തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ രണ്ടാമത്തെ സര്‍സംഘചാലക് മാധവ സദാശിവ ഗോള്‍വല്‍ക്കറുടെ പേരു നല്‍കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ ഏതാനും കപടബുദ്ധിജീവികളും മതേതര രാഷ്‌ട്രീയക്കാരും, അവരുടെ വായ്‌ത്താരിയനുസരിക്കുന്ന ദൃശ്യമാധ്യമങ്ങളും പത്രവാരികകളും നെഞ്ചത്തടിച്ചു മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്നതു നാം കാണുന്നു. ഗുരുജി ഇഹലോകവാസം അവസാനിപ്പിച്ച് അരനൂറ്റാണ്ട് തികയാറായി. സംഘത്തെ മുപ്പത്തിമൂന്ന് വര്‍ഷം നയിച്ച ഗോള്‍വല്‍ക്കര്‍ക്ക് ഗുരുജിയെന്ന വിളിപ്പേര് അദ്ദേഹം ജന്തുശാസ്ത്ര പ്രധാനാധ്യാപകനായിരുന്ന ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ പതിവിന്‍പടി അവിടത്തെ വിദ്യാര്‍ത്ഥികള്‍ നല്‍കിയതായിരുന്നു. അവിടത്തെ ബൃഹത്തും മഹത്തുമായ ഗ്രന്ഥശാലയിലെ പുസ്തകങ്ങള്‍ മുഴുവന്‍ വായിച്ചു തീര്‍ത്ത അപൂര്‍വം വ്യക്തികളിലൊരാളായിരുന്നു ഗോള്‍വല്‍ക്കര്‍. സര്‍വകലാശാലാ വളപ്പില്‍ മദനമോഹനവാളവ്യ തന്നെ ദാനം ചെയ്ത സ്ഥലത്ത് തന്റെ സ്വന്തം നാടായ നാഗ്പൂര്‍കാരായ വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന ആര്‍എസ്എസ് ശാഖയിലാണദ്ദേഹത്തിന് സംഘവുമായി സമ്പര്‍ക്കമുണ്ടായത്.
അവിടത്തെ ഉദ്യോഗകാലം അവസാനിച്ചശേഷം ആദ്ധ്യാത്മിക രംഗത്തേക്കു മനസ്സുപോയ അദ്ദേഹം ശ്രീരാമകൃഷ്ണമിഷനില്‍ ചേര്‍ന്നു. പരമഹംസദേവന്റെ അന്തരംഗ ശിഷ്യനും സ്വാമി വിവേകാനന്ദന്റെ ഗുരുഭായിയുമായിരുന്ന സ്വാമി അഖണ്ഡാനന്ദനില്‍നിന്ന് സന്ന്യാസ ദീക്ഷ സ്വീകരിക്കുകയും, ശ്വേതാംബ സന്ന്യാസിയായി തുടരുകയും ചെയ്തു. സംഘത്തിന്റെ സ്ഥാപകനായിരുന്ന ഡോ. കേശവബലിറാം ഹെഡ്‌ഗേവാറുമായി മുന്‍പുണ്ടായിരുന്ന അടുപ്പം ദൃഢമാകുകയും, അദ്ദേഹത്തിന്റെ അന്തിമ അനുജ്ഞയനുസരിച്ച് സര്‍സംഘചാലകനാകുകയും ചെയ്തു. ഭാരതം അതിന്റെ ഏറ്റവും നിര്‍ണായകമായ കാലഘട്ടത്തിലൂടെ കടന്നുപോയ്‌ക്കൊണ്ടിരുന്ന ആ കാലത്ത് ഇവിടത്തെ യുവജനത ഉദാത്തമായ ലക്ഷ്യബോധമില്ലാതെ ഒഴുക്കില്‍പ്പെട്ടു പോകുന്നതിന്റെ കെടുതികളെ അദ്ദേഹം ദീര്‍ഘദര്‍ശനം ചെയ്തു. നമ്മുടെ ദേശീയ ജീവിതത്തിന്റെ ഓരോ അംശത്തേയും വിശുദ്ധവും ഭാവാത്മകവുമായ രാഷ്‌ട്രബോധത്താല്‍ പ്രചോദിതമാക്കുകയെന്ന തന്റെയും സംഘത്തിന്റെയും ദൗത്യത്തെ യുവതലമുറയിലേക്കു പകര്‍ന്നു കൊടുക്കുകയെന്ന ദൗത്യം തപശ്ചര്യയായിത്തന്നെ അദ്ദേഹം സ്വീകരിച്ചും മുപ്പത്തിമൂന്നുവര്‍ഷക്കാലത്തെ നിസ്ത്രന്ദ്രമായ ആ തപശ്ചര്യ അദ്ദേഹം നിര്‍വഹിച്ചു. ആയിരക്കണക്കിന് യുവഹൃദയങ്ങളുടെ പ്രതിഭയെ അദ്ദേഹം ഉത്തേജിപ്പിച്ചു. രാജ്യം വിപത്തുകളെ അഭിമുഖീകരിച്ച വിഭജനക്കാലത്തും പ്രകൃതിക്ഷോഭ കാലത്തും ക്ഷാമ കാലത്തും നടത്തിയ സേവനകര്‍മങ്ങളുടെ പ്രചോദനം അവിടെയായിരുന്നു.
അദ്ദേഹത്തെയും, ആ ദൗത്യത്തെ എതിര്‍ത്തു നശിപ്പിക്കാന്‍ നടത്തപ്പെട്ട പ്രയത്‌നങ്ങള്‍ക്ക് ഭരണാധികാരത്തിന്റെ അത്യുന്നതങ്ങള്‍ തന്നെ നേതൃത്വം കൊടുത്തു. മഹാത്മാഗാന്ധിയുടെ കൊലപാതകം തന്നെ ചുമത്തി ശ്രീഗുരുജിയെ കാരാഗൃഹത്തിലടച്ചു. കൂടാതെ ഒരു ലക്ഷത്തോളം അനുയായികളെയും. ആ ദുഷ്ടനീക്കങ്ങളെയെല്ലാം അതിജീവിച്ച് കാര്‍മേഘമൊഴിഞ്ഞ ചന്ദ്രനെപ്പോലെ അദ്ദേഹവും സംഘവും തിളങ്ങി.
1947 ല്‍ സ്വാതന്ത്ര്യലബ്ധിയുടെ ഘട്ടത്തില്‍ ഭാരതത്തില്‍ ചേരാതെ സ്വതന്ത്രമായി നില്‍ക്കാമെന്ന മനസ്സിലിരിപ്പുമായിക്കഴിഞ്ഞ കശ്മീര്‍ രാജാവ് ഹരിസിംഹിനെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ധരിപ്പിക്കാനായി ആഭ്യന്തര മന്ത്രി സര്‍ദാര്‍ പട്ടേല്‍ ഗുരുജിക്ക് 1947 ഒക്‌ടോബര്‍ 17 ന് ശ്രീനഗറില്‍ പോകാന്‍ അവസരമുണ്ടാക്കിയതും, 1962 ല്‍ ചീന ആക്രമിച്ച സമയത്ത്, രണ്ടാം സമരനിരയെന്നപോലെ ലഡാക്കിലും അരുണാചല്‍പ്രദേശിലും സംഘ സ്വയംസേവകര്‍ പ്രവര്‍ത്തിച്ചു. ബോംദില ചുരത്തിലൂടെ ചീനക്കാര്‍ പ്രവേശിച്ചപ്പോള്‍ തേസ്പൂര്‍ നഗരം ഒഴിച്ചുപോരാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ”മൈ ഹാര്‍ട്ട് ബ്ലീഡ്‌സ് ഫോര്‍ ദ പീപ്പിള്‍ ഓഫ് ആസാം” എന്ന നെഹ്‌റു വിലപിച്ച സമയത്തു അവിടത്തെ സംഘാധികാരിമാരും സ്വയംസേവകരും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഖജാനയ്‌ക്കും കാവല്‍നിന്ന് രക്ഷാദൗത്യം നിര്‍വഹിച്ചു. ലഡാക്കിലും അരുണാചലിലും നടത്തിയ ധീരോദാത്ത പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ, ദല്‍ഹി നഗരത്തിലെ ട്രാഫിക് നിയന്ത്രണവും സ്വയംസേവകരെ ഏല്‍പ്പിക്കാന്‍ ഭരണം തയാറായി. ഇതില്‍ സന്തുഷ്ടനായ നെഹ്‌റു തന്നെ അക്കൊല്ലത്തെ റിപ്പബ്ലിക് ദിന പരേഡില്‍ ഗണവേഷധാരികളായി സ്വയംസേവകര്‍ പങ്കെടുക്കാന്‍ സംഘചാലക് ലാലാഹന്‍സരാജ് ഗുപ്തയെ ക്ഷണിച്ചു.
ഇങ്ങനെയൊക്കെയായിട്ടും സംഘത്തിനും ഗുരുജിക്കുമെതിരായ വിദ്വേഷ പ്രചാരണം ഇടതുപക്ഷ മതനിരപേക്ഷ ബുദ്ധിജീവികളും പത്രങ്ങളും നിരന്തരം നടത്തിവന്നു. ഗുരുജിയെ പ്രത്യേകിച്ച് ലക്ഷ്യം വച്ചവര്‍ പുസ്തകങ്ങളും പത്രങ്ങളില്‍ ലേഖനങ്ങളും എഴുതിക്കൊണ്ടിരുന്നു. ബോംബെയിലെ ബ്ലിറ്റ്‌സ് പത്രവും അതിന്റെ നായകന്‍ ആര്‍.കെ. കരഞ്ചിയ, ഇല്ലസ്‌ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യയുടെ പത്രാധിപരും സര്‍വശക്തനുമായിരുന്ന ഖുശ്‌വന്ത് സിങ്, കമ്യൂണിസ്റ്റ് ചിന്തകനും ജോതിബസുവിന്റെ ബംഗാള്‍ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയും അതിനു മുന്‍പ് കേന്ദ്ര ധനകാര്യ സെക്രട്ടറിയുമായിരുന്ന അശോക് മിത്ര, ഇസ്ലാമിക ബുദ്ധിജീവി സൈഫുദ്ദീന്‍ ജിലാനി തുടങ്ങിയ ഒട്ടേറെ സംഘവിരുദ്ധര്‍ ഗുരുജിയുടെ സമ്പര്‍ക്കത്തില്‍ തങ്ങളുടെ അഭിപ്രായം പൂര്‍ണമായും മാറ്റി. ശ്രീഗുരുജി സാഹിത്യ സര്‍വസം ഒമ്പതാം ഭാഗത്തില്‍ ഖുശ്‌വന്ത് എഴുതിയ ലേഖനം മുഴുവന്‍ വായിക്കാം. (പു. 200) അദ്ദേഹത്തിന്റെ ധാരണകളും യാഥാര്‍ത്ഥ്യവും വളരെ വ്യക്തമായി നമുക്ക് മനസ്സിലാക്കാന്‍ അതുതകും.
”ചില ആളുകളെ മനസ്സിലാക്കാതെ നാം അവരെ വെറുക്കാന്‍ തുടങ്ങുന്നു. ഇത്തരത്തില്‍ ഗുരുഗോല്‍വല്‍ക്കര്‍ എന്റെ പട്ടികയില്‍ ഒന്നാമനായിരുന്നു. വര്‍ഗീയ ലഹളകളില്‍ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ചെയ്തികള്‍, മഹാത്മാഗാന്ധിയുടെ വധം ഭാരതത്തെ മതനിരപേക്ഷതയില്‍നിന്ന് ഹിന്ദുരാജ്യമാക്കിത്തീര്‍ക്കാനുള്ള പ്രയത്‌നം തുടങ്ങി ഞാന്‍ കേട്ടുവച്ചിട്ടുള്ള അനേകം കാര്യങ്ങളുണ്ടായിരുന്നു.
”അദ്ദേഹത്തെ കാണാന്‍ ചെല്ലുമ്പോള്‍ എനിക്ക് ഗണവേഷധാരികളുടെ വലയത്തിലൂടെ പോകേണ്ടി വന്നില്ല. കാറിന്റെ നമ്പര്‍ കുറിച്ചെടുക്കാന്‍ സാധാരണ വേഷക്കാരനെ കണ്ടില്ല. ഗുരുജി തങ്ങിയിരുന്നതു ഇടത്തരം കുടുംബത്തിന്റെ വീട്ടിലായിരുന്നു.
”….. അകത്തെ മുറിയില്‍ മഹിളകളുടെ പെരുമാറ്റമുണ്ടായിരുന്നു. പാത്രങ്ങളുടെയും കപ്പ് സോസറുകളുടെയും ശബ്ദം വരുന്നുണ്ടായിരുന്നു………. അറുപത്തിയഞ്ചിനോടടുത്ത പ്രായം, ഒരേ നിരപ്പിലുള്ള ശരീരം മുഖഭാഗത്തെ ആവരണം ചെയ്യാത്ത മീശ, നീണ്ടുവളര്‍ന്ന താടി, ഒരിക്കലും മായാതെ നില്‍ക്കുന്ന പുഞ്ചിരി, കണ്ണടയ്‌ക്കുള്ളിലൂടെ എത്തിനോക്കുന്ന കറുത്ത, തിളക്കമുള്ള കണ്ണുകള്‍. അദ്ദേഹം ഒരു ഭാരതീയ ഹോചിമിന്‍ തന്നെയാണെന്നെനിക്കു തോന്നി. അദ്ദേഹത്തിന് നെഞ്ചിലെ അര്‍ബുദത്തിന് ശസ്ത്രക്രിയ നടന്നിരുന്നു. എന്നിട്ടും പൂര്‍ണ ആരോഗ്യവാനും പ്രസന്ന ചിത്തനുമായി” കാണപ്പെടുന്നുണ്ടായിരുന്നു… കാല്‍തൊടാന്‍ ഞാന്‍ കുനിഞ്ഞു. അദ്ദേഹം എന്റെ കൈകള്‍ പിടിച്ച് അരികിലേക്ക് വലിച്ചിരുത്തി ”താങ്കളെ കണ്ടതില്‍ വളരെ സന്തോഷം. കുറെ ദിവസങ്ങളായി കാണാന്‍ ആഗ്രഹിച്ചിരുന്നു എന്നു പറഞ്ഞു.
”പിന്നീട് ദീര്‍ഘ സംഭാഷണമാണ്. തുടര്‍ന്ന് വിവിധ വിഷയങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളും അതിന് ഗുരുജി നല്‍കിയ മറുപടിയുമാണ് ബഞ്ച് ഓഫ് തോട്‌സ് എന്ന ഗ്രന്ഥം. ഗുരുജിയുടെ പ്രസംഗങ്ങളില്‍ നിന്ന് സമാഹരിക്കപ്പെട്ട എഡിറ്റ് ചെയ്തവയാണ് അതിലെ പ്രതിപാദ്യം.
അവസാനത്തെ ചോദ്യം. ഇന്ന് ഉറച്ചു നില്‍ക്കുന്ന മതങ്ങള്‍ അഥവാ ജനങ്ങളില്‍ സ്വാധീനം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന മതങ്ങളെല്ലാം ഒരച്ചില്‍ വാര്‍ത്തെടുക്കപ്പെട്ടതുപോലെയാണ്. കത്തോലിക്കാ സഭയുടെയും അതിലേറെ ഇസ്ലാമിന്റെയും സ്ഥിതി ഇതുതന്നെയാണല്ലൊ.
ഉത്തരം. ഇതൊരു താല്‍ക്കാലികാവസ്ഥയാണ്. അതുകൊണ്ട് നിരീശ്വരവാദം അവയില്‍ പ്രഭാവം ചെലുത്തിയേക്കാം. എന്തുകൊണ്ടെന്നാല്‍ നിഘണ്ടുവിലെ അര്‍ത്ഥത്തില്‍ ഹിന്ദുധര്‍മം റിലിജിയണ്‍ അല്ല. ധര്‍മ്മമാണ് ജീവിതപദ്ധതിയാണ്. അതുകൊണ്ട് ഹിന്ദുമതം നിരീശ്വരവാദത്തിനുമേല്‍ സ്വാഭാവികമായും വിജയം നേടും.
പത്രപ്രവര്‍ത്തകനും മുസ്ലിം ബുദ്ധിജീവിയുമായിരുന്ന സൈഫുദ്ദീന്‍ ജിലാനി ഗുരുജിയെ സന്ദര്‍ശിച്ചശേഷം എഴുതിയ അനുസ്മരണം അത്യന്തം പ്രചോദനകരമാണ്.
”ഗുരുജിയുമായുള്ള കൂടിക്കാഴ്ച എന്റെ ജീവിതത്തിലെ ഏറ്റവും പ്രേരണാദായകവും അവിസ്മരണീയവുമായ സംഭവമാണെന്നു തെളിഞ്ഞു. ഹിറ്റ്‌ലര്‍ മുതല്‍ നാസര്‍ വരെയുള്ള ലോകത്തിലെ വമ്പന്മാരെ ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഗുരുജിയെപ്പോലെ പ്രസന്നചിത്തനും ആത്മവിശ്വാസിയും പ്രഭാവ സമ്പന്നനുമായ വ്യക്തിയെ ഇന്നോളം കാണാനായിട്ടില്ല. ഹിന്ദു-മുസ്ലിം പ്രശ്‌നം പരിഹരിക്കുന്നതിന് മാര്‍ഗദര്‍ശനം നല്‍കാന്‍ അദ്ദേഹത്തിനു മാത്രമേ കഴിയൂ എന്നാണ് എന്റെ ആത്മാര്‍ത്ഥമായ വിശ്വാസം…… അദ്ദേഹത്തിന്റെ വാക്കുകളില്‍ ശുഭേച്ഛയുടെയും ആധികാരികതയുടെയും സ്പഷ്ടമായ ആഹ്വാനമുണ്ടായിരുന്നു. എന്നാല്‍ ഖുറാനില്‍ പറഞ്ഞതുപോലെ വൈകൃതംകൊണ്ട് വെളിവില്ലാതായ കാതുകളില്‍ അവ കടന്നുചെല്ലുമോ?
ഞാന്‍ സമസ്ത ഭാരതീയ ജനതയുടെയും ഒരു എളിയ സേവകനാണ്, എങ്കിലും സത്യം പറയട്ടെ എന്റെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്നത് എന്റെ മുസ്ലിം സഹോദരന്മാരുടെ കാര്യമാണ്. ഹിന്ദുക്കള്‍ക്ക് നേതൃത്വത്തിനു കുറവില്ല. എന്നാല്‍ മുസ്ലിങ്ങളുടെ അവസ്ഥ ഇടയനില്ലാത്ത ആടുകളുടെതിനു തുല്യമാണ്. അതിനാല്‍ എനിക്ക് പറയാനുള്ളത് അവര്‍ കാതും കണ്ണും തുറന്നുവെക്കണമെന്നാണ്.
(30-1-1971)കല്‍ക്കത്ത കമ്യൂണിസ്റ്റ് സാമ്പത്തിക വിദഗ്‌ദ്ധനും പശ്ചിമബംഗാള്‍ ധനകാര്യമന്ത്രിയുമായിരുന്ന അശോക് മിത്ര ഗുരുജിയെക്കുറിച്ച് എഴുതിയതില്‍നിന്നും ചില വരികള്‍ ഉദ്ധരിക്കട്ടെ.
ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ രൂപീകരിക്കപ്പെട്ട ഗോരക്ഷാ കമ്മീഷനില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായിരുന്നു മിത്ര. അന്നദ്ദേഹം ഫിനാന്‍സ് സെക്രട്ടറി സ്ഥാനം വഹിച്ചു. ഗുരുജിയെപ്പറ്റി തന്റെ അഭിപ്രായം അദ്ദേഹം രേഖപ്പെടുത്തിയതില്‍നിന്ന് ഒരു ഭാഗം നോക്കൂ.
”എന്നാല്‍ ഞങ്ങളെ ഏറ്റവും അദ്ഭുതപ്പെടുത്തിയത് സമിതിയിലെ മൂന്നാമത്തെ അംഗവും ഏറ്റവുമധികം ചര്‍ച്ചകളില്‍ വിഷയീഭവിച്ചയാളുമായിരുന്ന ഗുരു ഗോള്‍വല്‍ക്കറായിരുന്നു. അദ്ദേഹത്തിന്റെ ഉഗ്രഭാവത്തെക്കുറിച്ച് ഒരായിരം കാര്യങ്ങള്‍ കേട്ടിരുന്നു. ഒരു ഭാഗത്ത് അന്ധമായ ഭക്തി, മറുഭാഗത്ത് ഘോരതീവ്രവാദികളുടെ പ്രമുഖ നായകനെന്നോര്‍ത്ത് ഭയം. ഇതായിരുന്നു അദ്ദേഹത്തെക്കുറിച്ച് ഞങ്ങള്‍ക്കുണ്ടായിരുന്ന വികാരം. എന്നാല്‍ സമിതിയിലെ ഏറ്റവും നിശ്ശബ്ദ അംഗമായ ഗുരുഗോള്‍വല്‍ക്കര്‍ ഈ പഴയ ധാരണകളെയെല്ലാം തകര്‍ക്കുകയാണുണ്ടായത്. അത്യാവശ്യമെന്നു വന്നാലേ സംസാരിച്ചിരുന്നുള്ളൂ. അനിവാര്യമെന്നു തോന്നുമ്പോള്‍ അത്യന്തം വിനയംനിറഞ്ഞ വാക്കുകളില്‍ തനിക്കു പറയാനുള്ളതു പറയും. ഒരാളുടെ അഭിപ്രായം അഥവാ വീക്ഷണം തീരെ ഇഷ്ടപ്പെടാതിരുന്നാല്‍ പോലും അദ്ദേഹത്തെ അതു ബാധിച്ചില്ല. എന്റെ ആശയങ്ങളും ചിന്താഗതികളും അദ്ദേഹത്തിനു വിഷംപോലെ ദാഹകമായി തോന്നിയിരിക്കാം… പക്ഷേ എന്നോടുള്ള പെരുമാറ്റത്തിനു മാറ്റമുണ്ടായില്ല… ഗുരുഗോള്‍വല്‍ക്കര്‍ തന്റെ പെരുമാറ്റംകൊണ്ട് എന്നെ വല്ലാതെ വശീകരിച്ചു കളഞ്ഞു എന്നു സമ്മതിച്ചേ പറ്റൂ. എന്നെ വശീകരിക്കാന്‍ ഇനിയും പലതും സംഭവിക്കാനിരിക്കുന്നുവെന്ന് അന്നെങ്ങിനെ എനിക്കറിയാന്‍ കഴിയുമായിരുന്നു.
”ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞ് ന്യൂദല്‍ഹി സ്റ്റേഷനില്‍ നിന്ന് ഭോപ്പാലില്‍ പോകാന്‍ രണ്ടു ബര്‍ത്തുള്ള കൂപ്പയില്‍ കയറി. സഹയാത്രികനെത്തി. അതു ഗുരുഗോള്‍വല്‍ക്കറായിരുന്നു. എന്നെ മുറുകെ കെട്ടിപ്പിടിച്ചു. വിവിധ പ്രശ്‌നങ്ങള്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്തു. അദ്ദേഹം വിനയത്തിന്റെ മൂര്‍ത്തിമദ്ഭാവമായിരുന്നു. ഒരു ജ്യേഷ്ഠ വ്യക്തിയില്‍നിന്ന് നമ്മുടെ സമൂഹത്തില്‍ എത്രമാത്രം ഉദാരമായി പെരുമാറ്റം ലഭിക്കാമോ അതിലെത്രയോ സ്‌നേഹമാണ് അദ്ദേഹം എന്റെ മേല്‍ വര്‍ഷിച്ചത്. ഞാന്‍ വിളക്ക് തെളിച്ച് പുസ്തകമോ പത്രികയോ മറ്റോ എടുത്തു വായിക്കാനിരുന്ന ഗുരു ഗോള്‍വല്‍ക്കറും വായന തുടങ്ങി. ധര്‍മത്തിന്റെ ഉഗ്രതമ ധ്വജവാഹകനായ സംഘത്തിന്റെ പ്രമുഖന്‍ മതഗ്രന്ഥമോ, കടുകട്ടിവേദാന്തമോ വായിക്കാനെടുക്കുമെന്നാണ് ഞാന്‍ വിചാരിച്ചത്. അമേരിക്കയില്‍ ആയിടെയിറങ്ങിയ ഹെന്റി മില്ലറിന്റെ ഏറ്റവും പുതിയ നോവല്‍. ഇനിയെന്തിനു മറയ്‌ക്കണം! ആ നിമിഷം ഗുരു ഗോള്‍വല്‍ക്കറോടുള്ള എന്റെ ആദരവ് എത്രയോ മടങ്ങ് വര്‍ധിച്ചു! (ആങ് വാരിക കല്‍ക്കത്ത)
ഇതാണ് സഖാവ് അശോക് മിത്രയ്‌ക്കു ഗുരുജിയുമായുണ്ടായ സമ്പര്‍ക്കത്തിന്റെ പരിണാമം. തിരുവനന്തപുരത്തെ ക്യാമ്പസിന് അദ്ദേഹത്തിന്റെ പേരിട്ടെങ്കില്‍ അതില്‍ ആരും ഒട്ടും അദ്ഭുതപ്പെടേണ്ടതില്ല. ആരെയും പരിവര്‍ത്തനം ചെയ്യാനുള്ള ശേഷിയുള്ള വ്യക്തിത്വമാണദ്ദേഹത്തിന്റേത്. പതിനായിരക്കണക്കിനാളുകളെ കര്‍ത്തവ്യകണബദ്ധരാക്കിയ മഹാവ്യക്തിയുടെ നാമധേയത്തില്‍ ഉയര്‍ന്നുവരുന്ന സ്ഥാപനം തികച്ചും ഭാഗ്യം ചെയ്തതായി തെളിയിക്കപ്പെടുമെന്നു സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: