കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ അങ്കം മുറുകുന്നു. പല ഡിവിഷനുകളിലും തുടക്കം ത്രികോണ മത്സരമായിരുന്നെങ്കില്‍ ഇപ്പോള്‍ നേരിട്ടുള്ള മത്സരമായികഴിഞ്ഞു. മുസ്ലിംലീഗ് മത്സരിക്കുന്നതും മുസ്ലിം ലീഗിനെ സ്വാധീനമുള്ളതുമായ ഡിവിഷനുകളൊഴിച്ച് മറ്റ് പല ഡിവിഷനുകളിലും യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. ഇവിടെ എന്‍ഡിഎ- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നേരിട്ടുള്ള മത്സരമായി മാറിയിരിക്കുന്നു.
യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളെ വിമതശല്യമാണ് കുഴക്കുന്നത്. വലിയങ്ങാടി, കുതിരവട്ടം, കുണ്ടൂപ്പറമ്പ്, വെള്ളയില്‍ എന്നിവിടങ്ങളില്‍ സിപിഎമ്മിന് തലവേദനയായിരിക്കുന്നത് ഔദ്യോഗിക സ്ഥാനാര്ത്ഥികള്ക്കതിരെ പാര്‍ട്ടി നേതാക്കള്‍ തന്നെ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നതാണ്. 28-ാം ഡിവിഷനില്‍ കുതിരവട്ടത്ത് സിപിഎമ്മിലെ എം.സി. അനില്‍കുമാറിനെതിരെ രംഗത്തുള്ളത് മുന്‍ ഡിവൈഎഫ്ഐ നേതാവും പാര്‍ട്ടി മെമ്പറുമായിരുന്നു രഘൂത്തമനാണ്. കൊമ്മേരി, കുതിരവട്ടം വാര്‍ഡുകളില്‍ കഴിഞ്ഞ മൂന്ന് തവണയായി പതിനഞ്ച് വര്‍ഷം കൗണ്‍സിലറായി ജയിച്ച ആളെ തന്നെ വീണ്ടും മത്സരിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് രഘൂത്തമന് സിപിഎമ്മിനെതിരെ രംഗത്തു വന്നിരിക്കുന്നത്. പാര്‍ട്ടിയില്‍ പുതിയ തലമുറയ്ക്ക് അവസരം നിഷേധിച്ച് സ്ഥിരം സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയതില്‍ പ്രതിഷേധിച്ചാണ് തന്റെ മത്സരമെന്നും അതിന് പാര്‍ട്ടി നേതാക്കളുടെ അനുവാദം ആവശ്യമില്ലെന്നും രഘുത്തമന് പറഞ്ഞു.
വലിയങ്ങാടി വാര്‍ഡില്‍ ഇടതുപക്ഷത്തെ എല്‍ജെഡി സ്ഥാനാര്‍ത്ഥിയായ അഡ്വ. തോമസ് മാത്യുവിനെതിരെ മത്സരിക്കുന്നത് സിപിഎം പാര്‍ട്ടി അംഗമായ കെ. അബ്ദുള്‍ നാസര്‍ എന്ന കെ.എ. നാസറാണ്.
പാളയം വാര്‍ഡില്‍ കോണ്‍ഗ്രസ്സിന്റെ സക്കറിയ പി. ഹുസൈനെതിരെ രംഗത്തുള്ളത് മണ്‍കലം ചിഹ്നത്തില്‍ വോട്ടു തേടുന്ന റഫീക്കാണ്. പാളയം, പുതിയറ, കുതിരവട്ടം തുടങ്ങിയ നഗരഡിവിഷനുകളില് ബിജെപി വന്‍ മുന്നേറ്റമാണ് അവസാനവട്ട പ്രചാരണത്തില്‍ കൈവരിച്ചിരിക്കുന്നത്.
കാരപ്പറമ്പ്, പാളയം, വെള്ളയില്‍ വാര്‍ഡുകളില്‍ യുഡിഎഫിന് വിമതരുണ്ട്. പേരാമ്പ്രയില്‍ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി പി.കെ. രാജേഷിനെതിരെ മുന്‍ യുഡിഎഫ് മണ്ഡലം കണ്‍വീര്‍ പി.പി. രാമകൃഷ്ണന് സജീവമായി രംഗത്തുണ്ട്. നാദാപുരം മേഖലയില്‍ യുഡിഎഫിന് പലപഞ്ചായത്തുകളിലും വിമതരാണ് ഭീഷണിയുയര്‍ത്തുന്നത്. കൊടുവള്ളിയില്‍ രണ്ടു വാര്‍ഡുകളില്‍ കോണ്‍ഗ്രസ്സിനെതിരെ മുസ്ലിം ലീഗ് വിമതര്‍ മത്സരിക്കുന്നു.
വിമതരുടെ എതിര്‍പ്പില്‍ തിരിച്ചടി നേരിടുന്ന ഇരുമുന്നണികള്‍ക്കെതിരെ ബിജെപി വന്‍ മുന്നേറ്റമാണ് നേടിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: