കൊല്ലം: മണ്‍ട്രോതുരുത്തില്‍ സിപിഎം പ്രവര്‍ത്തകനായിരുന്ന മണിലാല്‍ കൊല്ലപ്പെട്ട കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎമ്മിന്റെയും വാദം തള്ളി പോലീസ്. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ പ്രശ്നങ്ങളല്ലെന്നും വ്യക്തി വൈരാഗ്യമാണെന്നും പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലും എഫ്ഐആറിലും വ്യക്തമാക്കുന്നു.
മണിലാല്‍ നടത്തി വന്നിരുന്ന ഹോംസ്റ്റേയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഇയാളുടെ ഭാര്യയെ കളിയാക്കിയതിനെ തുടര്‍ന്നുണ്ടായ വഴക്കുമാണ് കൊലയ്ക്ക് പ്രേരണയായത്. സംഭവം രാഷ്ട്രീയ പക പോക്കലാണെന്നോ രാഷ്ട്രീയ കൊലപാതകമാണെന്നോ ഉള്ള ചെറിയ സൂചന പോലും എഫ്ഐആറിലും റിമാന്‍ഡ് റിപ്പോര്‍ട്ടിലും ഇല്ല. ഈ രണ്ട് രേഖകളിലും സിപിഎമ്മിനെക്കുറിച്ചോ ബിജെപിയെക്കുറിച്ചോ യാതൊന്നും പരാമര്‍ശിക്കുന്നില്ല. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിന് ഒരു ദിവസം ശേഷിക്കെയാണ് മണ്‍ട്രോതുരുത്ത് 5-ാം വാര്‍ഡിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു മുന്നില്‍ ഞായറാഴ്ച രാത്രി എട്ടു മണിയോടെ കൊലപാതകം നടന്നത്. ഇയാളുടെ സുഹൃത്ത് ദല്‍ഹി പോലീസില്‍നിന്ന് വിരമിച്ച തുപ്പാശേരില്‍ അശോകനാണ് മണിലാലിനെ കുത്തിയത്. അശോകനും സിപിഎം പ്രവര്‍ത്തകനാണ്.
അധികം വൈകാതെ മണിലാലിന്റെ മരണം രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നില്‍ ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും ആരോപിച്ച് സിപിഎം നേതാക്കളും പാര്‍ട്ടി ചാനലും രംഗത്തെത്തി. ഈ കുപ്രചാരണത്തിന് പാര്‍ട്ടിയുടെ സൈബര്‍ ഗുണ്ടകള്‍ വ്യാപക പ്രചാരവും നല്കി. പിറ്റേന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയനും ഇത് ഏറ്റുപിടിച്ചു.
ഇരുവരും തമ്മില്‍ മദ്യപിക്കുന്നതിനിടെ വ്യക്തിപരമായി ഉണ്ടായ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്ന് ബിജെപി ജില്ല, പ്രാദേശിക നേതൃത്വങ്ങള്‍ അന്നുതന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് രാഷ്ട്രീയ കൊലപാതകമാണെന്ന വാദത്തില്‍ ഇപ്പോഴും സിപിഎം നേതൃത്വം ഉറച്ചു നില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: