ന്യൂദല്‍ഹി: കര്‍ഷക സമരം ഒത്തുതീര്‍ക്കാനുള്ള ഊര്‍ജിത ശ്രമങ്ങളുടെ ഭാഗമായി, കേന്ദ്ര സര്‍ക്കാര്‍ എഴുതി നല്കിയ വാഗ്ദാനങ്ങളും കര്‍ഷക സംഘടനകള്‍ തള്ളി. പുതിയ നിയമങ്ങള്‍ പിന്‍വലിച്ചേ പറ്റൂയെന്ന കടുംപിടിത്തത്തിലാണ് സംഘടനകള്‍. സമരം ഒത്തുതീര്‍ക്കാന്‍ മുന്‍പു നടന്ന ചര്‍ച്ചകളില്‍ നല്കിയ ഉറപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ എഴുതി നല്‍കുകയും ചെയ്തു. കേന്ദ്രം നല്കിയ ഏഴ് ഭേദഗതി നിര്‍ദേശങ്ങളും കര്‍ഷക സംഘടനകള്‍ തള്ളുകയാണ് ചെയ്തത്.
താങ്ങുവില തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ പല തവണ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ കര്‍ഷകര്‍ തുടര്‍ന്നും സംശയം പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ താങ്ങുവില തുടരുമെന്ന് സര്‍ക്കാര്‍ എഴുതി നല്കി. മണ്ഡികള്‍ക്കു പുറത്ത് സ്വകാര്യ വ്യക്തികള്‍ക്ക് വ്യാപാരം നടത്താന്‍ രജിസ്ട്രേഷന് അനുവദിക്കാം, മണ്ഡികള്‍ക്കും സ്വകാര്യ ചന്തകള്‍ക്കും തുല്യ നികുതി ഏര്‍പ്പെടുത്താം, കരാര്‍ക്കൃഷി തര്‍ക്കങ്ങളില്‍ തീര്‍പ്പ് കല്പിക്കാന് മേല്‍ക്കോടതികള്‍ അനുവദിക്കാം തുടങ്ങിയ വാഗ്ദാനങ്ങളാണ് കേന്ദ്രം മുന്നോട്ടുവച്ചത്. കൃഷി സ്ഥലത്ത് കച്ചി കത്തിച്ച് മലിനീകരണം ഉണ്ടാക്കുന്ന കര്‍ഷകര്‍ക്ക് പിഴ ചുമത്താനുള്ള വ്യവസ്ഥ മൂലമുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാന്‍ നടപടി എടുക്കാമെന്നും കേന്ദ്രം വാഗ്ദാനം ചെയ്തു. കര്‍ഷകര്‍ക്കുള്ള വൈദ്യുതി നിരക്കിലും അത് നിശ്ചയിക്കുന്ന രീതിയിലും മാറ്റം ഉണ്ടാവില്ലെന്നും കേന്ദ്രം അറിയിച്ചു.
തങ്ങളുടെ കൃഷി ഭൂമികള്‍ വന്‍കിട കോര്‍പറേറ്റുകള്‍ തട്ടിയെടുക്കുമെന്നാണ് കര്‍ഷകരുടെ പ്രധാന ആശങ്ക. അങ്ങനെ ചെയ്യാന്‍ സാധിക്കില്ലെന്ന് നിയമത്തില്‍ത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും കര്‍ഷകര്‍ക്ക് കൂടുതല്‍, വ്യക്തത വരാന്‍, കൃഷി ഭൂമി പണയം വച്ച് വായ്പയെടുക്കാനോ കര്‍ഷകര്‍ക്കു മുന്നില്‍ അത്തരം വ്യവസ്ഥകള്‍ വയ്ക്കാനോ സാധിക്കില്ലെന്ന് ചേര്‍ക്കാമെന്നും സര്‍ക്കാര്‍ രേഖാമൂലം ഉറപ്പു നല്കി. പുതിയ രണ്ടു കര്‍ഷക നിയമങ്ങളിലായി ഇത്തരം ഏഴു ഭേദഗതികള്‍ വരുത്താമെന്നാണ് കാര്‍ഷിക മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി തയാറാക്കിയ കരടില്‍ വ്യക്തമാക്കിയിരുന്നത്.
നിര്‍ദേശങ്ങള്‍ അടങ്ങിയ കരട് സമരം ചെയ്യുന്ന 13 കര്‍ഷക സംഘടനാ നേതാക്കള്‍ക്ക് നല്കി. ഇതാണ് തള്ളിയത്. കരടില്‍ പുതുതായി ഒന്നുമില്ലെന്നും കര്‍ഷകരെ അപമാനിക്കുകയാണെന്നുമാണ് കര്‍ഷക യൂണിയന് നേതാക്കളുടെ വിശദീകരണം. പുതിയ നിയമങ്ങള്‍ പിന്‍വലിച്ചേ പറ്റൂയെന്ന കടുത്ത നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതിനു പിന്നില്‍ കോണ്‍ഗ്രസും അകാലിദളും അടക്കമുള്ള ചില രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാധീനമുണ്ടെന്നാണ് ഇതിനകം തെളിഞ്ഞിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: