”കമ്മ്യൂണിസ്റ്റുകാര്‍ ഒരുപാട് കള്ളക്കേസ് നേരിട്ട അനുഭവമുണ്ട്. പാര്‍ട്ടി ആരംഭിച്ച കാലത്തേ ഉണ്ട്. അതുകൊണ്ട് ഞങ്ങളങ്ങ് തകര്‍ന്ന് പോയിട്ടില്ല.’ ശനിയാഴ്ച മുഖ്യമന്ത്രി നടത്തിയ നെടുനീളന്‍ പ്രഭാഷണത്തിലെ അവകാശവാദമാണിത്. ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ജന്മം കൊണ്ടിട്ട് നൂറ് വര്‍ഷമായെന്ന് പറയുന്നു. അതില്‍ തന്നെ ഭിന്നാഭിപ്രായമുണ്ട്. നൂറ് വര്‍ഷത്തിനിടയില്‍ പാര്‍ട്ടി വളരുകയാണോ തളരുകയാണോ ഉണ്ടായതെന്ന് സ്വസ്ഥമായി മുഖ്യമന്ത്രി ആലോചിക്കേണ്ടതാണ്.
സ്വതന്ത്ര ഇന്ത്യയില്‍ കുറച്ചുകാലം കമ്യൂണിസ്റ്റ് പാര്‍ട്ടി പാര്‍ലമെന്റില്‍ രണ്ടാമത്തെ കക്ഷിയായിരുന്നിട്ടുണ്ട്. പ്രതിപക്ഷത്തെ പ്രധാനകക്ഷിനേതാവ് എ.കെ. ഗോപാലനായിരുന്നു. പിണറായി വിജയന്റെ അവകാശവാദം ശരിയാകണമെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒന്നാം കക്ഷിയാകണ്ടെ? സീതാറാം യെച്യൂരി പ്രധാനമന്ത്രി ആകണമായിരുന്നല്ലൊ. ഇന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസ്ഥയെന്താണ്. ലോക്സഭയില്‍ ഇരുപാര്‍ട്ടിക്കും കൂടി ലഭിച്ചത് 5 സീറ്റ് മാത്രമാണ്. പിണറായി വിജയന്റെ സിപിഎമ്മിന് ലഭിച്ചത് മൂന്നെണ്ണം. ഇതൊന്നും തനിച്ച് മത്സരിച്ച് നേടിയതല്ല. കേരളത്തിലെ 20 സീറ്റുകളില്‍ ഒന്നുമാത്രമാണ് ലഭിച്ചത് രണ്ടെണ്ണം കോണ്‍ഗ്രസ്-ഡിഎംകെ മുസ്ലീം ലീഗ് തുടങ്ങിയ കക്ഷികളുടെ സഹായത്തോടെയും. മുസ്ലീം ലീഗിനും മൂന്നുസീറ്റ് ലോക്സഭയിലുണ്ടെന്ന് ഓര്‍ക്കണം. ഒരുകാലത്ത് നാനൂറിലധികം സീറ്റ് നേടിയ കോണ്‍ഗ്രസിന് ഇപ്പോള്‍ 51 സീറ്റ് മാത്രമാണുള്ളത്. ഔദ്യോഗിക പ്രതിപക്ഷ നേതാവാകാനുള്ള ശക്തിപോലും കോണ്‍ഗ്രസിനില്ല. ആ കോണ്‍ഗ്രസുമായി കേരളത്തിന് പുറത്ത് സഖ്യത്തിലാകാനുള്ള തിരക്കിട്ട നീക്കമാണ് സിപിഎം നടത്തുന്നത്. 40 വര്‍ഷത്തെ പഴക്കം പോലുമില്ലാത്ത ബിജെപി ഇന്ന് ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പാര്‍ട്ടിയാണ്. താമര ചിഹ്നത്തില്‍ ജയിച്ചവര്‍ മാത്രം 302 പേരുണ്ട്. എന്നിട്ടും ബിജെപിക്കെതിരെ വിരല്‍ ചൂണ്ടി വിരട്ടാന്‍ നോക്കുകയാണ്. കാണ്ടാമൃഗത്തേക്കാള്‍ തൊലിക്കട്ടിയുള്ളവര്ക്കേ അങ്ങിനെ പെരുമാറാന്‍ കഴിയൂ.
സീതാറാം യെച്യൂരിയുടെ പേര് മുന്നേപറഞ്ഞല്ലോ. യെച്ചൂരി തന്റെ സംസ്ഥാനത്തെ പാര്‍ട്ടിയുടെ അവസ്ഥയോര്‍ത്ത് കണ്ണീര് വാര്‍ക്കുന്നുണ്ടാവാം. അതിനെക്കുറിച്ച് കേരള മുഖ്യമന്ത്രി ആലോചിച്ചിട്ടുണ്ടോ? ബീഹാറിലും മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും നല്ല സ്വാധീനമുണ്ടായിരുന്നു കമ്മ്യൂണിസ്റ്റുകാര്‍ക്ക് പണ്ട്. ഇന്നെന്താണവസ്ഥ. ബീഹാറില്‍ കോണ്‍ഗ്രസിന്റെ സാരിത്തുമ്പില്‍ പിടിച്ചല്ലെ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. നാണംകെട്ട ആ കൂട്ടുകെട്ടുകൊണ്ട് എന്തുനേടാനായി. ആന്ധ്രയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരണത്തിലേറുമെന്ന് ഒരുകാലത്ത് സ്വപ്നംകണ്ടു. മുഖ്യമന്ത്രി ആരാകണം എന്ന അന്വേഷണത്തിന് കിട്ടിയ ഉത്തരം പി. സുന്ദരയ്യ. ഡല്‍ഹിയില്‍ സെന്‍ട്രല്‍ കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച സുന്ദരയ്യയെ ഹൈദ്രാബാദിലേക്ക് പറിച്ചുനട്ടു. എന്നിട്ടെന്തായി. എന്താണ് ആന്ധ്രയിലും ഹൈദ്രാബാദിലും ഇന്നത്തെ അവസ്ഥ. അടുത്തിടെയായിരുന്നല്ലോ 150 അംഗ നഗരസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. നാല് അംഗങ്ങളുണ്ടായിരുന്ന ബിജെപി 49 സീറ്റുകള്‍ നേടി രണ്ടാമത്തെ ഏറ്റവും വലിയ കക്ഷിയായി. സിപിഎം അവിടെ ‘സംപൂജ്യ’ പാര്‍ട്ടിയായി. പത്ത് സീറ്റിലെങ്കിലും കെട്ടിവച്ച കാശ് തിരിച്ചുവാങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അതിലെങ്കിലും പിടിച്ചുനില്‍ക്കാമായിരുന്നു.
പശ്ചിമബംഗാളിന്റെയും ത്രിപുരയിലേയും സ്ഥിതി വിവരിക്കേണ്ടിതില്ലല്ലോ. 35 വര്‍ഷം ഭരിച്ച പശ്ചിമബംഗാളില്‍ സിപിഎമ്മിന്റെ പൊടിപോലുമില്ല കണ്ടുപിടി്കാന്. ത്രിപുര ഇന്ന് ബിജെപിയുടെ ഭരണത്തിലാണ് ഓടുപൊളിച്ച് നിയമസഭാ മണ്ഡലത്തിലെത്തിയതല്ല. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതിയതാണ് ത്രിപുര ബിജെപി ഭരിക്കുന്നത്. ഉത്തര അസമിലെ ഗിരിവര്‍ഗ പ്രദേശമായ ബോഡോ ലാന്‍ഡി ന്റെ സ്വയംഭരണ കൗണ്സിെല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി യുണൈറ്റഡ് പീപ്പിള്സ്യ പാര്‍ട്ടി ലിബറല്‍ (യുപിപിഎല്‍) സഖ്യത്തിന് വന്‍ വിജയമാണുണ്ടായത്.
എത്ര കുറ്റവാളികള്‍ രക്ഷപ്പെട്ടാലും കുറേ നിരപരാധികളെ ശിക്ഷിക്കണമെന്ന വാശിയാണത്രെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക്. ആരാണ് സാര്‍ നിരപരാധികള്‍. ആരാണ് കുറ്റക്കാര്‍? ഇതാരാണ് നിശ്ചയിക്കുന്നത്. അന്വേഷണം നടത്തിയാലല്ലെ അത് തെളിയുക. അന്വേഷിക്കലല്ലെ ഏജന്‍സികളുടെ കടമ. ജയിലില്‍ കിടന്നവരുടെ പട്ടിക ശനിയാഴ്ച മുഖ്യമന്ത്രി വിശദമായി പറയുന്നത് കേട്ടു. ഗാന്ധിജിയും നെല്സന് മണ്ടേലയും ഇഎംഎസും എ.കെ.ഗോപാലനും വരെ അതില്‍ പെടുന്നു. ഗാന്ധിജി ജയില്‍ കിടന്നത് സ്വര്‍ണം കടത്തിയതിനല്ല. ആടിനെ മോഷ്ടിച്ചതുകൊണ്ടുമല്ല. അക്കാര്യങ്ങള്‍ വിദമാക്കുവാന് ഇവിടെ മുതിരുന്നില്ല. എ.കെ.ഗോപാലനും ഇ.എംഎസും അട്ടിമറി നീക്കം നടത്തിയതിന്റെ പേരിലും ചൈനാചാരന്മാരായി പ്രവര്ത്തിച്ചുകൊണ്ടുമാണെന്ന സത്യം വിസ്മരിക്കരുത്. ഇപ്പോള്‍ ജയിലില്‍ കിടക്കുന്നവരെയും ഒരുപക്ഷേ കിടക്കാന്‍ പോകുന്നവരേയും ആശ്വസിപ്പിക്കാനാണോ ഇപ്പോള്‍ ജയില്‍ വിസ്താരം നടത്തിയത്? അതോ ശിവശങ്കരനേയും സ്വപ്നസുരേഷിനെയും മഹത്വവല്ക്കരിക്കാനോ? സിഎം രവീന്ദ്രനെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലത്രെ. നിയമവീഴ്ചയെ വെല്ലുവിളിക്കുകയല്ലെ മുഖ്യമന്ത്രി ചെയ്തത്. അന്വേഷണം നടത്തുന്ന ഏജന്‍സികളെ ഭീഷണിപ്പെടുത്തുന്നത് ഒരു മുഖ്യമന്ത്രിക്ക് ഭൂഷണമാണോ?
മുഖ്യമന്ത്രി ഇപ്പോള്‍ ജയിലിനെക്കുറിച്ച് സ്വപ്നം കാണുകയാണെന്ന് തോന്നുന്നു. അടുത്തമാസം സുപ്രീംകോടതി ലാവ്ലിന് കേസ് അങ്ങയെ അലട്ടുന്നുണ്ടോ? രവീന്ദ്രന് വായതുറന്നാല്‍ അപകടം മണക്കുന്നുണ്ടോ? എന്തൊക്കെയോ ചീഞ്ഞുനാറുന്നു എന്ന് വ്യക്തം. അതുകൊണ്ടാണോ ‘ആ പൂതി മനസ്സില്‍ വച്ചാല്‍ മതി’ എന്ന് മുഖ്യമന്ത്രിക്ക് പറയാന്‍ തോന്നിയത്.
സ്വര്‍ണക്കടത്ത് വിഷയം വന്നപ്പോള്‍ ജൂലായ് 8 ന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത് ഓര്‍ക്കുന്നുണ്ടല്ലോ. കേന്ദ്ര ഏജന്‍സികള്‍ വിശദമായി അന്വേഷിക്കണം. വമ്പന്മാരും കൊമ്പന്മാരുമുണ്ടെങ്കില് വെളിച്ചത്തുകൊണ്ടുവരണം എന്ന് പറഞ്ഞ മുഖ്യമന്ത്രിയാണ് പിണറായി. കേന്ദ്ര ഏജന്‍സി വന്നപ്പോള്‍ തട്ടിപ്പിന്റെ ചുരുള്‍ ഓരോന്നായി അഴിയുകയായിരുന്നു. മുഖ്യപ്രതി സ്വപ്നയുമായി ബന്ധപ്പെട്ട് ഇടപാടുകള്‍ നടത്തിയത് കൊമ്പന്മാരാണെന്ന് തെളിയുന്നു. കൂടുതല്‍ ചോദ്യം ചെയ്യലുണ്ടായാല്‍ മന്ത്രിമാരുടെ എണ്ണം എത്രയാണെന്നുപോലും നിശ്ചയമില്ല. സ്പീക്കറുടെ പേര് ഏജന്‍സികളുടെ പക്കലുണ്ടെന്ന് സ്പീക്കര്‍ തന്നെ പറഞ്ഞു. ഏജന്‍സികള്‍ വരട്ടെ അപ്പോള്‍ അറിയുന്നതെല്ലാം പറയാമെന്നദ്ദേഹം പറഞ്ഞിട്ടുണ്ട്. സ്ഥാനപേര് സ്പീക്കറാണെങ്കിലും ചട്ടപ്രകാരം സഭയിലെ സ്പീച്ചുകള്‍ നിയന്ത്രിക്കുകയാണ് സ്പീക്കറുടെ മുഖ്യചുമതല. അതുകൊണ്ടാകാം വാര്‍ത്താ സമ്മേളനം തപ്പിത്തടഞ്ഞ് പൂര്‍ത്തിയാക്കേണ്ടിവന്നത്. സ്വപ്നയ്ക്ക് സ്പീച്ചിലല്ല സ്കോച്ചിലാണ് ശ്രദ്ധ. ബിജു രമേശ് അത് പരസ്യമായി പറയുകയും ചെയ്തു. സ്കോച്ചിനുവേണ്ടി തന്നെ പലതവണ സ്വപ്ന ഫോണ്‍ ചെയ്തിട്ടുണ്ടെന്നും ബാറുടമയായ ബിജു വെളിപ്പെടുത്തിയിട്ടുണ്ട്.
ബിജെപി ഏജന്‍സികളെ ഉപയോഗിച്ച് ഭരണം പിടിക്കാനും നിലനിര്‍ത്താനും ശ്രമിക്കുമത്രേ. ഇമ്മാതിരി തട്ടിവിടല്‍ മുഖ്യമന്ത്രിക്ക് പറയാമോ? തെരഞ്ഞെടുപ്പില്‍ അന്വേഷണ ഏജന്‍സികളാണോ വോട്ടുചെയ്യുന്നത്? വോട്ടര്‍മാരെ ഇങ്ങിനെ അവഹേളിക്കാമോ? തട്ടിമൂളിക്കലിനിടയിലാണ് കേരളത്തില്‍ കോവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന് പ്രസ്താവിച്ചത്. വോട്ടെടുപ്പിന് ഒരു ദിവസം മാത്രം അവശേഷിക്കേ ഇമ്മാതിരി വര്‍ത്തമാനം പറയുന്നതിനെ എങ്ങനെ വിശേഷിപ്പിക്കും?
മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുഡിഎഫും ബിജെപിയും തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി. കോവിഡ് വാക്സിന് എങ്ങനെ വിതരണം ചെയ്യണമെന്നോ, എത്ര ഡോസുകള്‍ ലഭിക്കുമെന്നോ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കാത്ത സാഹചര്യത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനാണ് മുഖ്യമന്ത്രി മുന്‍കൂട്ടി പ്രഖ്യാപനം നടത്തിയതെന്ന് വ്യക്തമാണ്.
എംഎല്‍എ കെ സി ജോസഫും പരാതി നല്കി. തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ പതിവ് വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. ആരില്‍നിന്നും പണം ഈടാക്കില്ലെന്നും എത്രത്തോളം വാക്സിന് ലഭ്യമാകുമെന്ന് അറിയില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നു. തെരഞ്ഞെടുപ്പ് ചട്ടത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിവില്ലെന്നത്. അങ്ങനെയെങ്കില്‍ കേരളീയര്‍ക്ക് അപമാനമാണത്. വകതിരിവില്ലാത്ത ഭരണാധികാരി എന്തെന്ത് ദോഷം പ്രജകള്‍ക്ക് വരുത്തിവയ്ക്കുമെന്ന് പറയേണ്ടതില്ലല്ലോ. മുഖ്യമന്ത്രി പറഞ്ഞതെല്ലാം പതിരാണ്. സാധാരണപറയാറുണ്ട്. കൊപ്ര നന്നായി ഉണക്കിയാല്‍ നല്ല വെളിച്ചെണ്ണ ലഭിക്കുമെന്ന്. പിണറായി വിജയന് ഉണക്കുന്നതും ആട്ടുന്നതും കൊപ്രയല്ല പിണ്ണാക്കായി പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: