തിരുവനന്തപുരം : ജയിലില്‍ വെച്ച് തനിക്ക് നേരെ ഭീഷണിയുണ്ടായെന്ന സ്വപ്ന സുരേഷിന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ദക്ഷിണമേഖല ജയില്‍ ഡിഐജിയുടെ ജയില്‍ മേധാവിക്ക് നല്കിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച് വ്യക്തമാക്കുന്നത്. ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും സംസ്ഥാന സര്‍ക്കാരിനുള്ള അന്തിമ റിപ്പോര്‍ട്ട് കൈമാറുക.
സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്ന് അട്ടക്കുളങ്ങര ജയിലിലെത്തിയ ചില ഉദ്യോഗസ്ഥര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു കോടതിയില്‍ സ്വപ്ന പരാതിയായി എഴുതി നല്‍കിയത്. രഹസ്യമൊഴി നല്കിയതിനാല് ജയിലില്‍ ഇപ്പോഴും ഭീഷണി ഉണ്ടെന്നും സ്വപ്ന കോടതിയെ അറിയിച്ചു.
എന്നാല്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് സ്വപ്ന തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അഭിഭാഷകന് നല്കിയ രേഖയില്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും അവര്‍ പറഞ്ഞതായും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത് കൂടാതെ സ്വപ്നയെ അന്വേഷണ ഉദ്യോഗസ്ഥരും ബന്ധുക്കളും മാത്രമാണ് ജയിലിലെത്തി കണ്ടിട്ടുള്ളത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്ന് ജയില്‍ അധികൃതര്‍ നേരത്തെ വ്യക്തമാക്കിയതാണ്.
തുടര്‍ന്ന് ഒക്ടോബര്‍ 14നാണ് സ്വപ്നയെ ജയിലിലെത്തിച്ചത്. അന്ന് മുതല്‍ നവംബര്‍ 25 വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനായ ജയില്‍ ഡിഐജി അജയകുമാര്‍ പരിശോധിച്ചിട്ടുണ്ട്. ജയിലില്‍ കഴിയവേ ഒരു പ്രാവശ്യം സ്വപ്ന അമ്മയെ ഫോണ്‍ ചെയ്തിട്ടുണ്ട്. ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഫോണ്‍ വിളിച്ചതും ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയതുമെന്നും ഡിഐജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അതേസമയം സ്വപ്നയോടും കോടതിയില്‍ നല്കിയ അപേക്ഷയെ കുറിച്ച് ഡിഐജി ചോദിച്ചിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിയെ കോടതിയുടെ അനുമതിയില്ലാതെ ചോദ്യം ചെയ്യാനാകില്ല എന്നത് കൊണ്ട് ഈ വിശദീകരണം ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താനാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: