പത്തനംതിട്ട ജില്ലയിലെ പെരുനാട് പഞ്ചായത്തിലാണ് കക്കാട്ടുകോയിക്കല്‍ ശാസ്താക്ഷേത്രം. ശബരിമല ക്ഷേത്രവുമായി ഏറെ ബന്ധമുള്ള ക്ഷേത്രമാണിത്. മണ്ണാറക്കുളഞ്ഞി -പമ്പ റോഡില്‍ മഠത്തും മൂഴി കവലയില്‍ നിന്ന് ഇടത്തോട്ട് ഒരു കിലോമീറ്റര്‍ മാറിയാണ് കക്കാട്ടു കോയിക്കല്‍ ക്ഷേത്രം.
ഹരിഹരപുത്രന്റെ ചൈതന്യം നിറഞ്ഞ ധര്‍മശാസ്താവാണ് പ്രതിഷ്ഠ. മകരസംക്രമ സന്ധ്യയില്‍ ശബരീശന് ചാര്‍ത്തുന്ന തിരുവാഭണം ശബരിമലയ്ക്ക് പുറത്തുള്ളൊരു ക്ഷേത്രത്തില്‍ ചാര്‍ത്തുന്നത് ഇവിടെയാണ്.
മകരവിളക്കു കഴിഞ്ഞ് ശബരിമല നട അടച്ച് തിരുവാഭരണവുമായുള്ള മടക്കയാത്രയിലാണ് ഇവിടെ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തുന്നത്. മകരം ഏഴിന് രാവിലെയാണ് ശബരിമല നട അടയ്ക്കുന്നത്. അന്ന് വൈകിട്ട് ളാഹ വനം വകുപ്പ് സത്രത്തില്‍ എത്തി വിശ്രമിക്കുന്ന തിരുവാഭരണ മടക്കഘോഷയാത്ര പിറ്റേദിവസം രാവിലെ പെരുനാട്ടിലെത്തും. ഉച്ചയ്ക്ക് തിരുവാഭരണം ചാര്‍ത്തും. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിയെ കാണാനും കണ്ടു തൊഴാനും വിവിധ ജില്ലകളില്‍ നിന്ന് സ്ത്രീകളടക്കമുള്ള ഭക്തജനങ്ങളെത്തും. അര്‍ധരാത്രിവരെ തിരുവാഭരണം ചാര്‍ത്തി ദര്‍ശനമുണ്ട്. അതുകഴിഞ്ഞ് തിരുവാഭരണ ഘോഷയാത്ര രണ്ടു മണിയോടെ മടങ്ങും. ശബരിമല ക്ഷേത്ര നിര്‍മാണത്തിനായി എത്തിയ പന്തളം രാജാവ് താമസിച്ച സ്ഥലമാണ് പെരുനാട്. ഈ ക്ഷേത്രവും പന്തളം രാജാവ് നിര്‍മിച്ചതാണ്. അദ്ദേഹത്തിന് താമസിക്കാനായി കക്കാട്ടു കോയിക്കല്‍ എന്ന വീടും പണിതിരുന്നു. കോയിക്കല്‍ കൊട്ടാരത്തിന്റെ ഭാഗമായതു കൊണ്ടാണ് കക്കാട്ടു കോയിക്കല്‍ എന്ന പേരു വന്നത്.
ഈ ക്ഷേത്രത്തിലെയും ശബരിമലയിലെയും ക്ഷേത്രങ്ങള്‍ തമ്മില്‍ സാദൃശ്യമുണ്ട്.
രണ്ടു വിഗ്രഹങ്ങളും രൂപത്തിലും ഒരേ അളവിലും ഭാവത്തിലുമുള്ളതാണ്. ഗൃഹസ്ഥാശ്രമിയായി, പൂര്‍ണ-പുഷ്ക്കല സമേതനായാണ് ഇവിടുത്തെ മൂലപ്രതിഷ്ഠയെന്നാണ് വിശ്വാസം. മൂല പ്രതിഷ്ഠ വേട്ടയ്ക്കൊരു മകന് ആയിരുന്നുവെന്നും പിന്നീട് പൂര്‍ണ,-പുഷ്ക്കലാ സമേതനായ വിഗ്രഹം പ്രതിഷ്ഠിച്ചുവെന്നുമാണ് പറയപ്പെടുന്നത്.
ശബരീശന്റെ ശക്തിയും ചൈതന്യവും വര്‍ധിപ്പിക്കാന്‍ നിത്യപൂജ നടത്താനായി പന്തളം രാജാവ് നിര്‍മിച്ച ക്ഷേത്രമാണിത്. രാജാവ് പൂജിച്ചിരുന്ന വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചതെന്നും കഥകളുണ്ട്.
പണ്ടു ശബരിമലയില്‍ ഉത്സവം അഞ്ചുദിവസവും ബാക്കി അഞ്ചു ദിവസം പെരുനാട്ടിലുമായിരുന്നു. ശബരിമലയിലെയും പെരുനാട്ടിലെയും ഉത്സവത്തിന്റെ പള്ളിവേട്ടയ്ക്ക് നായാട്ടു വിളിക്കാനും അകമ്പടി സേവിക്കാനുമുള്ള അവകാശം പന്തളം രാജാവ് ഇവിടുത്തെ കോയിക്കമണ്ണില്‍ കുടുംബത്തിന് കല്പിച്ചു നല്‍കിയതാണ്. ഉത്രംപാട്ടെന്ന പേരിലാണ് പെരുനാട് ക്ഷേത്രത്തിലെ ഉത്സവം അറിയപ്പെടുന്നത്.
ശബരിമലയില്‍ പുനഃപ്രതിഷ്ഠ നടക്കുന്നതിനു മുമ്പ് ഇവിടെ പുനഃപ്രതിഷ്ഠ നടത്തിയിരുന്നുവെന്നും ഇവിടുത്തെ വിഗ്രഹത്തെ മാതൃകയാക്കിയാണ് ശബരിമല അയ്യപ്പ വിഗ്രഹം സ്ഥാപിച്ചതെന്നും സൂചനകളുണ്ട്. പമ്പാനദിയുടെ കൈവഴിയായ കട്ടാറിനോട് ചേര്‍ന്നുള്ള ക്ഷേത്രം ചതുരാകൃതിയില്‍ ചെമ്പു മേഞ്ഞതാ ണ്. ക്ഷേത്രത്തില്‍ നിന്ന് 100 മീറ്റര്‍ മാറി മാളികപ്പുറത്ത് ക്ഷേത്രവുമുണ്ട്. മുന്‍പ് ഇരുനില മാളികയുടെ രൂപത്തിലായിരുന്നു. ഇപ്പോള്‍ ക്ഷേത്രശ്രീകോവില്‍ പുനര്‍നിര്‍മിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: