തൃശൂര്‍ : രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ പോളിങ് സമയത്തിന് മുമ്പായി ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയെന്ന മന്ത്രി എ.സി. മൊയ്തീനെതിരായ ആരോപണം അടിസ്ഥാന രഹിതമെന്ന് ജില്ലാ കളക്ടര്‍. പോളിങ് സമയം ആരംഭിക്കുന്നതിന് മുമ്പ് മന്ത്രി വോട്ട് രേഖപ്പെടുത്തിയതില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് ജില്ലാകളക്ടറോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
പ്രിസൈഡിങ് ഓഫീസറുടെ വാച്ചില്‍ 7 മണിയായപ്പോഴാണ് വോട്ടിങ് തുടങ്ങിയത്. ഇതില്‍ ചട്ടവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് ജില്ലാ കളക്ടര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. മന്ത്രിക്കെതിരായി ഉയര്‍ന്നിട്ടുള്ള ആരോപണത്തില്‍ ഒരു കഴമ്പും ഇല്ലെന്നും ഇതില്‍ പറയുന്നുണ്ട്.
തൃശ്ശൂരിലെ തെക്കുംകര പനങ്ങാട്ടുകരയിലെ പോളിങ് ബൂത്തില്‍ വ്യാഴാാഴ്ച രാവിലെ 6.40 ഓടെ വോട്ട് രേഖപ്പെടുത്താനെത്തിയ മന്ത്രി ക്യൂ നിന്നു. വരിയിലെ ഒന്നാമനും മന്ത്രിയായിരുന്നു. ഒരുക്കങ്ങള്‍ പൂര്‍ത്തിയായ ശേഷം പോളിങ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോള്‍ മന്ത്രി ബൂത്തില്‍ കയറി വോട്ട് രേഖപ്പെടുത്തുകയായിരുന്നു.
തുടര്‍ന്നാണ് പോളിങ് സമയത്തിന് മുമ്പേ തന്നെ മന്ത്രി വോട്ട് രേഖപ്പെടുത്തിയതെന്ന് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ ഇതുസംബന്ധിച്ച് ജില്ലാകളക്ടറോടും റിട്ടേണിങ് ഓഫീസറോടും റിപ്പോര്‍ട്ട് തേടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: