മുംബൈ: നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വന്‍ ലഹരിമരുന്നു വേട്ട നടത്തി നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍സിബി). രണ്ടരക്കോടി വിലവരുന്ന അഞ്ച് കിലോ ഹാഷിഷ് മുംബൈയില്‍ നിന്നു പിടിച്ചെടുത്തു. പതിനാറു ലക്ഷം രൂപയും കണ്ടെടുത്തു.
ലഹരിക്കടത്തുകാരനായ റിഗെല്‍ മഹാകാലയെ എന്‍സിബി അറസ്റ്റ് ചെയ്തു. ഏറെക്കാലമായി പോലീസും നല്‍ക്കോട്ടിക്സ് ബ്യൂറോയും അന്വേഷിച്ചിരുന്ന കുറ്റവാളിയാണ് റിഗെല്‍. സെപ്റ്റംബറില്‍ അറസ്റ്റിലായ അഞ്ജു കേശ്വാണിക്കു ലഹരിമരുന്നു വിതരണം ചെയ്തിരുന്നത് റിഗെലാണ്. റിഗെലില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ റെയ്ഡുകള്‍ തുടരുകയാണ്.
സുശാന്തിന്റെ കാമുകിയായിരുന്ന നടി റിയ ചക്രവര്‍ത്തിയുമായോ സഹോദരന് ഷോവിക്കുമായോ റിഗെലിന് ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോയെന്ന് എന്‍സിബി വ്യക്തമാക്കിയിട്ടില്ല. റിയയുമായുള്ള ഇവരുടെ ബന്ധത്തെക്കുറിച്ച് ഇപ്പോള്‍ പറയാനാവില്ലെന്ന് എന്‍സിബി മേഖലാ ഡയറക്ടര്‍ സമീര്‍ വാംഖഡെ പറഞ്ഞു.
ലഹരിക്കടത്തുകാരനായ കെയ്സാന്‍ ഇബ്രാഹിമില്‍ നിന്നാണ് കേശ്വാണിയെക്കുറിച്ചും പിന്നീട് റിഗെലിനെക്കുറിച്ചും വിവരം ലഭിച്ചത്. കഴിഞ്ഞ സെപ്റ്റംബറില്‍ അറസ്റ്റിലായ കേശ്വാണിയുടെ വീട്ടില്‍നിന്ന് 590 ഗ്രാം ഹാഷിഷും 0.64 ഗ്രാം എല്‍എസ്ഡി ഷീറ്റുകളും 340 ഗ്രാം കഞ്ചാവും പിടിച്ചെടുത്തിരുന്നു. റിയയ്ക്കും സുശാന്തിനും ലഹരിമരുന്ന് എത്തിച്ചിരുന്നത് കേശ്വാണിയാണെന്നാണ് കരുതുന്നത്.
കഴിഞ്ഞ ജൂണിലാണ് മുംബൈയിലെ അപ്പാര്‍ട്ട്മെന്റില്‍ സുശാന്ത് സിങ് രാജ്പുത്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സുശാന്തിന്റെ അച്ഛന്റെ പരാതിയെത്തുടര്‍ന്നാണ് ദുരൂഹമരണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കുന്നത്. സംഭവത്തില്‍ ലഹരിമരുന്നു മാഫിയക്കുള്ള ബന്ധമാണ് നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ അന്വേഷിക്കുന്നത്. സുശാന്തിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെ റിയ ചക്രവര്‍ത്തിയുടെ ചില ചാറ്റുകളില്‍ ലഹരിമരുന്നു ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങളുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയതോടെയാണ് എന്‍സിബി അന്വേഷണം വ്യാപകമാക്കിയത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരാണ് അറസ്റ്റിലായത്.
ദീപിക പദുക്കോണ്‍, സാറ അലി ഖാന്, അര്ജുന് രാംപാല്‍ തുടങ്ങി പല ബോളിവുഡ് പ്രമുഖരെയും എന്‍സിബി ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: