മക്കളേ,
സൃഷ്ടിയും സ്രഷ്ടാവും രണ്ടല്ല, ഒന്നു തന്നെ എന്നാണ് സനാതനധര്‍മ്മം പഠിപ്പിക്കുന്നത്. അങ്ങനെ പറയാന്‍ കാരണമെന്താണ്? സ്രഷ്ടാവായ ഈശ്വരനില്‍നിന്ന് അന്യമായി ഒന്നും ഇല്ലാത്തതിനാല്‍ സൃഷ്ടിയും സ്രഷ്ടാവും ഒന്നുതന്നെ. എല്ലാ സൃഷ്ടിയും ഈശ്വരനില്‍നിന്നാണ് ഉണ്ടാകുന്നത്.
ഈശ്വരനെന്നാല്‍ ബോധം തന്നെയാണ്. നിശ്ചലമായ ബോധത്തെ സനാതനധര്‍മ്മത്തില്‍ ബ്രഹ്മമെന്നു വിളിക്കുന്നു. അതേ ബ്രഹ്മം തന്നെ സൃഷ്ടിക്കു കാരണമാകുമ്പോള്‍ അതിനെ ഈശ്വരനെന്നു വിളിക്കുന്നു. ആകാശത്തിനപ്പുറത്ത് സ്വര്‍ണ്ണസിംഹാസനത്തിലിരിക്കുന്ന വ്യക്തിയല്ല ഈശ്വരന്. ഈശ്വരന് എങ്ങും നിറഞ്ഞ ചൈതന്യമാണ്.
സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള ബന്ധത്തെ കാണിക്കാന്‍ ശാസ്ര്തങ്ങള്‍ പല ഉദാഹരണങ്ങള്‍ നല്‍കാറുണ്ട്. പല ആകൃതിയിലും വലുപ്പത്തിലുമുള്ള സ്വര്‍ണ്ണാഭരണങ്ങളുണ്ടെങ്കിലും അവയെല്ലാം സ്വര്‍ണ്ണം തന്നെയാണല്ലോ. സ്വര്‍ണ്ണത്തില്‍ കമ്മലും മാലയുമുണ്ട്. കമ്മലിലും മാലയിലും സ്വര്‍ണ്ണവുമുണ്ട്. അതുപോലെ സൃഷ്ടിയില്‍ ഈശ്വരനുണ്ട്. ഈശ്വരനില്‍ സൃഷ്ടിയും ഉണ്ട്. ഈശ്വരനും പ്രപഞ്ചവും രണ്ടല്ല, ഒന്നാണ്.
‘മനുഷ്യനും പട്ടിയും പൂച്ചയുമൊക്കെ സൃഷ്ടിയില്‍ പെട്ടതാണല്ലോ. ഈശ്വരനെപ്പോലെ സര്‍വ്വജ്ഞതയും സര്‍വ്വശക്തിത്വവും ഇവയ്ക്കൊന്നും ഇല്ലല്ലോ. അപ്പോള്‍ സൃഷ്ടിയും സ്രഷ്ടാവും ഒന്നാണെന്നു പറഞ്ഞാല്‍ എങ്ങനെ ശരിയാകും?’, എന്നു ചിലര്‍ ചോദിക്കാറുണ്ട്. സൃഷ്ടിയും സ്രഷ്ടാവും ഒന്നാണെന്നു പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് അടിസ്ഥാനപരമായി സൃഷ്ടിയും സ്രഷ്ടാവും ഒന്നാണെന്നാണ്. ഭൂമിയില്‍ പലതരം ജലാശയങ്ങള്‍ കാണപ്പെടുന്നു. അതിവിശാലമായ സമുദ്രമുണ്ട്, ഉള്‍ക്കടലുകളുണ്ട്, തിരമാലകളുണ്ട്, കൊച്ചോളങ്ങളുണ്ട്, കായലുകളുണ്ട്, നദികളുണ്ട്, അരുവികളുണ്ട്, വെള്ളച്ചാട്ടങ്ങളുണ്ട്, വെള്ളത്തുള്ളികളുമുണ്ട്. ഇവയെല്ലാം തമ്മില്‍ ബാഹ്യമായി വളരെയേറെ വ്യത്യാസങ്ങളുണ്ട്. എന്നാല്‍ അടിസ്ഥാനപരമായി എല്ലാം വെള്ളം തന്നെയാണ്. ഈ അര്‍ത്ഥത്തിലാണ് സൃഷ്ടിയും സ്രഷ്ടാവും ഒന്നാണെന്നു പറയുന്നത്. ഒരേ ഈശ്വരന് തന്നെ സര്‍വ്വജീവജാലങ്ങളിലും ആത്മാവായി കുടികൊള്ളുന്നു. സൃഷ്ടിക്കുമുമ്പും സൃഷ്ടി ഉള്ളപ്പോഴും സൃഷ്ടിക്കുശേഷവും ഈശ്വരന് മാത്രമാണുള്ളത്. ഈശ്വരനല്ലാതെ മറ്റൊന്നുമില്ല എന്നാണ്
ഒരു സംവിധായകന് ഒരു നാടകം സംവിധാനം ചെയ്തു. അനേകം നടീനടന്മാരുള്ള ആ നാടകം രംഗത്ത് അരങ്ങേറി. നാടകം നടന്നുകൊണ്ടിരിക്കുമ്പോള്‍ കാണികളിലൊരാള്‍ സംവിധായകനെ അന്വേഷിച്ച് അണിയറയിലേക്കുചെന്നു. എന്നാല്‍ സംവിധായകനെ എങ്ങും കണ്ടില്ല. കാരണം സംവിധായകന് തന്നെയായിരുന്നു നായകവേഷത്തില്‍ അഭിനയിച്ചിരുന്നത്. ആ നടന്റെ വേഷത്തിനുള്ളില്‍ സംവിധായകന് മറഞ്ഞുനിന്നു. ഇതുപോലെ സൃഷ്ടിയുടെ പിന്നില്‍ സ്രഷ്ടാവായ ഈശ്വരനും മറഞ്ഞുനില്‍ക്കുന്നു. ഇവിടെ പ്രധാനനടന്റെ വേഷം മാത്രമാണ് സംവിധായകന് സ്വീകരിച്ചത്. എന്നാല്‍ ഈ സൃഷ്ടിയിലെ എല്ലാവേഷങ്ങളും ഈശ്വരന്റേതുതന്നെ. ഓരോ ജീവനും യഥാര്‍ത്ഥത്തില്‍ ഈശ്വരന് തന്നെ. എല്ലാം ഒരേ ആത്മാവു തന്നെ.
പ്രപഞ്ചത്തെ സൃഷ്ടിച്ചത് ഈശ്വരനാണെങ്കില്‍ ഈശ്വരനെ സൃഷ്ടിച്ചതാരാണെന്ന് ചിലര്‍ ചോദിക്കാറുണ്ട്. ഈശ്വരന് രണ്ടില്ലാത്ത ഏകവസ്തു ആയതിനാല്‍ അതിന് മറ്റൊരു കാരണത്തിന്റെ ആവശ്യമില്ല. സൃഷ്ടിയില്‍ എന്തെല്ലാം വൈവിധ്യമുണ്ടെങ്കിലും അടിസ്ഥാനപരമായി എല്ലാം ഈശ്വരന് തന്നെ. നാനാത്വത്തില്‍ ഈശ്വരനാകുന്ന ഏകത്വമുണ്ട്. ഏകത്വമാകുന്ന ഈശ്വരനില്‍ നാനാത്വമാകുന്ന പ്രപഞ്ചവുമുണ്ട്. എന്നാല്‍ അതു മനസ്സിലാക്കാതെ നമ്മള് ബാഹ്യലോകത്തിന്റെ വ്യത്യാസങ്ങള്‍ കണ്ടു ഭ്രമിക്കുന്നു.
കാശിയിലെ രാജകുമാരനു വിവാഹപ്രായമായി. ഒരു ദിവസം കൊട്ടാരത്തിലെ ഒരു മുറിയില്‍, ചുവരില്‍ അതിസുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ ചിത്രം തൂക്കിയിട്ടിരിക്കുന്നതു രാജകുമാരന് കണ്ടു. കണ്ടമാത്രയില്‍ കുമാരന് അവളോടു ആകര്‍ഷണം തോന്നി. അവള് ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവളെ വിവാഹം കഴിക്കണമെന്നാഗ്രഹിച്ചു. അവളുമായി ഒന്നുചേരാന്‍ കഴിയാത്തതില്‍ കുമാരന് വളരെ ദുഃഖിച്ചു. കാര്യങ്ങള്‍ ഗ്രഹിച്ച രാജാവ് പുത്രനോടു പറഞ്ഞു, ‘മകനേ, അതു നിന്റെതന്നെ ചിത്രമാണ്. നിന്റെ ബാല്യകാലത്ത് ഒരു നാടകത്തില്‍ ആ പെണ്‍കുട്ടിയുടെ രൂപത്തില്‍ നീ അഭിനയിച്ചിരുന്നു. നിന്റെ ആ പെണ്‍വേഷമാണ് ആ ചിത്രത്തിലുള്ളത്. ആ കുട്ടി യഥാര്‍ത്ഥത്തില്‍ നീ തന്നെയാണ്.’ ഇതുപോലെ വാസ്തവത്തില്‍ ഈ പ്രപഞ്ചം മുഴുവനും നമ്മള് തന്നെയാണ്. നമ്മള് ആ ഈശ്വരചൈതന്യം തന്നെ.
സ്വന്തം വിരല്‍ കണ്ണില്‍ത്തട്ടിയാല്‍ നമ്മള് ക്ഷമിച്ചു കണ്ണിനെ തലോടും. കാരണം വിരലും കണ്ണും നമ്മില്‍നിന്നു ഭിന്നമല്ല. അതുപോലെ മറ്റുള്ളവരില്‍ നമ്മളെത്തന്നെ കണ്ട് സ്നേഹിക്കുക, സേവിക്കുക എന്നതാണു നമ്മുടെ ധര്‍മ്മം. സകലതിലും നിറഞ്ഞിരിക്കുന്നത് ഒരേ ഈശ്വരന് തന്നെ എന്ന ബോധത്തോടെ ഏറ്റവും ചെറിയ ജീവിയെപ്പോലും സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്ന ഭാവം നമ്മള് വളര്‍ത്തിയെടുക്കണം. അങ്ങനെ ഭേദബുദ്ധി വിട്ട് എല്ലാറ്റിനെയും ആത്മാവായിക്കണ്ട് സ്നേഹിച്ച മഹാത്മാക്കള്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: