സംസ്ഥാനത്തെ നാല് ജില്ലകളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്ന ദിവസം കൊവിഡ് വാക്സിന് സൗജന്യമായി കേരളത്തില്‍ വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നശേഷം സര്‍ക്കാര്‍ തലത്തില്‍ സൗജന്യങ്ങളും ആനുകൂല്യങ്ങളും പ്രഖ്യാപിക്കരുതെന്ന നിര്‍ദേശം പാലിക്കാതെയാണ് വാര്‍ത്താ സമ്മേളനം വിളിച്ച് മുഖ്യമന്ത്രി വാക്സിന് സൗജന്യമായി നല്‍കുമെന്ന വാഗ്ദാനം നല്‍കിയിരിക്കുന്നത്. വാക്സിന് വിതരണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്തിമ തീരുമാനം കൈകൊള്ളും മുന്‍പ് തന്നെ വിതരണ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മുഖ്യമന്ത്രി. ഇതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ഉണ്ടോയെന്ന് വ്യക്തമാക്കണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിടുമെന്ന് വ്യക്തമായ സാഹചര്യത്തില്‍ വാഗ്ദാനങ്ങള്‍ നിരത്തി ജനങ്ങളെ കബളിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. സംസ്ഥാന ആരോഗ്യ വകുപ്പ് ഇക്കാര്യത്തില്‍ ഒരു നിര്‍ദേശമോ തീരുമാനമോ എടുത്തില്ലെന്നാണ് വ്യക്തമാകുന്നത്.
ആരോഗ്യ വകുപ്പിന്റെ പ്രതികരണവും വന്നിട്ടില്ലാത്തതിനാല്‍ രാഷ്ട്രീയ നേട്ടം വെച്ചുള്ള പ്രഖ്യാപനം മാത്രമാണ് മുഖ്യമന്ത്രിയുടേതെന്ന് വ്യക്തം. ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകരടക്കമുള്ള ഒരു കോടിയോളം പേര്‍ക്ക് സൗജന്യമായി വാക്സിന് നല്‍കുമെന്ന കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുമ്പോഴാണ് സംസ്ഥാനത്ത് ഒരു മുന്നൊരുക്കവും പൂര്‍ത്തിയാക്കാതെ വാക്സിന് സൗജന്യമായി കേരളത്തില്‍ നല്‍കുമെന്ന വാഗ്ദാനം മുഖ്യമന്ത്രി നടത്തുന്നത്. വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി രണ്ട് ലക്ഷം കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രഖ്യാപനത്തിന്റെ നിജസ്ഥിതി നേരിട്ടറിഞ്ഞിട്ടുള്ളതാണ് കേരളത്തിലെ ജനങ്ങള്‍. ഇത്തരം പൊള്ളയായ വാഗദാനം ജനങ്ങള്‍ തിരിച്ചറിയും. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്. ഉചിതമായ നടപടി കമ്മിഷന് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: