കണ്ണൂര്‍: യുഡിഎഫില്‍ അഴിമതി നടത്തുന്നവര്‍ക്ക് സംരക്ഷണം കൊടുക്കുന്നവരുടെ താവളമായി എല്‍ഡിഎഫ് മാറിയപ്പോള്‍ മറുവശത്ത് സിപിഎം ചെയ്യുന്ന എല്ലാ കൊള്ളരുതായ്മകളെയും പിന്തുണയ്ക്കുകയോ നിശബ്ദത പാലിക്കുകയോ ചെയ്യുന്ന പ്രതിപക്ഷമായി കേരളത്തിലെ യുഡിഎഫും മാറിയെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. കണ്ണൂര്‍ താവക്കര വലിയ വളപ്പ് കാവിനു സമീപം എന്‍ഡിഎ കുടുംബയോഗം ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാര്‍കോഴക്കേസും സോളാര്‍ കേസും നാലര വര്‍ഷത്തെ പിണറായിയുടെ ഭരണത്തിനൊടുവില്‍ എന്തായെന്ന് പരിശോധിച്ചാല്‍ ഈ അഡ്ജസ്റ്റ്മെന്റ് നമുക്ക് മനസ്സിലാകും. യുഡിഎഫിന്റെ ഒരാളെ പോലും അറസ്റ്റ് ചെയ്തില്ലെന്ന് മാത്രമല്ല രണ്ട് കേസിലും പ്രതിനായക സ്ഥാനത്തായിരുന്നവരെ സിപിഎം കൂടെക്കൂട്ടി. വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്ന് സിപിഎം പറഞ്ഞ കെ.എം. മാണിയുടെ മകന് ജോസ് കെ. മാണിയെ എല്ഡിഎഫിലിരുത്തി. വി.എസ്. അച്യുതാനന്ദന് സുപ്രീം കോടതി വരെ കേസ് നടത്തി ശിക്ഷിച്ച ബാലകൃഷ്ണപ്പിള്ള ഇന്ന് എല്‍ഡിഎഫ് താവളത്തിലാണ്.
സി.എം. രവീന്ദ്രന് വായതുറന്നാല്‍ കുടുങ്ങാന്‍ പോകുന്നത് പിണറായിയാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. അതുകൊണ്ടാണ് ഇഡിയുടെ ചോദ്യം ചെയ്യലില്‍ നിന്ന് രവീന്ദ്രന് ഒളിച്ചോടുന്നത്. ഇപ്പോള്‍ മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് വന്ന് താമസിക്കേണ്ട സാഹചര്യത്തിലെത്തി. സിപിഎം നേതൃത്വം ജനങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ് ചെയ്യുന്നത്. തദ്ദശത്തെരഞ്ഞെടുപ്പില് കേരളത്തില്‍ ഒരു മൂന്നാം ബദല്‍ ഉയര്‍ന്നുവരുമെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി പൊതുസമൂഹത്തില്‍ ചര്‍ച്ചചെയ്യപ്പെടാനുള്ള അവസരം ഒഴിവാക്കാനാണ് കേരളത്തിലെ പ്രതിപക്ഷം ശ്രമിച്ചത്. എന്നാല്‍ ഭാരതീയ ജനതാപാര്‍ട്ടി നടത്തിയ തുടര്‍ച്ചയായ സമരമാണ് പിണറായി സര്‍ക്കാരിന്റെ അഴിമതി കേരളത്തില്‍ ചര്‍ച്ചാവിഷയമാക്കിയത്. ഇടത്-വലത് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തെകുറിച്ച് കേരളത്തിലെ ജനങ്ങള്‍ക്ക് പൂര്‍ണ്ണ ബോധ്യമുണ്ടെന്നും തദ്ദേശത്തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി കണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് കെ. രതീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍, കണ്ണൂര്‍ കോര്പറേഷന് എന്‍ഡിഎ സ്ഥാനാര്‍ഥികളായ അഡ്വ. കെ. രഞ്ജിത്ത്, എം.കെ. സുമിത്, ഡി. ഭവ്യ, അഡ്വ. യു.എന്‍. ശ്രീപ്രഭ, പി. സെലീന, അഡ്വ. അര്‍ച്ചന വണ്ടിച്ചാല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: