ന്യൂദല്‍ഹി: കാര്‍ഷിക നിയമം സംബന്ധിച്ച് കര്‍ഷകരും കേന്ദ്രസര്‍ക്കാരും തമ്മില്‍ ചര്‍ച്ചകള്‍ തുടരുമ്പോള്‍ ഭാവി പ്രക്ഷോഭ പരിപാടികള്‍ പ്രഖ്യാപിക്കുന്നത് ശരിയല്ലെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍. ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. ചര്‍ച്ചകള്‍ മുടങ്ങിപ്പോയിട്ടില്ല. ചര്‍ച്ചകള്‍ നടക്കുമ്പോള്‍ കര്‍ഷകര്‍ അവരുടെ അഭിപ്രായം പറയണമെന്നും ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു നിയമവും പൂര്‍ണമായി മോശമല്ലെന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യം പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. ദോഷകരമായി ബാധിക്കുന്ന ഏതെങ്കിലും വ്യവസ്ഥകള്‍ നിയമത്തിലുണ്ടെന്ന് കര്‍ഷകര്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ അക്കാര്യം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്. തങ്ങളുടെ നിര്‍ദേശങ്ങള്‍ ഇന്നലെ കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്.
അവര്‍ പ്രക്ഷോഭത്തിന്റെ അടുത്തഘട്ടം പ്രഖ്യാപിച്ചു. ഇതു ശരിയല്ല. പ്രക്ഷോഭം അവസാനിപ്പിച്ച് ചര്‍ച്ച നടത്താന്‍ അവരോട് അപേക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനത്തിനിടെയും കൊടുംതണുപ്പിലും സമരം ചെയ്യുന്ന കര്‍ഷകരെക്കുറിച്ച് സര്‍ക്കാരിന് ആശങ്കയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പലവട്ടം കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടത്തി. ആശങ്കകള്‍ പരിഹരിക്കാനായി കര്‍ഷകരുടെ ഭാഗത്തുനിന്നുള്ള നിര്‍ദേശങ്ങള്‍ക്കായി സര്‍ക്കാര്‍ കാക്കുകയാണ്. എന്നാല്‍ നിയമം പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷകര്‍ കുടുങ്ങിക്കിടക്കുയാണെന്നും അദ്ദേഹം പഞ്ഞു. സര്‍ക്കാര്‍ എല്ലായ്പ്പോഴും ചര്‍ച്ചയ്ക്ക് തയ്യാറാണ്. താങ്ങുവിലയെ നിയമം ബാധിക്കില്ലെന്നും ഇതു തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: