ബ്രേക്കിങ് ന്യുസിലേക്ക് അയാള്‍ ആകാംക്ഷയോടെ നോക്കി. പിന്നെ റിമോട്ടില്‍ പെരുവിരലമര്‍ത്തി പൊടുന്നനെ മറ്റൊരു ചാനലിലേക്ക് ചാടി. അവിടെ അതേ വാര്‍ത്ത ബിഗ് ബ്രേക്കിങ് ആണ്. അവതാരകന്റെ ചോദ്യങ്ങളും റിപ്പോര്‍ട്ടറുടെ വിശദീകരണത്തിനുമൊപ്പം വാട്ടര്‍മാര്‍ക്കില്‍ മിന്നിമറയുന്ന ദൃശ്യങ്ങളും ചില രേഖകളും. കുറച്ച് സമയം മിഴിച്ചിരുന്ന ശേഷം പൊടുന്നനെ ന്യുസ് ചാനലുകളില്‍ നിന്ന് പ്രോഗ്രാം ചാനലുകളിലേക്ക് ഒരു നിശ്വാസത്തോടെ അയാള്‍ എടുത്തു ചാടി. ജഗതിയും ലാലേട്ടനും തകര്‍ക്കുന്ന കോമഡി സീനില്‍ കണ്ണുറപ്പിച്ച് സോഫയിലേക്ക് ചാഞ്ഞു. പലവട്ടം കണ്ടതാണെങ്കിലും ചിരി പിടിച്ചുനിര്‍ത്താനാകാതെ അയാള്‍ കുടുകുടാ ചിരിച്ചു.
അടുക്കളയില്‍ നിന്നും ഭാര്യ എന്തോ പറഞ്ഞതായി തോന്നി. തോന്നിയതാണോ യഥാര്‍ത്ഥ്യമാണോ എന്ന ചിന്തയ്ക്ക് അത്രയൊന്നും സമയം കൊടുക്കാതെ അയാള്‍ പിന്നെയും സോഫയിലേക്ക് ചാഞ്ഞു.
”എന്തൊരു സൗണ്ടാ മനുഷ്യ ഒന്നു കുറച്ചു കൂടെ…”
ഇടയ്ക്കെപ്പോഴോ അടുക്കളയില്‍ നിന്നും കിതച്ചെത്തി വാതിലിലൂടെ തല അകത്തേക്കിട്ട് അവള് പരിഭവപ്പെട്ടപ്പോള്‍ അയാള്‍ ടിവിയില്‍ നിന്നും കണ്ണെടുക്കാതെ റിമോര്ട്ടില് വിരലമര്‍ത്തി.
കോമഡി സീനുകളിലേക്ക് പരസ്യങ്ങള്‍ കയറി വന്ന ഇടനേരത്തില്‍ റിമോട്ടിലെ വിരലനക്കം കൊണ്ട് പ്രണയ ഗാനത്തിന്റെ ഊഷ്മളതയിലേക്കും അയാള്‍ ക്ഷണനേരം കൊണ്ട് ഊളിയിട്ടു. അപ്പുറത്തെ മുറിയില്‍ നിന്നും കയ്യിലെന്തൊക്കെയോ വാരിയെടുത്ത് മകള്‍ മുന്നിലേക്കെത്തിയത് അപ്പോഴാണ്. ടീപ്പോയില്‍ നിന്നും പത്രവും മാസികയുമെടുത്ത് മറ്റൊരു സ്ഥലത്തേക്ക് തിരക്കിട്ട് മാറ്റിവച്ച് മകള്‍ അധികാരത്തോടെ റിമോട്ടിന്റെ ചുകന്ന ബട്ടനിലേക്ക് വിരലമര്‍ത്തി. കാല്‍പ്പനികതയുടെ കടുംനിറമുള്ള ലോകത്തു നിന്നും പൊടുന്നനെ നിലം പതിച്ചതിന്റെ നിരാശയോടെ അയാള്‍ മകളെ നോക്കി.
”അച്ഛാ എന്റെ കുക്കറി ഷോ ഷൂട്ട് ചെയ്യണം…”
ടീപ്പോയിലേക്ക് പ്ലാസ്റ്റിക് പച്ചക്കറികളും ഗ്യാസും സ്റ്റൗവും പാത്രങ്ങളും നിരത്തി മകള്‍ മനോഹരമായി ചിരിച്ചു.
”ഇതെന്തിനാ ഇങ്ങനെ ഒരു ഷോ?”
ഉള്ളില്‍ അല്‍പ്പം ദേഷ്യം തികട്ടി വന്നെങ്കിലും അയാള്‍ ചിരിക്കാന്‍ ശ്രമിച്ചു.
”വേണം, എന്റെ ഫ്രണ്ട്സിന് അയച്ചുകൊടുക്കാനാ…”
സോഫയിലേക്ക് ചാഞ്ഞ് അയാള്‍ മൊബൈല്‍ കയ്യിലെടുത്തു ”ഇന്നെന്താ സ്പെഷ്യല്‍…?”
മകള്‍ ടീപ്പോയില്‍ യഥാക്രമം സാധനങ്ങള്‍ നിരത്തുന്നതിന്റെ തിരക്കിനിടയില്‍ മുഖമുയര്‍ത്താതെ പറഞ്ഞു ”നാടന്‍ ചിക്കന്‍ കറി.”
ഡൈനിങ് ടേബിളില്‍ നിന്ന് മറന്നുവച്ച എന്തോ സാധനമെടുക്കാന്‍ അതിനിടയില്‍ അവള് ഓടിയെത്തി. ”ഇന്നെന്താ ഇവിടുത്തെ സ്പെഷ്യല്‍?” പരിഭവം പ്രതീക്ഷിച്ചു തന്നെയാണ് ചോദിച്ചത്. ”അലക്കി തീര്‍ന്നിട്ടില്ല, ഇനി വേണം എന്തേലും ഉണ്ടാക്കാന്‍.”
വിയര്‍പ്പുതുള്ളികളെ ചുകന്ന പു
ള്ളികളുള്ള മാക്സിയില്‍ തുടച്ചെടുത്ത് അവള് പരിഭവത്തോടെ നോക്കി. പിന്നെ ടേബിളില്‍ നിന്നും പാത്രവുമെടുത്ത് അടുക്കളയിലേക്ക് കുതിച്ചു ”ഈ അമ്മേടെ ഒരു കാര്യം…”
തന്റെ അടുക്കള മനോഹരമായി ഒരുക്കിവയ്ക്കുന്നതിനിടെ മകള്‍ ചിരിച്ചു. അതിനിടയില്‍ ചുകന്ന വളകളും അതിനൊത്ത മാലയും അണിഞ്ഞിരുന്നു.
”ഓകെ ഷൂട്ട് തുടങ്ങാം…”
ഷെല്‍ഫിലെ കണ്ണാടിയിലേക്ക് എത്തിനോക്കി മകള്‍ പറഞ്ഞപ്പോള്‍ സോഫയില്‍ നിന്നും അല്‍പ്പം മുന്നിലേക്ക് ശരിരം കുനിച്ച് അയാള്‍ ക്യാമറ ഓണ്‍ ചെയ്തു പൊ
ട്ട് കാണാനില്ലെന്ന പരിഭവത്തോടെ മകള്‍ അമ്മയ്ക്ക് മുന്നിലേക്ക് ഓടിയെത്തി
”അമ്മേ എന്റെ പൊട്ട് കണ്ടോ?”
അവള് എന്തോ ശബ്ദമുയര്‍ത്തി പറഞ്ഞു. മകള്‍ മുഖം കൂര്‍പ്പിച്ച് തിരികെയെത്തി ഷെല്‍ഫിലെ കണ്ണാടിയില്‍ നിന്നും ഒരു പൊട്ടെടുത്ത് നെറ്റിയിലേക്ക് ചേര്‍ത്തു. അപ്പോഴേക്കും പത്താം ക്ലാസ് ബാച്ചിന്റെ വാട്സാപ് കൂട്ടായ്മയിലേക്ക് വന്ന ശബ്ദ സന്ദേശത്തിലേക്ക് അയാള്‍ കാത് കൂര്‍പ്പിച്ചിരുന്നു
അച്ഛാ… റെഡി
ശബ്ദത്തെ പാതി വഴിയിലൊതുക്കി അയാള്‍ ക്യാമറ ഓണാക്കി.
നേര്‍ത്ത പിണക്കത്തെ മറന്ന് മകള്‍ അപ്പോഴേക്കും ഉന്മേഷവദനയായി.
”ഹായ് കുക്കറി ഷോയിലേക്ക് എല്ലാവര്ക്കും സ്വാഗതം. ഇന്ന് ഞാനിവിടെ ഉണ്ടാക്കാന്‍ പോകുന്നത് തനി നാടന്‍ ചിക്കന്‍ കറിയാണ്.”
മകളുടെ ശബ്ദത്തിലെ താളത്തിലേക്കും ശരീര ചലനങ്ങളിലേക്കും അയാള്‍ അതിശയത്തോടെ നോക്കി.
പെട്ടെന്ന് അടുക്കളയില്‍ നിന്ന് കുക്കര്‍ വിസിലടിച്ചപ്പോള്‍ വിടര്‍ന്ന ചിരിയെ കുടഞ്ഞെറിഞ്ഞ് അമ്മേ എന്ന നീട്ടലോടെ മകള്‍ വീണ്ടും മുഖം കൂര്‍പ്പിച്ചു.
”അത് കഴിയട്ടെ…”
മകളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ച് തിടുക്കത്തില്‍ ശബ്ദ സന്ദേശത്തിന്റെ ശേഷിപ്പിലേക്കും പിന്നെ മറുപടി ശബ്ദത്തിലേക്കും അയാള്‍ മുഖം താഴ്ത്തി.
മകള്‍ ഒന്നുരണ്ട് റിഹേഴ്സലുകള്‍ അതിനിടയില്‍ നടത്തി. ടേബിളില്‍ നിന്നും അത്യാവശ്യമായി എന്തോ എടുത്തു കൊടുക്കാന്‍ അവള് നീട്ടി വിളിച്ചെങ്കിലും കേള്‍ക്കാത്ത ഭാവത്തില്‍ അത് തുടരുകയും ചെയ്തു.
ഒടുവില്‍ അവള് തന്നെ തിടുക്കത്തിലെത്തി ടേബിളില്‍ നിന്നും പാത്രമെടുത്ത് പി
റുപിറുത്ത് കൊണ്ട് തിരികെ പോയ്. കുക്കറിന്റെ വിസിലടി ശബ്ദം അവസാനിച്ചപ്പോള്‍ മകള്‍ വീണ്ടും ഉഷാറായി.
”അച്ഛാ… ഓകെ”
ഫേസ് ബുക്കിലെ ലൈക്കില്‍ നിന്നും കമന്റ്സില്‍ നിന്നും അയാള്‍ മെല്ലെ മുഖമുയര്‍ത്തി. അടുക്കളയില്‍ നിന്നും വാതില്‍പ്പടി കടന്നെത്തിയ സ്വാദിഷ്ടമായ ഗന്ധത്തെ ഒരു പുഞ്ചിരിയോടെ മൂക്കിലേക്ക് വലിച്ച് കയറ്റി മകള്‍ എന്തോ ആംഗ്യം കാണിച്ചപ്പോള്‍ അയാളും പുഞ്ചിരിച്ചു.
നാടന്‍ ചിക്കന്‍ കറിയുടെ ചേരുവകളിലേക്കും പാചകത്തിന്റെ രഹസ്യ വഴികളിലേക്കും മകള്‍ പുഞ്ചിരിയോടെ പ്രേക്ഷകരെ ആനയിച്ചു. അയാള്‍ അതൊക്കെയും ജാഗ്രതയോടെ ക്യാമറയ്ക്കുള്ളിലാക്കി.
”ഈ ചാനല്‍ നിങ്ങള്ക്കിഷ്ടമായെങ്കില് സബ്സ്ക്രൈബ് ചെയ്യാന്‍ ബെല്‍ ബട്ടണ്‍ അമര്‍ത്തുക…”
എരിവും പുളിയും പുരട്ടിയ നാടന്‍ ചിക്കന്‍ കറിയുടെ സ്വാദും ഗന്ധവും പ്രേക്ഷകന് സമ്മാനിച്ച് മകള്‍ മനോഹരമായി പു
ഞ്ചിരിച്ചു.
ഇതിനിടയില്‍ അവളുടെ വിയര്‍പ്പില്‍ പൊതിഞ്ഞ മുഖം അടുക്കളയില്‍ നിന്ന് എത്തിനോക്കിയതും, പുഞ്ചിരി വിടരുന്നതും കണ്ടിരുന്നുവെങ്കിലും ഫ്രെയിമില്‍ വരാതിരിക്കാന്‍ അയാള്‍ ശ്രദ്ധിച്ചിരുന്നു.
”കുക്കറി ഷോ സൂപ്പര്‍…”
വീഡിയോ നോക്കി അയാള്‍ മകളെ ചേര്‍ത്ത് പിടിച്ചു.”താങ്ക്യൂ…”
ഫോണുമായി സോഫയിലേക്ക് ചാഞ്ഞിരുന്ന് മകള്‍ വീഡിയോ ആസ്വദിച്ചപ്പോള്‍ ശബ്ദം താഴ്ത്തി അയാള്‍ മറ്റൊരു പ്രണയഗാനത്തിലേക്ക് വീണ്ടും കാതുകൂര്‍പ്പിച്ചു.
അടുക്കളയില്‍ നിന്നും കൈത്തലം അമര്‍ത്തിപ്പിടിച്ച് അവള് തിരക്കിട്ടെത്തിയത് അപ്പോഴാണ്. ജനാലയില്‍ നിന്നും ടൂത്ത് പേസ്റ്റെടുത്ത് കൈയിലേക്ക് പുരട്ടുമ്പോള്‍ അയാള്‍ തലചെരിച്ച് അവളെ നോക്കി.
”എന്തു പറ്റി…?”
”കുറച്ച് പൊള്ളി സാരമില്ല…”
മകളുടെ അടുത്തേക്ക് വന്ന് കുക്കറി ഷോയിലേക്ക് അവള് മുഖം താഴ്ത്തി. വിയര്‍പ്പുതുള്ളികള്‍ക്ക് മീതെ പുഞ്ചിരിതൂകി അല്‍പ്പസമയം നിന്നു. പിന്നെ അടുക്കളയിലേക്കു തന്നെ നടന്നു.
അതിനിടയില്‍ കുക്കറിഷോയില്‍ നിന്ന് കണ്ണെടുക്കാതെ മകള്‍ വിളിച്ച് ചോദിച്ചു.
”അമ്മേ..ഇന്നെന്താ സ്പെഷ്യല്‍…?”
കെ.പി. സുരേഷ് കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: