ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്കിടയില്‍ തീവ്ര ഇടതുപക്ഷക്കാര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. കര്‍ഷക സമരത്തെ തകര്‍ക്കാനും ലഹളയുണ്ടാക്കാനുമാണ് അവര്‍ ശ്രമിക്കുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്കിയ അഭിമുഖത്തില്‍ മന്ത്രി വ്യക്തമാക്കി.
തീവ്ര ഇടതുപക്ഷം കര്‍ഷക സമരത്തെ ഹൈജാക്ക് ചെയ്തെന്ന ആരോപണങ്ങള്‍ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്തകളായി പുറത്തു വരുന്നതിനിടെയാണ് ഇത്തരത്തില്‍ ആരോപണവുമായി കേന്ദ്രമന്ത്രി രംഗത്തുവന്നിട്ടുള്ളത്. പുതിയ കാര്‍ഷിക നിയമങ്ങള്‍ ദോഷകരമാണെങ്കില്‍, കാര്‍ഷിക ഉത്പാദന വിപണന സമിതികള്‍ (എപിഎംസി) മാത്രമാണ് ഒരേയൊരു രക്ഷാമാര്‍ഗമെങ്കില്‍ കേരളത്തില്‍ എന്തുകൊണ്ടാണ് അത് നിയമമാക്കാത്തതെന്ന് അദ്ദേഹം ആരാഞ്ഞു. ഇതിനുപുറമെ ഗുരുതരമായ കുറ്റങ്ങള്‍ നേരിടുന്ന കവികളെയും ബുദ്ധിജീവികളെയും മോചിപ്പിക്കണമെന്നടക്കം കര്‍ഷക പ്രക്ഷോഭകര്‍ ആവശ്യമുന്നയിക്കുന്നുണ്ടെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഇടതുപക്ഷ മാവോയിസ്റ്റ് ഘടകങ്ങള്‍ പ്രക്ഷോഭകരില്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് പിയൂഷ് ഗോയല്‍ ആരോപിച്ചത്. മാത്രമല്ല, യുഎപിഎ അടക്കമുള്ളവ ചുമത്തപ്പെട്ടവര്‍ക്ക് വേണ്ടി സമരം നടക്കുന്ന ഇടങ്ങളില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുകയും അത്തരത്തിലുള്ള പ്രസ്താവനകള്‍ സമരക്കാര്‍ മുന്നോട്ടുവയ്ക്കുകയും ചെയ്തിട്ടുണ്ടെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: