തൃശൂര്‍: കൊറോണ മഹാമാരിക്കിടയിലും സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ജനങ്ങള്‍ ബൂത്തുകളിലേക്ക് ഒഴുകിയെത്തിയത് മുന്നണി നേതൃത്വങ്ങള്‍ക്ക് ആശ്വാസമായി. മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആദ്യമായിട്ടാണ് ജനങ്ങള്‍ ഒന്നാകെ പുറത്തേക്ക് ഇറങ്ങിയത്. രോഗഭീഷണി അവസാനിച്ചിട്ടില്ലാത്തതിനാല്‍ പോളിങ്ങ് കുറയുമോ എന്ന ആശങ്കയിലായിരുന്നു മുന്നണികള്‍. എന്നാല്‍ അത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് സൂചിപ്പിക്കുന്നതായിരുന്നു രാവിലെ മുതല്‍ കോര്പ്പറേഷന് ഡിവിഷനുകളിലെ ബൂത്തുകള്‍ക്ക് മുന്നിലെ നീണ്ട നിര.
രാവിലെ 7 മുതല്‍ ജനങ്ങളുടെ ആവേശം പ്രകടമായിരുന്നു. പലരും രാവിലെ എത്തി വോട്ട് ചെയ്ത് മടങ്ങുന്ന കാഴ്ചയാണ് ഉണ്ടായത്. വോട്ടെടുപ്പ് ആരംഭിച്ച് രാവിലെ തന്നെ 30 ശതമാനം പോളിങ്ങ് പല ഡിവിഷനുകളിലെ ബൂത്തുകളിലും രേഖപ്പെടുത്തി.
ഉച്ചയ്ക്ക് ശേഷവും പലയിടങ്ങളിലും തിരക്ക് അനുഭവപ്പെട്ടു. കിഴക്കുംപാട്ടുകര, കാളത്തോട്, കൂര്‍ക്കഞ്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ പോളിങ് ഉദ്യോഗസ്ഥര്‍ ഭക്ഷണം കഴിക്കാന്‍ ഏറെ സമയം ചെലവഴിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ആളുകള്‍ വോട്ടു ചെയ്യാന്‍ ക്യൂ നില്ക്കുന്ന സമയത്താണ് ഭക്ഷണം കഴിക്കാനായി ഇവര്‍ എഴുന്നേറ്റ് പോയത് പിന്നീട് അരമണിക്കൂറിന് ശേഷമാണ് തിരികെയെത്തിയത് ഇത് പ്രതിഷേധത്തിന് ഇടയാക്കി. വൈകിട്ട് 5 മണിയ്ക്ക് വോട്ടെടുപ്പ് അവസാനിക്കുമെന്ന് പറഞ്ഞെങ്കിലും ഒല്ലൂര്‍ ഡിവിഷനില്‍ വോട്ടര്‍മാരുടെ നീണ്ട നിരതന്നെ ഉണ്ടായിരുന്നു. ഇതും പ്രതിഷേധത്തിന് ഇടയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: