്കുകയും ചെയ്യും. രജോഗുണ വാസനയുടെ ബാധയില്‍ നിന്ന് രക്ഷിക്കാന്‍ കൂടുതല്‍ കൂടുതല്‍ സാത്വിക വാസനകളെ നമ്മുടെ ഉള്ളിലേക്ക് പകര്‍ന്ന് നല്കിയാല് മതി.
കര്‍മ്മം കൊണ്ടുണ്ടായ ബന്ധത്തെ തീര്‍ക്കാന്‍ കര്‍മ്മത്തെ കര്‍മ്മയോഗമാക്കിയാല്‍ മതി. കര്മ്മഫലത്തില് ആസക്തനാകാതിരിക്കണം. ഫലാസക്തി നമ്മെ ബന്ധിപ്പിക്കും.
നിഷ്കാമമായി അര്‍പ്പണ ഭാവത്തോടെ കര്‍മ്മം ചെയ്താല്‍ ബന്ധനത്തില്‍ നിന്നും വിമുക്തി നേടാം. ഇങ്ങനെ സ്വാര്ത്ഥകര്മ്മത്തില് നിന്നും നിസ്വാര്‍ത്ഥ സേവനത്തിലേക്ക് നയിക്കണം.
ഈശ്വരനിലോ ഗുരുവിലോ ഭക്തിയുണ്ടെങ്കില്‍ മാത്രമേ നിസ്വാര്‍ത്ഥമായ അര്‍പ്പണ ഭാവം ഉണ്ടാകൂ. രജോഗുണവസനകള് പൂര്‍ണ്ണമായും നീങ്ങിയാല്‍ പിന്നെ സാത്വിക വാസനകള്‍ മാത്രം അവശേഷിക്കും. ഈശ്വരഭക്തി മോക്ഷേച്ഛ എന്നിവ വര്‍ദ്ധിക്കും.
എന്നാല്‍ സാത്വിക വാസനയും ഒരു തരത്തില്‍ ബന്ധനം തന്നെയാണ്. സാത്വിക വാസനകളെ നീക്കം ചെയ്യാന്‍ സത്ത്വഗുണം വീണ്ടും നന്നായി വര്‍ദ്ധിപ്പിക്കുക എന്നതാണ് വഴി. ഭക്തിയും അര്‍പ്പണ ഭാവവും കൂടി വരും തോറും മനസ്സ് പ്രശാന്തമാകും. അന്തഃകരണം ശുദ്ധമാകും. അങ്ങനെ സാത്വിക വാസനകള്‍ മുഴുവന്‍ ക്ഷയിച്ച് സത്വത്തിന് അതീതനാവുമ്പോള്‍ സാധകന് ആത്മാനഭൂതിയുണ്ടാകും.
വ്യായാമം കാവ്യ ശസ്ത്ര വിനോദങ്ങള്‍ എന്നിവ താമസ ധര്‍മ്മങ്ങളായ അലസതയേയും മറ്റും നീക്കും. ചിത്ത ഏകാഗ്രതയാകുന്ന സത്വം കൊണ്ട് രജോഗുണ ധര്‍മ്മങ്ങളായ പ്രവൃത്തികളെല്ലാം നശിക്കും. സത്വം വര്‍ദ്ധിച്ച് നിര്‍ഗുണ അവസ്ഥയിലെത്തുമ്പോള് സത്വ വൃത്തികളുടെ ബോധം പോലും ഇല്ലാതെയാകും.
സത്വം തമസ്സിന്റെ ആവരണത്തേയും രജസ്സിന്റെ വിക്ഷേപത്തേയുമൊക്കെ ഇല്ലാതാക്കും.അതിനാല്‍ സത്വത്തെ വര്‍ദ്ധിപ്പിച്ച് സാധകരായവര്ക്ക് അദ്ധ്യാസത്തെ നല്ലപോലെ നീക്കം ചെയ്യാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: