തലേ രാത്രി സുഹൃത്തിന്റെ മകളുടെ കല്ല്യാണത്തിന് പോയി മൃഷ്ടാന്നം കഴിച്ചിട്ട് വീട്ടില്‍ കയറി കതകടച്ച വിഖ്യാത കര്‍ഷക നേതാവ് അരവിന്ദ് കേജരിവാളിനെ ദല്‍ഹി പോലീസ് തടവിലാക്കിയെന്ന് റിപ്പോര്‍ട്ട്. മാലോകരെയെല്ലാം വിളിച്ചുകൂട്ടി കേജരിയുടെ വീട്ടിനുമുന്നില്‍ ആപ്പിന്റെ കുത്തിയിരിപ്പ്. സിസോദിയയുടെ പ്രതിഷേധം… കേജരി കപ്പലണ്ടിയും കൊറിച്ച് ടിവിയില്‍ പടം കണ്ടിരിക്കുമ്പോഴായിരുന്നു പുറത്ത് ആപ്പിന്റെ കര്‍ഷക കലാപം. പലവഴിക്കാണ് നാടകങ്ങള്‍. രാഹുല്‍ മുതല്‍ യെച്ചൂരി വരെയുള്ള മോദി വിരുദ്ധരെല്ലാം കര്‍ഷകനേതാക്കന്മാരായി കുപ്പായമിട്ട കാലമാണിത്. സമരത്തിന്റെ ഏഴയലത്ത് അടുപ്പിക്കില്ലെന്നറിഞ്ഞിട്ടും അതിനു ചുറ്റും നാവ് നുണഞ്ഞ് നടപ്പാണ് നാടകക്കമ്പനിക്കാര്‍. അതാണെങ്കില്‍ ഇപ്പോഴൊന്നും തുടങ്ങിയതല്ല താനും. ഗുജറാത്തില്‍ നിന്ന് നരേന്ദ്രമോദി ഭാരതത്തിന്റെയാകെ രാഷ്ട്രീയാധികാരത്തിലേക്ക് പാര്‍ലമെന്റിന്റെ പടിക്കെട്ടില്‍ ശിരസ് തൊട്ട് നമസ്കരിച്ച് നടന്നുകയറിയ നാള് മുതല്‍ പണി നഷ്ടമായവരുടെ ബാലെയാണ് രാജ്യത്ത് നടന്ന സമരങ്ങളുടെ മൊത്തം കഥ.
അവാര്‍ഡ് വാപ്പസിയായിരുന്നു ഒരുകാലം. ജെഎന്‍യുവില്‍ മഹിഷാസുര രക്തസാക്ഷിത്വദിനാചരണവും അര്‍ധരാത്രിയില്‍ ലൈബ്രറിയില്‍ പോകാനുള്ള സ്വാതന്ത്ര്യത്തിനായി സ്വതന്ത്രതാസംഗ്രാമവും പിന്നാലെ എത്തി. കനയ്യയും പിള്ളേരും ‘ടുക്കടേ ടുക്കടേ’ എന്ന് ആര്‍ത്തുവിളിച്ചു. രോഹിത് വെമുലയും ദാദ്രിയും ഫരീദാബാദും ബീഫ് ഫെസ്റ്റിവലും ജുനൈദും ഒക്കെക്കൂടി മോദി സര്‍ക്കാരിനെ കുളിപ്പിച്ചു കിടത്തി. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ രണ്ടും മൂന്നും വര്‍ഷത്തെ കോഴ്സിന് അഡ്മിഷനെടുത്തിട്ട് എട്ട് പത്ത് വര്‍ഷമായി ഉണ്ടുറങ്ങി കഴിഞ്ഞവന്റെ സമരമായിരുന്നു അടുത്ത എപ്പിസോഡ്. ചെണ്ട കൊട്ടിയും പാട്ട് പാടിയും മോദിക്കെതിരെ കലിതുള്ളിയിളകുകയായിരുന്നു പട ഒന്നാകെ. നോട്ട് റദ്ദാക്കിയ നവംബര്‍ 8 ന് രാത്രിമുതല്‍ സാമ്പത്തിക വിദഗ്ധന്‍മാരത്രയും ഉറഞ്ഞുതുള്ളി. സമരക്കൊടുങ്കാറ്റായിരുന്നു കുറേക്കാലം. അതിനിടയില്‍, കര്‍ഷകര്‍ കാല്‍നടയായി മുംബെയിലേക്ക് നടന്നതായിരുന്നു പിന്നെ രോമാഞ്ചമുണ്ടാക്കിയത്. പാവപ്പെട്ടവന്റെ വിണ്ടുകീറിയ പാദങ്ങള്‍ പടമാക്കി ‘ആഫ്റ്റര്‍ മോദി പിണറായി’ എന്ന് ആത്മരതി കൊണ്ട് വിജൃംഭിച്ച പോരാളി ഷാജിമാരുടെ കാലമായിരുന്നു അത്.
സിഎഎയുടെ പേരിലായിരുന്നു അടുത്ത മാമാങ്കം. മുസ്ലീങ്ങളെ മൊത്തത്തില്‍ മോദി നാട് കടത്താന്‍ പോകുന്നു എന്ന് ഉളുപ്പില്ലാതെ പുരപ്പുറത്ത് കയറി പ്രസംഗിച്ചവര്‍ ഉണ്ടാക്കിയ പൊല്ലാപ്പ് ചില്ലറയല്ല. ഷഹീന്‍ബാഗില്‍ റോഡ് തടഞ്ഞ് മാസങ്ങളോളം കുത്തിയിരുന്നു. സമരക്കാര്‍ക്ക് സമയാസമയം ഭക്ഷണമടക്കമുള്ള സൗകര്യങ്ങള്‍ ലഭിച്ചു. കത്വയിലെ പെണ്‍കുട്ടിയെപ്പോലെ ഹഥ്റാസിലെ പെണ്‍കുട്ടിയും ഒരേ പോലെ മോദി വിരുദ്ധ കലാപകാരികള്‍ ആവേശമായതായിരുന്നു അടുത്ത കാലം. സമരങ്ങള്‍ ഉണ്ടാക്കപ്പെടുന്നതാണെന്ന തിരിച്ചറിവില്‍ ഓരോ സമരത്തിനൊടുവിലും വന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മോദിയെ വാരിപ്പുണര്‍ന്നു. തോല്പിക്കാന് അവര്‍ കഥകള്‍ മെനഞ്ഞും കള്ളം പറഞ്ഞും പണിപ്പെട്ടിട്ടും തോല്‍ക്കാതിരിക്കാന്‍ ജനം സ്വയം സജ്ജരായി. ജനങ്ങളെ ഒന്നാകെ പുച്ഛിച്ച് വോട്ടിങ് യന്ത്രത്തെ പഴി പറയുകയായിരുന്നു പിന്നെ പരിപാടി. എവിടെ പരിപാടി നടത്തിയാലും ഒടുവില്‍ ജയിക്കുന്നത് മോദിയാകുന്നതിന്റെ തന്ത്രം മാത്രം അവര്‍ക്കിനിയും മനസ്സിലായിട്ടില്ല.
കര്‍ഷകസമരത്തിനിറങ്ങിയ സംഘടനകള്‍ക്ക് ഭാരത് ബന്ദ് പകല്‍ പകുതി നേരമായിരുന്നു. കര്‍ഷകരുടെ പേരും പറഞ്ഞ് മുതലക്കണ്ണീരൊഴുക്കിയവര്‍ക്ക് പക്ഷേ അതുപോരാ. പൊതുമുതല്‍ നശിപ്പിച്ചും കല്ലെറിഞ്ഞും തീവെച്ചും റോഡ് തടഞ്ഞും സമരം കൊഴുപ്പിക്കുന്നതിലായിരുന്നു അവര്‍ക്ക് ഉന്നം. പഞ്ചാബിലെ കാര്‍ഷിക ദല്ലാളന്മാര് അഴിച്ചുവിട്ട സമരത്തിന് ദേശീയമുഖമുണ്ടെന്ന് വരുത്തലായിരുന്നു ഉന്നം. സാധാരണ ഗതിയില്‍ ബന്ദ്, ഹര്‍ത്താല്‍ എന്നൊക്കെ കേട്ടാല്‍ പണിക്കു പോകാതെ പുരയ്ക്കുള്ളില്‍ ടിവിയും കണ്ട് ദിവസം കഴിക്കുന്ന അപൂര്‍വ ഇനം പ്രബുദ്ധര് കേരളത്തിലാണുള്ളത്. മറ്റുള്ളിടത്ത് ബന്ദ് ബന്ദിന്റെ വഴിക്കും ജനം ജനത്തിന്റെ വഴിക്കുമാണ്. ഇക്കുറി കേരളത്തില്‍ തെരഞ്ഞെടുപ്പായതിനാല്‍ ഹര്‍ത്താല്‍ ഫാന്‍സ് അസോസിയേഷനുകാര്‍ ജനാധിപത്യത്തിന്റെ ബലപരീക്ഷണത്തിലായിരുന്നു.
കര്‍ഷകരുടേതെന്ന് പറയപ്പെടുന്ന സമരത്തെ നേരിട്ട് അഭിസംബോധന ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. കാര്‍ഷികബില്ലിലെന്ന പോലെ ഇടനിലക്കാരെ പൂര്‍ണമായും ഒഴിവാക്കി ഒരു ചര്‍ച്ച. സമരത്തിന്റെ ബ്രോക്കര്‍മാരാകാന്‍ കച്ചകെട്ടിയിറങ്ങിയ രാഹുലും പ്രിയങ്കയും മുതല്‍ കേരളത്തില്‍ മാത്രം കാണപ്പെടുന്ന സിപിഎം നേതാക്കന്മാര് വരെയുള്ളവര്‍ സമരത്തിന് പുറത്ത് പുറമ്പോക്കില്‍ അലഞ്ഞുതിരിയുകയാണ്. മോദിക്കെതിരെ ജനരോഷം എന്ന കലക്കന്‍ തലക്കെട്ടിന് ചുറ്റും ഇക്കൂട്ടര്‍ വട്ടം ചുറ്റുന്നത് ഇതാദ്യമൊന്നുമല്ല. കേരളത്തിലെ ഒരു കൂട്ടം മാധ്യമങ്ങള്‍ പറഞ്ഞതെല്ലാം നടന്നിരുന്നെങ്കില്‍ എന്നേ മോദി സര്‍ക്കാര്‍ നിലം പരിശായേനെ. ആവിഷ്കാര സ്വാതന്ത്ര്യവും ജെഎന്‍യുവിലെ സമര പ്രഹസനവുമായിരുന്നു പറഞ്ഞതത്രയും പച്ചക്കള്ളമാണെന്ന് പകല്‍ പോലെ വ്യക്തമായിട്ടും പാഠം പഠിക്കാതെ, ‘കര്‍ഷക സമരത്തില്‍ ആടിയുലഞ്ഞ് സര്‍ക്കാരെ’ന്ന് വട്ടമിരുന്ന് വാര്‍ത്ത പടയ്ക്കുകയാണവര്‍.
കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്കിരുന്ന 35 കര്‍ഷകനേതാക്കളില്‍ 32 പേരും പഞ്ചാബികളാണ്. പഞ്ചാബിയല്ലാതെ മറ്റ് ഭാഷകളറിയാത്തവര്‍. അവര്‍ക്കായി പരിഭാഷകനെ വെച്ചാണ് ചര്‍ച്ച നടന്നതും നടക്കുന്നതും. പ്രശ്നം അവിടെ മാത്രമൊതുങ്ങുന്നതാണെന്ന് സാരം. അത് കൈകാര്യം ചെയ്യാന്‍ ബാലെക്കാരുടെ നാടകങ്ങള്‍ ആവശ്യമില്ലെന്ന് സമരം ചെയ്യാനിറങ്ങിയവരും സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്. ഇനിയും വീട്ടുതടങ്കല്‍ നാടകമാടാന് പദ്ധതിയുള്ളവര്‍ക്കുള്ള മുന്നറിയിപ്പാണ് രാജസ്ഥാനില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ്. അതും പോരാഞ്ഞ് വല്ലാണ്ട് തിമിര്‍ക്കുന്നവര്‍ക്കുള്ള കേരള മോഡല്‍ മറുപടി പിന്നാലെ വരുന്നുണ്ട്. പുതിയ നാടകത്തിനുള്ള സമയമായെന്ന് സാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: