തിരുവനന്തപുരം: ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി രണ്ടു ദിവസം കഴിഞ്ഞില്ല. മുന്നണികള്‍ തങ്ങളുടെ വിശകലനങ്ങളില്‍ മുഴുകി തുടങ്ങി. സംസ്ഥാനത്തെ പ്രധാന മുന്നണികളുടെ ആദ്യ വിശകലനങ്ങളില്‍ ബിജെപി കോര്പ്പറേഷന് ഭരണം കൊണ്ടുപോകുമോയെന്ന ആശങ്കയാണ് നിഴലിച്ചു നില്‍ക്കുന്നത്. ആരും ഭരിക്കാനുള്ള ഭൂരിപക്ഷം നേടില്ലെന്ന് ആശ്വസിക്കുകയുമാണ് എല്‍ഡിഎഫും യുഡിഎഫും. നേരിയ വ്യത്യാസത്തിന് നഷ്ടമായ നഗരസഭാ ഭരണം ഇത്തവണ ഉറപ്പായും സ്വന്തമാക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ബിജെപി.
ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ കോര്പ്പറേഷന് ഭരണം ആരു നേടുമെന്ന ചര്‍ച്ചയിലാണ് തലസ്ഥാനത്തെ മൂന്നു മുന്നണികളും. എന്നാല്‍ അടിയൊഴുക്കുകളില്‍ വോട്ടുകള്‍ മറിഞ്ഞിട്ടുണ്ടോയെന്ന ആശങ്കയിലാണ് ഇടതു വലതു മുന്നണികള്‍. പ്രാഥമിക വിലയിരുത്തലില്‍ കേവല ഭൂരിപക്ഷം ഉറപ്പിക്കാന്‍ ഇരുമുന്നണികള്‍ക്കും ആകുന്നുമില്ല. കഴിഞ്ഞ തവണത്തേക്കാള്‍ മുന്നേറ്റമുണ്ടാകുമെന്ന വിശ്വാസത്തിലാണു യുഡിഎഫ്. എന്നാല്‍ ഭൂരിപക്ഷം നേടാനുള്ള അവസരത്തെ സ്വര്‍ണക്കടത്ത് ബാധിച്ചോയെന്ന ആശങ്കയിലാണ് എല്‍ഡിഎഫ്.
ശക്തരായ സ്ഥാനാര്‍ഥികളെ ഇറക്കി തെരഞ്ഞെടുപ്പിനെ നേരിട്ടത് ബിജെപിക്ക് കോര്പ്പറേഷന് ഭരണം പിടിക്കാന്‍ സഹായകമാകും. കൊവിഡ് ഭീഷണി മറികടന്നും വോട്ടര്‍മാരെത്തിയത് ബിജെപി അനുകൂല തരംഗമാണെന്നാണ് ബിജെപി വിലയിരുത്തല്‍. വോട്ടെടുപ്പ് കഴിഞ്ഞശേഷം പുറത്തുവരുന്ന ആദ്യ റിപ്പോര്‍ട്ടുകളും ബിജെപിക്ക് അനുകൂലമാണ്. അതിന്റെ ആത്മവിശ്വാസത്തിലാണ് എന്‍ഡിഎ ക്യാമ്പ്. കഴിഞ്ഞ തവണ നേടിയ 35 സീറ്റുകള്‍ നിലനിര്‍ത്തുകയും ഇരുപത്തഞ്ചോളം സീറ്റുകളില്‍ നേരിയ വ്യത്യാസത്തിന് നഷ്ടമായവ ഇത്തവണ തിരികെ പിടിക്കുകയും ചെയ്യുമെന്ന ഉറച്ച വിശ്വാസമാണ് ബിജെപി പുലര്‍ത്തുന്നത്. വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, നേമം നിയോജക മണ്ഡലങ്ങളിലെ ഭൂരിപക്ഷം വാര്‍ഡുകളും വിജയിക്കും. തീരദേശം ഉള്‍പ്പെടുന്ന തിരുവനന്തപുരം മണ്ഡലത്തിലും ശക്തമായ പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
വോട്ട് മറിഞ്ഞോയെന്ന ആശങ്ക യുഡിഎഫ് ക്യാമ്പുകളില്‍ കാര്യമായിട്ടുണ്ട്. പ്രമുഖ സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ ചില സിറ്റിങ് സീറ്റുകള്‍ നഷ്ടമായേക്കാമെന്ന ഭയവും യുഡിഎഫിനുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ മുന്നേറുമെന്നതിനപ്പുറം കാര്യമായ പ്രതീക്ഷ യുഡിഎഫിനില്ല. തീരദേശവും തിരുവനന്തപുരം മണ്ഡലവും തുണച്ചാല്‍ 30 വരെ സീറ്റാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ പരമാവധി കൂട്ടിക്കിഴിച്ചുനോക്കിയാലും ഇടതുപക്ഷത്തിന് 45 സീറ്റിനപ്പുറം സിപിഎമ്മുകാരും കാണുന്നില്ല. പരമാവധി 35 മുതല്‍ 45 സീറ്റുവരെയാണ് പാര്‍ട്ടിക്കുള്ളിലെ വിലയിരുത്തല്‍. ആര്‍ക്കും ഭൂരിപക്ഷം കിട്ടില്ലെന്നും അവര്‍ വിലയിരുത്തുന്നു. ബിജെപി നഗരസഭ ഭരണം കൊണ്ടുപോകുമോയെന്ന ആശങ്ക ഇരുമുന്നണികള്‍ക്കുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: