തിരുവനന്തപുരം: വിശപ്പടക്കാന്‍ പിഞ്ഞുകുഞ്ഞുങ്ങള്‍ മണ്ണുതിന്ന സ്ഥലത്തിനടുത്തു തന്നെ ഭക്ഷണത്തിനായി അമ്മയും മൂന്ന് പിഞ്ച് മക്കളും യാചിക്കുന്നു. തലസ്ഥാനനഗരത്തിന്റെ ഹൃദയ ഭാഗത്താണ് വീണ്ടും വിശപ്പിന്റെ നിലവിളി. മണ്ണു തിന്നത് കൈതമുക്കിലായിരുന്നുവെങ്കില്‍ ഭിക്ഷാടനം വെട്ടുകാടാണ്.
വെട്ടുകാട് ബാലനഗറില്‍ ജോബായ് സ്മാരകത്തിന് സമീപം താമസിക്കുന്ന മുപ്പത്തിയഞ്ചുകാരിയായ റീനയും മൂന്ന് മക്കളുമാണ് ഭക്ഷണത്തിനായി യാചിക്കുന്നത്. ഭര്‍ത്താവ് പൊടിക്ക ഒരുവര്‍ഷം മുമ്പ് മരിച്ചു. ഇതോടെയാണ് കുഞ്ഞുങ്ങളുടെ വിശപ്പകറ്റാന്‍ ഭക്ഷണത്തിനായി യാചിക്കാന്‍ തുടങ്ങിയത്.
ജോലിക്ക് വേണ്ടി അലഞ്ഞിട്ടും ആരും ജോലിയും നല്‍കിയില്ല. മാത്രവുമല്ല പിഞ്ച് കുഞ്ഞുങ്ങളെ വീട്ടില്‍ തനിച്ചാക്കി ഒത്തിരി സമയം മാറി നില്‍ക്കാനും റീനയ്ക്ക് കഴിയില്ല. ഒടുവില്‍ കുഞ്ഞുങ്ങളുടെ ജീവന് നിലനിര്‍ത്താന്‍ റീന സ്വയം തെരഞ്ഞെടുത്തതായിരുന്നു ഭക്ഷണത്തിന് വേണ്ടിയുള്ള യാചന.
രാവിലെ 8 മണിയോടെ വീട്ടില്‍ നിന്നും ഇറങ്ങും. വീടുകളില്‍ നിന്നും വീടുകളിലേയ്ക്ക് . കിട്ടുന്ന ദോശയായാലും പുട്ടായാലും ശേഖരിച്ച് തിരിച്ചെത്തും. കുഞ്ഞുങ്ങള്‍ക്കും കൊടുത്ത് അതിലൊരു പങ്ക് റീനയും കഴിക്കും. ഉച്ചയ്ക്കും രാത്രിയിലും ഇതുതന്നെ ആവര്‍ത്തിക്കുന്നു.
ചില ദിവസങ്ങളില്‍ മനസ്സറിഞ്ഞ് ആരെങ്കിലും കുറച്ച് അരികൊടുക്കും. അത് കഞ്ഞിവെച്ച് നാലുപേരും വിശപ്പകറ്റുമെന്ന് റീന പറഞ്ഞു.
പലപ്പോഴും യാചിച്ച് തന്റെ മക്കള്‍ക്ക് വിശപ്പകറ്റാന്‍ കൊണ്ടുവരുന്ന ഭക്ഷണം പഴകിയതാണെന്നതാണ് വസ്തുത. റീന സ്ഥിരം ഭക്ഷണത്തിന് വേണ്ടി എത്തുമെന്ന് പ്രദേശവാസികളായ ചിലര്‍ക്കൊക്കെ അറിയാം. അത്തരം വീടുകളില്‍ മാലിന്യമായി കളയേണ്ട ഭക്ഷണം കളയില്ല. ഫ്രിഡ്ജിലോ അല്ലാതെയോ സൂക്ഷിച്ച് വെച്ചിരിക്കും. റീന എത്തുമ്പോള്‍ കൊടുക്കാനായി.
വിശപ്പിന് മുന്നില്‍ പഴയതോ പുതിയതോ എന്ന വിവേചനമില്ല. എന്തായാലും കുഞ്ഞുങ്ങളുടെ വിശപ്പകറ്റണം. ഇതിനിടയില്‍ വീടുകള്‍ വൃത്തിയാക്കാനും തുണി അലക്കാനുമൊക്കെ ചിലര്‍ വിളിക്കും. ജോലി കഴിയുമ്പോള്‍ 100 രൂപ നല്‍കും.
ദുരവസ്ഥയ്ക്ക് എന്ന് പരിസമാപ്തിയുണ്ടാകുമെന്ന് പോലും റീനയ്ക്കറിയില്ല. ജീവിക്കുക മാത്രമാണ് മുന്നിലുള്ളത്. എല്ലാവര്ക്കും സ്വന്തമായി കിടപ്പാടം നല്‍കിയെന്നും കേരളം വികസനത്തിന്റെ കുതിപ്പിലേയ്ക്കാണെന്നുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ മുറവിളികള്‍ക്കിടയിലാണ് റീനയുടെ ജീവിതം എരിഞ്ഞടങ്ങുന്നത്
രാജേഷ് ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: