കോഴിക്കോട്: സാഹിത്യകാരന് യു.എ. ഖാദര്‍ (85) അന്തരിച്ചു. ശ്വാസകോശഅര്ബുദത്തെത്തുടര്ന്ന് കോഴിക്കോട്ടെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഥാസമാഹാരങ്ങള്‍, ലേഖനങ്ങള്‍, നോവലുകള്‍ തുടങ്ങി 40ലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. തൃക്കോട്ടൂര്‍ പെരുമ, തൃക്കോട്ടൂര്‍ നോവെല്ലകള്‍, കഥപോലെ ജീവിതം, ഒരുപിടി വറ്റ്, തൃക്കോട്ടൂര്‍ കഥകള്‍, വായേ പാതാളം, ഖാദര്‍ കഥകള്‍, ഒരു പടകാളി പെണ്ണിന്റെ ചരിത്രം, ഖുറൈശിക്കൂട്ടം, ഓര്‍മ്മകളുടെ പഗോഡ എന്നിവയാണ് പ്രധാനകൃതികള്‍.
തൃക്കോട്ടൂര്‍ പെരുമയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും തൃക്കോട്ടൂര്‍ നോവെല്ലകള്‍ക്ക് 2009ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും കഥപോലെ ജീവിതത്തിന് 1993ലെ എസ്.കെ. പൊറ്റെക്കാട് അവാര്‍ഡും ലഭിച്ചു. 2009ല്‍ കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവന പുരസ്കാരവും 2017ല്‍ കേരള സാഹിത്യ അക്കാദമിയുടെ പരമോന്നത പുരസ്കാരമായ വിശിഷ്ടാംഗത്വവും നല്കി ആദരിച്ചു. നിരവധി കഥകള്‍ ഇതരഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ചിത്രകാരന് എന്ന നിലയിലും കഴിവു തെളിയിച്ചു.
1935ല്‍ പഴയ ബര്‍മ്മയിലെ റംഗൂണിലെ ബില്ലിന് ഗ്രാമത്തില്‍ മൊയ്തീന്‍കുട്ടി ഹാജി – മമോദി ദമ്പതികളുടെ മകനായാണ് ജനനം. അമ്മ മാമോദി ബര്മ്മാക്കാരിയായിരുന്നു. യു.എ. ഖാദര്‍ ജനിച്ച് മൂന്നു ദിവസത്തിനകം അമ്മ മരിച്ചു. ഏഴാമത്തെ വയസ്സില്‍ യു.എ. ഖാദര്‍ പിതാവിനോടൊപ്പം ജന്മനാടായ കൊയിലാണ്ടിയില്‍ എത്തി. കൊയിലാണ്ടി ഗവ. ഹൈസ്കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയശേഷം മദ്രാസ് കോളെജ് ഓഫ് ആര്‍ട്ട്സില്‍ ചിത്രകലയില്‍ ബിരുദത്തിന് ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കാതെ മടങ്ങുകയായിരുന്നു.
1952 മുതല്‍ എഴുതിത്തുടങ്ങിയ അദ്ദേഹം 1956 ല്‍ നിലമ്പൂരിലെ ഒരു മരക്കമ്പനിയില്‍ ഗുമസ്തനായി ജോലി ചെയ്തു. 1957 മുതല്‍ പ്രപഞ്ചം വാരികയുടെ സഹപത്രാധിപര്‍, ദേശാഭിമാനിയില്‍ പ്രൂഫ് റീഡര്‍, പിന്നീട് ആകാശവാണി കോഴിക്കോട് നിലയത്തിലും മെഡിക്കല്‍ കോളെജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണല്‍ ആന്റ് ചൈല്‍ഡ് ഹെല്‍ത്തിലും ഗവണ്മെന്റ് ആശുപത്രിയിലും ജോലിചെയ്തു. 1990 ല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നു വിരമിച്ചു. വിരമിച്ചശേഷം മംഗളം കോഴിക്കോട് മേഖലാ റെസിഡന്റ് എഡിറ്ററായിരുന്നു.
കേരള സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഭരണസമിതി അംഗമായിരുന്നു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം വൈസ് പ്രസിഡന്റും എക്സിക്യുട്ടീവ് അംഗവുമായിരുന്നു. നാല് തവണ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഫിലിം അവാര്‍ഡ് കമ്മറ്റികളില്‍ ജൂറി അംഗവുമായിരുന്നു.
പൊക്കുന്ന് ഗുരുവായൂരപ്പന് കോളേജിന് സമീപം അക്ഷരം വീട്ടിലായിരുന്നു താമസം. ഭാര്യ: ഫാത്തിമാബീവി. മക്കള്‍: ഫിറോസ്, കബീര്‍, അദീപ്, സറീന, സുലേഖ. മരുമ ക്കള്‍: കെ. സലാം(ബേബി കെയര്‍), സഗീര്‍ അബ്ദുള്ള(ദുബായ്), സുബൈദ, ഫെരീഫ, റാഹില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: