തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ മൊഴികളില്‍ നാല് മന്ത്രിമാരെ കുറിച്ച് പരാമര്‍ശം ഉള്ളതായി റിപ്പോര്‍ട്ട്. സ്വപ്ന സുരേഷും, സരിത്തും കസ്റ്റംസ് മുമ്പാകെ നല്കിയ റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച് പ്രസ്താവന നടത്തിയിരിക്കുന്നത്. ഈ മന്ത്രിമാരുമായുള്ള ബന്ധത്തെ കുറിച്ചും ഇടപാടുകള്‍ സംബന്ധിച്ചും കസ്റ്റംസ് മൊഴിയില്‍ പ്രതിപാദിക്കുന്നുണ്ട്.
സ്വപ്ന, സരിത്ത് എന്നിവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് സമര്‍പ്പിച്ച രഹസ്യരേഖയിലെ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് കോടതി പരാമര്‍ശിച്ചിരുന്നു. സ്വപ്നയുടെ ഫോണില്‍ നിന്നു സിഡാകിന്റെ സഹായത്തോടെ വീണ്ടെടുത്ത വാട്സാപ് സന്ദേശങ്ങളില്‍ മന്ത്രിമാരുമായുള്ള ബന്ധത്തെക്കുറിച്ചു സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോള്‍ സ്വപ്നയും സരിത്തും പറഞ്ഞ വിവരങ്ങളാണ് കസ്റ്റംസ് രഹസ്യരേഖയായി കോടതിയില്‍ നല്‍കിയത്.
മന്ത്രിമാരില്‍ ചിലരുമായി സാമ്പത്തിക ഇടപാടുകളും നടത്തിയിരുന്നുവെന്നും മൊഴിയിലുണ്ട്. ഇതോടെ സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിന് എതിരെയുള്ള കുരുക്ക് വീണ്ടും മുറുകുകയാണ്. കേസില്‍ ഉന്നതരുടെ ഇടപാടുകളെക്കുറിച്ച് പരാമര്‍ശം വന്നതോടെ കേന്ദ്ര അന്വേഷണ സംഘം ദല്‍ഹിയിലെ ഉന്നത ഉദ്യോഗസ്ഥരുമായും ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത്കുമാര്‍ ദല്‍ഹിയില്‍ കസ്റ്റംസ് ബോര്‍ഡുമായി ചര്‍ച്ച നടത്തി ഇന്ന് മടങ്ങിയെത്തും. കൂടാതെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്പെഷല്‍ ഡയറക്ടര്‍ പ്രശാന്ത്കുമാര്‍ ദല്‍ഹിയില്‍നിന്ന് കൊച്ചിയിലെത്തി അന്വേഷണ സംഘവുമായി കൂടിയാലോചന നടത്തി മടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: