ന്യൂദല്‍ഹി : തദ്ദേശീയമായി നിര്‍മിത പരിശീലന യുദ്ധവിമാനം യുഎസിന് വില്‍ക്കാനൊരുങ്ങി ഇന്ത്യ. അത്യാധുനിക പോര്‍വിമാനങ്ങളും ബോംബറുകളും പക്കലുള്ള യുഎസ് ഇന്ത്യയില്‍ നിന്നും പോര്‍വിമാനങ്ങള്‍ വാങ്ങിക്കുന്നത് രാജ്യത്തിന് വലിയ നേട്ടമാണ്.
യുഎസ് നേവി അണ്ടര്‍ ഗ്രാജ്വേറ്റ് ജെറ്റ് ട്രെയിനിങ് സിസ്റ്റത്തിനായി (യുജെടിഎസ്) അന്വേഷിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ത്യ തദ്ദേശീയ ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റിന്റെ (എല്‍സിഎ) ലീഡ് ഇന്‍ ഫൈറ്റര്‍ ട്രെയിനര്‍ (ലിഫ്റ്റ്) പതിപ്പ് വാഗ്ദാനം ചെയ്യുകയായിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.
എല്‍സിഎയുടെ നാവിക പതിപ്പിന് സമാനമായ പരിശീലന പോര്‍വിമാനമാണ് ഇന്ത്യ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ പോര്‍വിമാനത്തിന്റെ വിമാനവാഹിനിക്കപ്പലില്‍ നിന്നുള്ള ടേക്ക് ഓഫും ലാന്‍ഡിങ്ങും വിജയകരമായി പൂര്‍ത്തിയാക്കിയതാണ്. കോക്ക്പിറ്റ് ഡിസ്പ്ലേ ലേ ഔട്ട്, നൂതന ഏവിയോണിക്സ് ഉള്‍പ്പെടെ വിമാനത്തിന്റെ എല്ലാ വിശദമായ പ്ലാനുകളും ഇന്ത്യ യുഎസിന് കൈമാറിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വിമാനത്തിന്റെ എല്ലാ നിര്‍മാണ ജോലികളും തദ്ദേശീയമായി തന്നെ പൂര്‍ത്തിയാക്കിയിട്ടുള്ളതാണ്. 57 പരിശീലക പോര് വിമാനങ്ങള്‍ക്കായി 9.6 ബില്യണ്‍ ഡോളറാണ് അമേരിക്കന്‍ നാവികസേന മുടക്കുകയെന്നാണ് സൂചനകള്‍. അമേരിക്കന്‍ നാവിക സേനയുടെ പരിശീലക പോര്‍വിമാനത്തിന്റെ കരാര്‍ ഇന്ത്യക്ക് ലഭിച്ചാല്‍ അത് വലിയ നേട്ടമാവുകയും ചെയ്യും.
ഇന്ത്യ ആദ്യമായാണ് ഒരു വികസിതരാജ്യത്തിന് മുന്‍പാകെ തദ്ദേശീയമായി നിര്‍മിച്ച പരിശീലക പോര്‍വിമാനം നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്നത്. യുഎസ് നേവി ആവശ്യപ്പെട്ട എല്ലാ അടിസ്ഥാന പാരാമീറ്ററുകളും എല്‍സിഎ പാലിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു വിമാനം നിലവിലില്ലാത്തതിനാല്‍ ഇന്ത്യന്‍ വിമാനത്തെ യുഎസ് നേവി ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുന്നതിന് വിജയസാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ കരുതുന്നത്. ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിനായി അറബ് രാജ്യങ്ങള്‍ താത്പ്പര്യം പ്രകടിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് യുഎസിനും യുദ്ധവിമാനം വില്ക്കാന് ഇന്ത്യ തയ്യാറാകുന്നത്.
ഇതിനു മുമ്പ് ബഹ്റൈന്‍ എയര്‍ ഷോയില്‍ പങ്കെടുത്തപ്പോള്‍ ഇന്ത്യന്‍ നിര്‍മിത തേജസ്.യുദ്ധ വിമാനത്തിനായി മലേഷ്യ താത്പ്പര്യം പ്രകടിപ്പിക്കുകയും, നല്കാന് ഇന്ത്യ തയ്യാറാവുകയും ചെയ്തിരുന്നു. ഇത് കൂടാതെ 2018ല്‍ ശ്രീലങ്ക, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ തേജസ് വാങ്ങാന്‍ താത്പ്പര്യം പ്രകടിപ്പിച്ചിട്ടുള്ളതാണ്.
തെക്കു കിഴക്കന്‍ ഏഷ്യ, പടിഞ്ഞാറന്‍ ഏഷ്യ, വടക്കന്‍ ആഫ്രിക്ക എന്നിവ കേന്ദ്രീകരിച്ച് ഇന്ത്യ ആയുധ വ്യാപാരത്തിന് എച്ച്എഎല്ലിന് പദ്ധതിയുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തേജസ് യുദ്ധ വിമാനത്തിന് പുറമേ അറ്റാക്ക് ഹെലിക്കോപ്റ്റര്‍ രുദ്ര, അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലിക്കോപ്റ്റര്‍ ധ്രുവ് എന്നിവയാണ് ഇന്ത്യയുടെ പ്രധാന തുറുപ്പു ചീട്ടുകള്‍. എച്ച്എഎല്ലിന് പുറമേ ദസാള്‍ട്ട്, ബോയിങ്, തുടങ്ങി രാജ്യാന്തര വ്യോമയാന കമ്പനികളും അമേരിക്കന്‍ നാവികസേനയുടെ കരാറിനായി സജീമായി രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: