ന്യൂദല്‍ഹി: അടിയന്തര സാഹചര്യങ്ങളിലെ കൊറോണ വാക്സിനുകളുടെ ഉപയോഗത്തിന് അനുമതി തേടിയുള്ള കമ്പനികളുടെ അപേക്ഷയില്‍ വിശദവിവരങ്ങള്‍ ആവശ്യപ്പെട്ട് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്ഗനൈസേഷന് (സിഡിഎസ്സിഒ). അനുമതി ആവശ്യപ്പെട്ടുള്ള വാക്സിന് നിര്‍മാതാക്കളുടെ അപേക്ഷ തള്ളിയെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ആരോഗ്യ മന്ത്രാലയവും അറിയിച്ചു.
വാക്സിനുകള്‍ക്ക് അനുമതി നല്‍കുന്നതിനായി അവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണ്. അതിനായി അടുത്ത ചര്‍ച്ചയില്‍ വാക്സിനുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സമര്‍പ്പിക്കണം. ഇവ പരിശോധിച്ച് വരുന്ന ആഴ്ചകളില്‍ വാക്സിനുകള്‍ക്ക് അനുമതി നല്‍കിയേക്കാമെന്നും സിഡിഎസ്സിഒ അറിയിച്ചു.
ഭാരത് ബയോടെക്കിന്റെ കൊവാക്സിന്, സെറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിര്‍മിക്കുന്ന ഓക്സ്ഫഡ്-ആസ്ട്രസെനെക വാക്സിന്, ബ്രിട്ടന്റെ ഫൈസര്‍ എന്നിവയാണ് അനുമതി ആവശ്യപ്പെട്ട് സമിതിയെ സമീപിച്ചത്. ആദ്യ രണ്ട് വാക്സിനുകളും രാജ്യത്ത് അവസാനഘട്ട പരീക്ഷണങ്ങളിലുള്ളവയാണ്. ഫൈസര്‍ ബ്രിട്ടനിലെ ജനങ്ങള്‍ക്ക് നല്കിത്തുടങ്ങുകയും ചെയ്തു.
വാക്സിനുകള്‍ക്ക് അനുമതി നല്‍കുക എന്നത് ഏറെക്കാലത്തെ പ്രക്രിയയാണ്. ഇവിടെ അത് തുടങ്ങിയിട്ടേ ഉള്ളൂ, അവര്‍ പറഞ്ഞു. ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയാണ് വാക്സിനുകള്‍ക്ക് അന്തിമ അനുമതി നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: