ന്യൂദല്‍ഹി: ഇന്ത്യയിലെ ഡിജിറ്റല്‍ വിപ്ലവത്തിന് കൂടുതല്‍ കരുത്തു പകര്‍ന്ന് ആര്‍ബിഐയും. ഡിജിറ്റല്‍ പേമെന്റ് വ്യാപകമാക്കാന്‍ ഈ മാസം 14 മുതല്‍, ഏഴു ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആര്‍ടിജിഎസ് സൗകര്യം ആരംഭിക്കുമെന്ന് ആര്‍ബിഐ പ്രഖ്യാപിച്ചു. റിയല്‍ടൈം ഗ്രോസ് സെറ്റില്‍മെന്റ് എന്ന ആര്‍ടിജിഎസ് വലിയ സാമ്പത്തിക ഇടപാടുകള്‍ക്കുള്ളതാണ്. ഒക്ടോബര്‍ ഒമ്പതിന് പ്രഖ്യാപിച്ച നയപ്രകാരം ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആര്‍ടിജിഎസ് സംവിധാനം ഡിസംബര്‍ 14ന് രാത്രി 12.30ന് നിലവില്‍ വരും, ആര്‍ബിഐ പത്രക്കുറിപ്പില്‍ അറിയിച്ചു.
ഇതോടെ ഈ സൗകര്യം രാത്രിയില്‍ പോലും ലഭ്യമാക്കുന്ന അപൂര്‍വം രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ. 2019 ഡിസംബറില്‍ നെഫ്റ്റ് (നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്സ് ട്രാന്‍സ്ഫര്‍) സംവിധാനം ഏഴ് ദിവസവും 24 മണിക്കൂറും ലഭ്യമാക്കിയിരുന്നു. രണ്ടു ലക്ഷം രൂപ വരെയുള്ള ഫണ്ട് ട്രാന്‍സ്ഫറുകളാണ് നെഫ്റ്റ് വഴി നടത്താന്‍ കഴിയുന്നത്. ആര്‍ടിജിഎസ് വഴി വലിയ തുകകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാം. ഉപഭോക്താക്കള്‍ക്കും ബാങ്കുകള്‍ തമ്മിലും ഇനി ഏതു പാതിരാത്രിയിലും പണം കൈമാറാം. ഇന്ത്യയില്‍ 2004 മാര്‍ച്ച് 26നാണ് ആര്‍ടിജിഎസ് ആരംഭിച്ചത്. ഇപ്പോള്‍ 237 ബാങ്കുകള്‍ വഴി പ്രതിദിനം 4.17 ലക്ഷം കോടി രൂപയുടെ 6.35 ലക്ഷം ഇടപാടുകളാണ് രാജ്യത്ത് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: