1660-ലെ വര്‍ഷപ്രതിപദയുടെ പൂര്‍വദിവസം ശയിസ്തേഖാന് സ്വരാജ്യത്തിന്റെ അതിര്‍ത്തിയിലെത്തി. അവിടംതൊട്ട് ഗ്രാമീണരെയും നഗരവാസികളെയും ഗ്രാമങ്ങള്‍തോറും നഗരങ്ങള്‍തോറും ചെന്ന് ആക്രമിക്കാന്‍ തുടങ്ങി. മഠങ്ങളും മന്ദിരങ്ങളും തകര്‍ത്തു തുടങ്ങി. സ്ത്രീപുരുഷ ഭേദമെന്യേ ജനങ്ങളെ കൊന്നൊടുക്കി. മതപരിവര്‍ത്തനം മുതലായവയുടെ നഗ്നതാണ്ഡവം നടത്തി. സ്വരാജ്യത്തിന്റെ ഓരോ കോട്ടയും കീഴടക്കിക്കൊണ്ട് പെരുമ്പാമ്പിനെപ്പോലെ പതുക്കെ മുന്നോട്ട് നീങ്ങി. ശിവാജി പന്‍ഹാളക്കോട്ടയില്‍ നിസ്സഹായാവസ്ഥയില്‍ കഴിയുകയായതിനാല്‍ ശയിസ്തേഖാനെ തടയാന്‍ സാധിക്കുമായിരുന്നില്ല. രാജഗഢില്‍ നിന്നും ജീജാബായിയുടെ നിര്‍ദ്ദേശമനുസരിച്ച് മാവളിവീരന്മാരുടെ ചെറിയ ഗണം അപ്രതീക്ഷിതമായി മുഗളസൈന്യത്തെ ആക്രമിച്ച് ആള്‍നാശം വസ്തുനാശം എന്നിവ വരുത്തി ഇരുട്ടില്‍ മറയുമായിരുന്നു.
ഇത്തരത്തിലുള്ള ഗറില്ലയുദ്ധതന്ത്രം മുഗളര്‍ക്ക് അപരിചിതമായിരുന്നു. മറാഠാ സൈന്യത്തിന്റെ കുതിരക്കുളമ്പടിയുടെ പ്രഹരമേറ്റും തീക്ഷ്ണമായ വാളിന്റെ ആഘാതംകൊണ്ടും ആ പെരുമ്പാമ്പിന്റെ ശരീരത്തില്‍ രക്തപ്രവാഹമുണ്ടായെങ്കിലും അതിന്റെ തൊലിക്കട്ടികൊണ്ട്, അത് ഭേദിച്ച് പ്രാണഹാനിവരുത്താന്‍ സാധിച്ചില്ല. അവസാനം ശയിസ്തേഖാന് പൂനേ നഗരത്തില്‍ എത്തി. ലാല്‍മഹളില്‍ തന്നെ താമസിക്കാനാരംഭിച്ചു. ഇവിടെയായിരുന്നു ശിവാജിയുടെ ബാല്യകാല ജീവിതം. സ്വരാജ്യത്തിന്റെ സ്വപ്നം ഉദിച്ചതും ഇവിടെയായിരുന്നു. ശിവാജിയുടെ വീടാണിത്. എന്നാലത് ഇന്ന് ശത്രുവിന്റെ മുഖ്യസ്ഥാനമായി മാറി. ഈ ഭവനത്തിനു ചുറ്റും ഒരു ലക്ഷത്തോളം സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. സ്വരാജ്യത്തിന്റെ രാജധാനിയായ രാജഗഡിനു മുകളിലും കാലത്തിന്റെ കരിനിഴല്‍ പതിച്ചിരിക്കുകയായിരുന്നു.
ബീജാപ്പൂരിന്റെ പരിസരങ്ങളില്‍ വിജയയാത്ര നടത്തിക്കൊണ്ടിരുന്ന നേതാജിപാല്ക്കല്, ശിവാജി പാല്ഹാള ദുര്‍ഗത്തില്‍ ബന്ധനസ്ഥനായിരിക്കയാണെന്നറിഞ്ഞു. എന്നാല്‍ അയ്യായിരം സൈന്യവുമായി ചെന്ന് ജൗഹറിന്റെ പ്രബലസൈന്യവ്യൂഹം തകര്‍ത്ത് ശിവാജിയെ മോചിപ്പിക്കുക എന്നത് അസാദ്ധ്യമാണ്. പിന്നെന്ത് എന്ന് ചിന്തിച്ചപ്പോള്‍ നേതാജിക്ക് മറ്റൊരുപായം തോന്നി. ബീജാപ്പൂരിന്റെ സൈന്യം ജൗഹറിന്റെ കൂടെ ഇപ്പോള്‍ പന്ഹാളിലാണ് ഉള്ളത്. നേരേചെന്ന് ബീജാപ്പൂരിനെ ആക്രമിച്ചാല്‍ രാജധാനിയുടെ രക്ഷക്കായി ജൗഹറോ മറ്റാരെങ്കിലുമോ എത്തും. അപ്പോള്‍ പന്‍ഹാളകോട്ടയുടെ പ്രതിരോധം ദുര്‍ബ്ബലമാകും.
നേതാജി ഹുക്കേരി-ഗോകാക-ധാരാവാഡ് എന്നീ പ്രദേശങ്ങള്‍ കീഴടക്കിക്കഴിഞ്ഞിരുന്നു. ഇപ്പോള്‍ അദ്ദേഹം നേരെ ബീജാപ്പൂരിനെ ആക്രമിക്കാന്‍ നിശ്ചയിച്ചു. ശിവാജിയുടെ സേനാപതി നേതാജി പാല്ക്കര് (മറ്റൊരു ശിവാജി എന്നാണറിയപ്പെട്ടിരുന്നത്). ബീജാപ്പൂര്‍ രാജധാനി ആക്രമിക്കാന്‍ വരുന്നു എന്ന വാര്‍ത്ത അറിഞ്ഞ ബീജാപ്പൂര്‍ സുല്‍ത്താന്റെ ഹൃദയമിടിപ്പ് വര്‍ധിച്ചു. അപ്പോഴവിടെ നഗര രക്ഷണത്തിലേര്പ്പെട്ടിരിക്കുന്ന അയ്യായിരം സൈനികരെ ഉണ്ടായിരുന്നുള്ളൂ. അള്ളാവിനെ സ്മരിച്ചുകൊണ്ട് സുല്‍ത്താന്‍, ഖവാസ്ഖാന്റെ നേതൃത്വത്തില്‍ ഈ സേനയെ അയച്ചു. ബീജാപ്പൂരിന്റെ നിലനില്‍പ്പിന്റെ വിഷമഘട്ടമായിരുന്നു അത്. ഭാഗ്യം ബീജാപ്പൂരിന്റെ പക്ഷത്തായിരുന്നു. നേതാജിയുടെ സൈന്യം ബീജാപ്പൂരിനടുത്തെത്തുമ്പോഴേക്കും വളരെയധികം തളര്‍ന്നു കഴിഞ്ഞിരുന്നു. അഫ്സല്‍ഖാന്റെ ഹനനത്തിനു ശേഷം ഇതുവരെയും അവിശ്രമം യുദ്ധത്തിലേര്‍പ്പെട്ടിരിക്കയായിരുന്നു നേതാജിയുടെ സേന. ബീജാപ്പൂര്‍ സൈന്യമാകട്ടെ വിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. മാത്രമല്ല അവരുടെ മുന്നില്‍ രാജാവിന്റെയും രാജ്യത്തിന്റെയും നിലനില്‍പ്പിന്റെ യുദ്ധമായിരുന്നു അത്. ബീജാപ്പൂര്‍ സൈന്യം ജീവന്മരണ പോരാട്ടം നടത്തി. ഈ യുദ്ധത്തില്‍ നേതാജിക്ക് പരാജയം സമ്മതിക്കേണ്ടിവന്നു. പരാജയപ്പെട്ട് പലായനം ചെയ്ത നേതാജിയുടെ സേനയെ പിന്തുടര്ന്നാക്രമിക്കാനുള്ള സാഹസം ബീജാപ്പൂര്‍ സൈന്യവും കാണിച്ചില്ല. ബീജാപ്പൂര്‍ രക്ഷപ്പെട്ടു എന്നതുതന്നെ ഖവാസ്ഖാന്റെ സമാധാനം. നേതാജിയോട് ഒരു ഭാഗ്യപരീക്ഷണത്തിന് ഖവാസ്ഖാന് മുതിര്‍ന്നില്ല. അപ്പോഴേക്കും ശിവാജിയുടെ പത്രം നേതാജിക്കു ലഭിച്ചു. സ്വരാജ്യത്തേക്കു മടങ്ങുക, നേതാജി സ്വരാജ്യത്തേക്ക് മടങ്ങി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: