ചൗക്കീദാര്‍ എന്നാല്‍ കാവല്‍ക്കാരന്‍. മുഖ്യമന്ത്രി പിണറായി വിജയനെ സംസ്ഥാനത്തിന്റെ കാവലേല്‍പ്പിക്കുകയോ? ഇത്രയൊക്കെ ആയിട്ടും? ഈ കാവല്‍ക്കാലത്തെ കൃത്യങ്ങളൊക്കെ അറിഞ്ഞും വിലയിരുത്തിയുമാണോ ഈ ചോദ്യം എന്നെല്ലാം ചോദ്യം ഉയരാം. പക്ഷേ, ഈ ‘കാവല്‍’ വേറേ തലത്തിലാണ്. വിശദമാക്കാം…
കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിന് ഭരണഘടനാപരമായി 2021 മെയ് 25 വരെ തുടരാം. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റത് 2016 മെയ് 26ന് ആയിരുന്നു.
അഞ്ചുവര്‍ഷമാണല്ലോ നിയമസഭകളുടെ കാലാവധി. അതിനിടയില്‍ അസാധാരണമായി ഒന്നും സംഭവിച്ചില്ലെങ്കില്‍ ഏതു സര്‍ക്കാരിനും അതു പൂര്‍ത്തിയാക്കാം. പക്ഷേ, ഭരണഘടനാപരമായി സംസ്ഥാന ഭരണത്തിന് ചുമതലപ്പെട്ടവര്‍ കര്‍ത്തവ്യം നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ കേന്ദ്ര സര്‍ക്കാരിന്, രഷ്‌ട്രപതിയിലൂടെ ഇടപെടാം. സര്‍ക്കാരിന്റെ നടത്തിപ്പ് നേരിട്ട് നടത്താം. അതാണ് വിവാദങ്ങള്‍ ഏറെ ഉണ്ടാക്കിയിട്ടുള്ള ഭരണഘടനയുടെ 356-ാം വകുപ്പ്.
ഇനി, തെരഞ്ഞെടുപ്പ് നടന്ന് മുഖ്യമന്ത്രിയും അധികാരമേറ്റു, പക്ഷേ, മറ്റൊരു സര്‍ക്കാര്‍ സംവിധാനം രൂപപ്പെടാന്‍ ഇടയില്ലാത്ത വിധത്തിലുള്ള രാഷ്‌ട്രീയ സാഹചര്യത്തില്‍, മുഖ്യമന്ത്രി സ്ഥാനമൊഴിയുകയും തെരഞ്ഞെടുപ്പിന് ശുപാര്‍ശ നല്‍കുകയും ചെയ്യുന്ന സാഹചര്യമുണ്ടാകാം. അപ്പോള്‍ ഗവര്‍ണര്‍ ആയിരിക്കും ഭരിക്കുക, പക്ഷേ, മുഖ്യമന്ത്രി കാവല്‍ക്കാരനായിരിക്കും. അങ്ങനെ, കാവല്‍ക്കാരനായി മുഖ്യമന്ത്രിക്ക് തുടരാം, അടുത്ത തെരഞ്ഞെടുപ്പുവരെ.
വാസ്തവത്തില്‍ ‘കാവല്‍’ തന്നെയാണ് മുഖ്യമന്ത്രിയുടെ ജോലി. സംസ്ഥാനത്തിന്റെ കാവല്‍. സംസ്ഥാന ജനതയുടെ, സംസ്ഥാനത്തിന്റെ അതിര്‍ത്തിയുടെ, സംസ്‌കാരത്തിന്റെ എന്നു വേണ്ട എല്ലാ തലത്തിലും തരത്തിലുമുള്ള കാവല്‍ക്കാരനാണ് മുഖ്യമന്ത്രി. അതുകൊണ്ടാണ് സംസ്ഥാനത്തിന്റെ ഏതു കാര്യം വന്നാലും അതില്‍ മുഖ്യമന്ത്രി മുഖ്യ വിഷയകാരകനാകുന്നത്.
ഏതു സംസ്ഥാനത്തിന്റെയും നേട്ടങ്ങള്‍ക്ക് അതത് മുഖ്യമന്ത്രിയാണ് കാരണക്കാരന്‍, അതേപോലെ കോട്ടങ്ങള്‍ക്കും. സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടതെല്ലാം ചെയ്യേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണ്. അതില്‍ നേട്ടങ്ങള്‍ക്ക് അവകാശവാദവും കോട്ടങ്ങള്‍ക്ക് മറ്റുള്ളവരേയോ സാഹചര്യങ്ങളേയോ പഴിചാരലും വാസ്തവത്തില്‍ കക്ഷിരാഷ്‌ട്രീയത്തിന്റെ ഭാഗമായ പ്രവര്‍ത്തനമാണ്. രണ്ടിന്റേയും ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണ്. പറഞ്ഞു വരുന്നത്, മുഖ്യമന്ത്രിപദം എന്നത് ഒരു സംസ്ഥാനത്തെ ചുമലേല്‍ക്കല്‍ എന്ന വലിയ ചുമതലയാണ്.
പക്ഷേ, കാവലേല്‍പ്പിക്കുന്നവര്‍ക്ക് വീഴ്ച പറ്റിയാലോ. കാവല്‍ക്കാരനെ മാറ്റണം. കാവല്‍ക്കാരന് കാഴ്ചയും കാഴ്ചപ്പാടും കുറഞ്ഞുവെന്ന് ആക്ഷേപം വന്നാലോ, ആരോപണം വന്നാലോ? ഒന്നുകില്‍ കാവല്‍ക്കാരന്‍ സ്വയം മാറണം, അല്ലെങ്കില്‍ അതിനേല്‍പ്പിച്ചവര്‍ മാറ്റണം. കേരളത്തിലെന്നല്ല, ഇന്ത്യയിലാകെ ജനാധിപത്യ സംവിധാനത്തില്‍ നയിക്കുന്നവരെ, അതായത് പ്രധാന ഭരണാധികാരിയെയും അവരുടെ കൗണ്‍സിലിനേയും തിരഞ്ഞെടുക്കുന്നത് ജനങ്ങളല്ല. ജനങ്ങള്‍ക്ക് തെരഞ്ഞെടുക്കാനവകാശം ജനപ്രതിനിധികളെ ആണ്. ഭൂരിപക്ഷം കിട്ടുന്ന പാര്‍ട്ടികളും സംഘടനകളുമാണ് സര്‍ക്കാരുകളെ നയിക്കുന്നവരെ തിരഞ്ഞെടുക്കുന്നത്. ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നവര്‍ക്ക്, തിരിച്ചു വിളിക്കാന്‍ പോലും നമ്മുടെ ജനപ്രാതിനിധ്യ നിയമത്തില്‍ (ആര്‍പിഎ- റപ്രസന്റേഷന്‍ ഓഫ് പീപ്പിള്‍സ് ആക്ട്) വകുപ്പില്ല. തെരഞ്ഞെടുക്കുമ്പോള്‍ പോലും മത്സരിക്കുന്ന ‘ഇവരാരുമല്ല എന്റെ പ്രതിനിധി’ എന്നു പറയാനുള്ള അവകാശം (നോട്ടാ വോട്ട്) കിട്ടിയത് അടുത്തകാലത്താണല്ലോ?
ഒരു സര്‍ക്കാരിന്, അതും രാഷ്‌ട്രീയ അതിപ്രസരമുള്ള, പോരാ, കക്ഷിരാഷ്‌ട്രീയ അതിപ്രസരമുള്ള സംസ്ഥാനത്ത്, ആരോപണങ്ങളും ആക്ഷേപങ്ങളുമില്ലാതെ ഭരിക്കാന്‍ ആവില്ലെന്നത് സത്യം. പക്ഷേ, ആരോപണം വന്നാല്‍ അത് അസത്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. ആക്ഷേപം വന്നാല്‍ അത് ശരിയല്ലെന്ന് തെളിയിക്കണം. അതും കടമയില്‍ പെടുന്ന കാര്യമാണ്. അല്ലെങ്കില്‍ ഉത്തരവാദിത്വമേറ്റ് പിന്‍മാറണം. അല്ലെങ്കില്‍, തുടക്കത്തില്‍ പറഞ്ഞതുപോലെ കാവല്‍ക്കാരനാക്കണം, ഔദ്യോഗിക കാവല്‍ക്കാരന്‍.
കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍, പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയെ കാവല്‍ മുഖ്യമന്ത്രിയാക്കണം. ഇനി ശേഷിക്കുന്ന അഞ്ചു മാസം പിണറായി കാവല്‍മുഖ്യമന്ത്രിയാകട്ടെ. ഗവര്‍ണറുടെ, അല്ലെങ്കില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ ഭരിക്കട്ടെ. കേള്‍ക്കുമ്പോള്‍ അസ്വാഭാവികത തേന്നാം. ഇത് കേന്ദ്ര ഭരണമല്ലേ എന്ന്, 356-ാം വകുപ്പിന്റെ വിനിയോഗമല്ലേ എന്ന്, സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രം പിരിച്ചുവിടുകയല്ലേ എന്ന്. അല്ല.
പിണറായി സര്‍ക്കാര്‍ ഭരിക്കട്ടെ. കാവല്‍ മുഖ്യമന്ത്രിയായി തുടരട്ടെ. പുതിയ നയമൊന്നും പ്രഖ്യാപിക്കാന്‍ അനുവദിക്കരുത്. പുതിയ പദ്ധതിയും പ്രഖ്യാപിക്കാന്‍ സമ്മതിക്കരുത്. പുതിയ നടപടിക്കും തുടക്കം കുറിക്കാന്‍ അനുമതി നല്‍കരുത്. മറിച്ച്, ഇപ്പോള്‍ പ്രഖ്യാപിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ സുതാര്യമായി പൂര്‍ത്തിയാക്കട്ടെ. ആ പദ്ധതികള്‍ കോടതികളുടെ മേല്‍നോട്ടത്തിലാകട്ടെ. പ്രതിമാസം പുരോഗതി റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് നല്‍കട്ടെ.
കാരണമുണ്ട്. പിണറായി സര്‍ക്കാര്‍ കളങ്കിതമായി. സര്‍ക്കാരിനെതിരേ പ്രതിപക്ഷ കക്ഷികള്‍ മാത്രമല്ല ആക്ഷേപവും ആരോപണവും ഉന്നയിക്കുന്നത്. ഭരണത്തിലെ ക്രമക്കേടും അഴിമതിയും കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ ശരിവെക്കുന്നു. കോടതികളില്‍ കേസ് അംഗീകരിക്കുന്നു. കേസില്‍ പ്രതികള്‍ക്ക് ജാമ്യം നിഷേധിക്കുന്നു. ഗുരുതരമായ ഭരണപ്പിഴവെന്ന് വിധി പറയേണ്ടവര്‍ അഭിപ്രായപ്പെടുന്നു. ഗുരുതരമാണ് വിഷയം.
കുറ്റം ചെയ്തവര്‍ക്കും അന്വേഷണ ഏജന്‍സികള്‍ക്കും അവരുടെ രഹസ്യ റിപ്പോര്‍ട്ടുകള്‍ കണ്ട കോടതിക്കും കാര്യങ്ങള്‍ ബോധ്യമായിട്ടുണ്ട്. സ്വര്‍ണക്കടത്ത് മാത്രമല്ല, കറന്‍സിക്കടത്ത്, ഹവാല, ലഹരി മരുന്നു വ്യാപാരം, ഭരണ അഴിമതി, സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഔദ്യോഗിക രഹസ്യം ചോര്‍ത്തിക്കൊടുക്കല്‍, അതിനെല്ലാം മന്ത്രിസഭാംഗങ്ങളുടെ ഒത്താശ… തീര്‍ന്നില്ല, സര്‍ക്കാരിനും മീതേയെന്നോ തുല്യമെന്നോ പറയാവുന്ന ഭരണഘടനാ സംവിധാനങ്ങള്‍ക്കുമേലും ആരോപണങ്ങള്‍, ആക്ഷേപങ്ങള്‍.
ഈ കുഴപ്പങ്ങളെല്ലാം അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിലേ ആയിട്ടുള്ളു. കൂടുതല്‍ വിവരങ്ങള്‍ വരാനിരിക്കുന്നതേ ഉള്ളു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഖ്യപ്രതിയായി നില്‍ക്കുന്ന സ്ഥിതിയില്‍ ഒന്നു തീരുമാനിക്കണം, ഈ സര്‍ക്കാര്‍ ഇനി അധികമൊന്നും ‘ഭരി’ക്കരുത്- അതായത് ജനങ്ങളെ ബാധിക്കുകയോ സ്വാധീനിക്കുകയോ ചെയ്യുന്ന ഒരു പ്രവൃത്തിയും ചെയ്യരുത്.
ഈ സര്‍ക്കാരിനെ മന്ത്രിസഭാ യോഗം ചേര്‍ന്ന് സംസ്ഥാനത്തെ സംബന്ധിക്കുന്ന ഒരു തീരുമാനവും എടുക്കാന്‍ അനുവദിക്കരുത്. ഈ നിയമസഭ ഇനി സമ്മേളിച്ച് നയവും നിയമവും ചര്‍ച്ച ചെയ്യരുത്. അത്തരത്തില്‍ ഒരു മരവിപ്പിക്കലിന് വേണ്ടത് കാവല്‍ മുഖ്യമന്ത്രിയെന്ന സംവിധാനമാണ്.
ഇത് സാധിക്കാവുന്നതേ ഉള്ളു. അത് സംസ്ഥാനത്തിന്റെ വികസനത്തെ ബാധിക്കുന്നതാകില്ല. കാരണം, ശേഷിക്കുന്ന അഞ്ചുമാസമല്ലല്ലോ അഞ്ചുവര്‍ഷത്തേക്ക് തെരഞ്ഞെടുത്ത ഒരു സര്‍ക്കാര്‍ വികസനം ആസൂത്രണം ചെയ്യുകയോ അവതരിപ്പിക്കുകയോ ആവിഷ്‌കരിക്കുകയോ ചെയ്യേണ്ടത്. ഇതുവരെ ചെയ്തവ പൂര്‍ത്തിയാക്കട്ടെ, അതും കോടതിയുടെ മേല്‍നോട്ടത്തില്‍. വികസനം മുടങ്ങില്ല.
ഇത്തരമൊരു ആവശ്യവുമായി ഒരു പൗരന്‍ കോടതിയെ സമീപിച്ചാല്‍, ശരിയാണ് തീരുമാനം ദുഷ്‌കരമാകും. അങ്ങനെയൊരു ഹര്‍ജി ഫയലില്‍ പോലും സ്വീകരിക്കാനിടയില്ലെന്ന് ചില നിയമജ്ഞര്‍ അഭിപ്രായപ്പെട്ടു. പക്ഷേ, പ്രതീക്ഷയ്‌ക്ക് വക നല്‍കുന്ന ഒരു തീരുമാനം സുപ്രീംകോടതിയില്‍നിന്ന് കഴിഞ്ഞ ദിവസം വന്നു. 2020 ഡിസംബര്‍ ഏഴിന്- പാര്‍ലമെന്റിന് പുതിയ മന്ദിരസമുച്ചയം നിര്‍മിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനവും അതില്‍ സുപ്രീംകോടതിയുടെ തീരുമാനവും. പദ്ധതിക്ക് തറക്കല്ലിടുകയാണ് പ്രധാനമന്ത്രി. പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതാണ്. പരിസ്ഥിതി പ്രശ്നം അടക്കമുള്ള വിഷയങ്ങളില്‍ പദ്ധതിക്കെതിരേ ഹര്‍ജിപോയി. കോടതി പദ്ധതി സ്റ്റേ ചെയ്യാത്തതിനാല്‍ സര്‍ക്കാര്‍ തുടര്‍ നടപടിയുമായി പുരോഗമിച്ചു. അപ്പോള്‍ കോടതി പറഞ്ഞു, ശരി, കല്ലിട്ടോളൂ, ബാക്കി കോടതി പറഞ്ഞിട്ട്, കോടതിയെ അറിയിച്ച്…
ഈ മാതൃക ഇവിടെയും സ്വീകരിക്കാം. പിണറായി സര്‍ക്കാര്‍ തുടങ്ങിയത് തീരുംവരെ തുടരട്ടെ. പുതിയതൊന്നും വേണ്ട, എല്ലാം കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കട്ടെ. അങ്ങനെ, കട്ടുവെന്നും മുടിച്ചുവെന്നും ക്രമക്കേട് കാട്ടിയെന്നും ആരോപിക്കപ്പെടുന്ന മുഖ്യമന്ത്രിതന്നെ, സംസ്ഥാനത്തിന്റെ കാവല്‍ക്കാരനായി തുടരട്ടെ. തുടങ്ങിവെച്ച വികസന പരിപാടികള്‍ കോടതി നിരീക്ഷണത്തില്‍ തുടരട്ടെ. കാവല്‍ക്കാരന്‍ കള്ളനല്ലെന്ന് ബോധ്യപ്പെടുത്താനുള്ള അവസരം ആകട്ടെ. അങ്ങനെ കേരളത്തില്‍ ഒരു ചൗക്കീദാര്‍ ഉണ്ടാവട്ടെ. ആ ചൗക്കീദാറിനെ, കേന്ദ്രത്തില്‍ ‘ഞാന്‍ ചൗക്കീദാര്‍’ എന്ന് സ്വയം പ്രഖ്യാപിച്ച പ്രധാനമന്ത്രി മോദി, ആറു വര്‍ഷം ഭരിച്ചിട്ടും കള്ളന്‍ എന്ന പേരുദോഷം കേള്‍പ്പിക്കാത്തത് ജനങ്ങള്‍ താരതമ്യം ചെയ്യട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: