കുണ്ടറ: പാതയോരങ്ങളില്‍ നേന്ത്രക്കായ നാലുകിലോ നൂറുരൂപയ്ക്ക് ലഭിക്കുമ്പോള്‍ ഉപഭോക്താവ് സന്തോഷവാനാണെങ്കിലും നെഞ്ചെരിയുന്നത് വാഴകൃഷിക്കാരുടെയാണ്. ജില്ലയിലെ കിഴക്കന്‍ മേഖലകളിലാണ് കൂടുതലായും വാഴക്കൃഷിയുള്ളത്. അഞ്ചല്‍, ആയൂര്‍, പത്തനാപുരം മുതലായ സ്ഥലങ്ങളില്‍ പരമ്പരാഗതമായി വാഴക്കൃഷി ജീവിതമാര്‍ഗമാക്കിയ വലിയൊരു വിഭാഗം കര്‍ഷകകുടുംബങ്ങള്‍ക്ക് ഈ മേഖല നേരിടുന്ന വിലത്തകര്‍ച്ച തിരിച്ചടിയാവുകയാണ്.
വായ്പയെടുത്തും കടംവാങ്ങിയുമൊക്കെയാണ് പാട്ടത്തിനെടുത്ത സ്ഥലത്ത് പലരും കൃഷിയിറക്കിയത്. കോവിഡിനൊപ്പം മാറി വരുന്ന കാലാവസ്ഥയും മലയോര വനമേഖലകളിലെ വന്യമൃഗങ്ങളുടെ ആക്രമണഭീഷണിയും ഇവരുടെ കൃഷിക്ക് വിലങ്ങുതടിയായതിന് പിന്നാലെ, അര്‍ഹതപ്പെട്ട വില ലഭിക്കാത്തതും വേദനയുടെ മൂര്‍ച്ചകൂട്ടി. രണ്ടുവര്‍ഷമായി പ്രകൃതിക്ഷോഭം കര്‍ഷകരെ ശ്വാസംമുട്ടിക്കുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നാലിലൊന്ന് വരുമാനം മാത്രമേ ഇക്കുറി ലഭിച്ചുള്ളൂവെന്ന് കര്‍ഷകര്‍ പറയുന്നു.
നേന്ത്രപ്പഴത്തിന്റെ സീസണായിരുന്ന ജൂലൈ. ആഗസ്റ്റ് മാസത്തില്‍ കര്‍ഷകര്‍ക്ക് 26 മുതല്‍ 28 രൂപ വരെ മാത്രമേ കിലോക്ക് ലഭിച്ചുള്ളൂ. പിന്നീടത് 24 രൂപ, 14, ഒന്‍പത്, എട്ട് എന്നിങ്ങനെ താഴ്ന്നു. മുന്‍ വര്‍ഷങ്ങളില്‍ 40 മുതല്‍ 56 രൂപ വരെ വില ലഭിച്ചിടത്തായിരുന്നു ഇത്. മാത്രമല്ല, കറുത്തപുള്ളികള്‍ പ്രത്യക്ഷപ്പെട്ട വാഴക്കുല രണ്ട്, മൂന്ന് എന്നിങ്ങനെ തരംതിരിക്കുകയും ചെയ്തതോടെ കര്‍ഷരുടെ ആത്മവിശ്വാസം ചോര്‍ന്നു.
കാലാവസ്ഥാവ്യതിയാനവും വന്യമൃഗങ്ങളുടെ ആക്രമണവും കാരണവും വന്‍നാശമാണ് മലയോര വനമേഖലകളിലെ കൃഷിയിടത്തില്‍ കര്ഷകന് നേരിടേണ്ടിവരുന്നത്. നിലവിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികളില്‍നിന്ന് അര്‍ഹമായ തുക കിട്ടുന്നില്ലെന്നും പരാതിയുയരുന്നുണ്ട്. വാഴക്കര്‍ഷകര്‍ക്ക് മൂന്ന് രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 95 രൂപ ഒരു വാഴയ്ക്ക് ലഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഭൂരിപക്ഷം പേര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. അതേസമയം കൃഷിവകുപ്പ് വഴി 300 രൂപവരെ കരകൃഷി ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നുണ്ടെങ്കിലും വയല്‍ കൃഷി ചെയ്യുന്നെന്ന സാങ്കേതികകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ ഒഴിവാക്കുന്നതായും അറിയുന്നു.
ഇത്തരത്തിലുള്ള തരംതിരിവ് സര്‍ക്കാര്‍ ഇടപെട്ട് ഒഴിവാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഒരു വാഴ വളര്‍ത്തി കുല കൊത്തുന്നതുവരെ ഏകദേശം 250 രൂപ മുതല്‍ 300 രൂപ വരെയാണ് ചെലവ്. അതില്‍ കന്ന് വാങ്ങുന്നതും നിലമൊരുക്കുന്നതും വളമിടുന്നതും ഉള്‍പ്പെടും. സാധാരണ പോലെ ചിങ്ങത്തില് കന്ന് നട്ടെങ്കിലും പൊടുന്നനെയുണ്ടായ ന്യൂനമര്‍ദം കാരണം വെള്ളം കയറി എല്ലാം നശിച്ചു. ഇത്തരത്തിലുള്ള കാലാവസ്ഥാ വ്യതിയാനം കര്‍ഷകരുടെ പിടിച്ചുനില്‍ക്കാനുള്ള കരുത്തും ചോര്‍ത്തുമ്പോള്‍ കര്‍ഷകന്റെ കണ്ണീര് തുടയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: