തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന അഞ്ചു ജില്ലകളില്‍ ആദ്യഘട്ടത്തേക്കാള്‍ ഉയര്‍ന്ന പോളിംഗ്. 76.31 ശതമാനമാണ് ഇതുവരെയുള്ള പോളിംഗ്. 73.12 ശതമാനമായിരുന്നു ആദ്യഘട്ടത്തില്‍ പോളിംഗ്. കോവിഡ് ആശങ്കള്‍ക്കിടയിലും നഗരങ്ങളിലും ഗ്രാമങ്ങളിലും മികച്ച പോളിംഗ് രേഖപ്പെടുത്തി. കോട്ടയം 73.9%, എറണാകുളം 77.05%, തൃശൂര്‍ 74.96%, പാലക്കാട് 77.87%, വയനാട് 79.39% എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിംഗ് കണക്കുകള്‍.
രാവിലെയും വൈകിട്ടും പലയിടത്തും വോട്ടര്‍മാരുടെ നീണ്ടനിര പ്രകടമായി. പലയിടത്തും വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കി. വയനാട്ടില്‍ വനിതാ വോട്ടറും തെരഞ്ഞെടുപ്പ് ജോലിക്ക് എത്തിയ പൊലീസ് ഉദ്യോഗസ്ഥനും കുഴഞ്ഞുവീണ് മരിച്ചു. തൃശൂരില്‍ വോട്ടെടുപ്പ് തുടങ്ങും മുമ്പേ മന്ത്രി എ സി മൊയ്തീനെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്യിച്ചുവെന്ന് പരാതി ഉയര്‍ന്നു.
വടക്കാഞ്ചേരിയിലെ ബൂത്തില്‍ നടന്ന സംഭവത്തില്‍ അനില്‍ അക്കര എംഎല്‍എ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി. എറണാകുളം കിഴക്കമ്പലത്ത് അതിഥി തൊഴിലാളികളെ വോട്ട് ചെയ്യിക്കുന്നതിനെതിരെ എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ച് രംഗത്തെത്തി. കോട്ടയം മുണ്ടക്കയത്ത് എളങ്കോട് ബൂത്തില്‍ രാവിലെ ആറിന് തന്നെ 19 പേരെ വോട്ടു ചെയ്യിച്ചു. ഏഴു മണിക്കാണ് വോട്ടെടുപ്പ് തുടങ്ങുന്നതെന്ന് പിന്നീടാണ് ഉദ്യോഗസ്ഥര്‍ ഓര്‍മിച്ചത്.
പിന്നാലെ 19 വോട്ടുകളും റദ്ദാക്കി വോട്ടര്‍മാരെ തിരികെ വിളിച്ച് വീണ്ടും വോട്ട് ചെയ്യിച്ചു. കോട്ടയത്ത് കേരള കോണ്‍ഗ്രസ് സ്വാധീന മേഖലകളില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തി. കെ എം മാണിയെ ചതിച്ചവര്‍ക്കുള്ള മറുപടി ഈ തെരഞ്ഞെടുപ്പിലൂടെ ലഭിക്കുമെന്നായിരുന്നു കേരളാ കോണ്‍ഗ്രസ്(എം) നേതാവ് ജോസ് കെ മാണിയുടെ പ്രതികരണം. കെ എം മാണിയെ ദ്രോഹിച്ചവര്‍ക്കൊപ്പമാണ് ജോസ് കെ മാണി പോയതെന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: