ദല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന്റെ പേരില്‍ ചില സംഘടനകള്‍ ആഹ്വാനം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ നടന്ന ഭാരത് ബന്ദ് കാര്യമായ പ്രതികരണം സൃഷ്ടിക്കാതിരുന്നത് സ്വാഭാവികം. പഞ്ചാബില്‍ മാത്രമാണ് കുറച്ചെങ്കിലും ചലനങ്ങള്‍ സൃഷ്ടിക്കാനായത്. അതുപോലും സമരാനുകൂലികള്‍ ബലമായി കടകള്‍ അടപ്പിച്ചതിനെത്തുടര്‍ന്നാണ്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍പ്പോലും ജനജീവിതം സാധാരണ നിലയിലായിരുന്നു. റെയില്‍ ഗതാഗതം തടസ്സമില്ലാതെ തുടര്‍ന്നു. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ ചന്തകള്‍ക്ക് പുറത്ത് വില്ക്കാന് അനുവദിക്കുന്ന നിയമത്തിനെതിരെയാണല്ലോ ദല്‍ഹിയിലെ പ്രക്ഷോഭം. ഇത് ശക്തിപ്പെടുത്താനായിരുന്നു ഭാരത് ബന്ദ്. വിരോധാഭാസമെന്നു പറയട്ടെ, രാജ്യത്തിന്റെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും അന്നേദിവസം ചന്തകള്‍ തുറന്നു പ്രവര്‍ത്തിച്ചു. ഇതില്‍നിന്നുതന്നെ കര്‍ഷകര്‍ക്ക് ഈ പ്രക്ഷോഭത്തോട് ആഭിമുഖ്യമില്ലെന്ന് വ്യക്തമാവുന്നു. ബന്ദിന്റെ പേരില്‍ രാജ്യ തലസ്ഥാനത്ത് പ്രശ്നങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. ഇതിനു മുന്നിട്ടിറങ്ങിയ ചില രാഷ്ട്രീയ നേതാക്കളെ പോലീസ് പിടികൂടി. പതിവുപോലെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് തന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്നു പറഞ്ഞ് തരംതാണ നാടകം കളിച്ച് ശ്രദ്ധയാകര്‍ഷിക്കാന്‍ നോക്കിയെങ്കിലും വിജയിച്ചില്ല. ബന്ദ് വലിയ സംഭവമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിച്ചതിന്റെ പൊള്ളത്തരം ദൃശ്യമാധ്യമങ്ങളിലൂടെ ജനങ്ങള്‍ തിരിച്ചറിയുകയും ചെയ്തു.
തൊഴില്‍ നിയമങ്ങള്‍ പരിഷ്കരിക്കുന്നതിന്റെ പേരില്‍ ഇടതുപക്ഷ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ അടുത്തിടെ നടന്ന ദേശീയ പണിമുടക്കിന്റെ ഗതിയാണ് ഭാരത് ബന്ദിനും സംഭവിച്ചത്. കുപ്രചാരണങ്ങളിലൂടെ കുറച്ചാളുകളെ കേന്ദ്ര സര്‍ക്കാരിനെതിരെ അണിനിരത്താന്‍ കഴിഞ്ഞേക്കും. എന്നാല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ലെന്നാണ് വന്‍ അവകാശവാദങ്ങളോടെ നടത്തിയ ദേശീയ പണിമുടക്കിന്റെയും ഭാരത് ബന്ദിന്റെയും പരാജയം കാണിക്കുന്നത്. കര്‍ഷക പ്രക്ഷോഭത്തെയും ഭാരത്ബന്ദിനെയും കോണ്‍ഗ്രസ്സുള്‍പ്പെടെയുള്ള ചില പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണച്ചത് ശുദ്ധകാപട്യമാണ്. കാരണം ഈ പാര്‍ട്ടികള്‍ വര്‍ഷങ്ങള്‍ക്കു മുന്നേ ആവശ്യപ്പെട്ടിരുന്നതും തെരഞ്ഞെടുപ്പ് പ്രകടനപത്രികകളില്‍ ഉള്‍പ്പെടുത്തിയിരുന്നതുമാണ് മോദി സര്‍ക്കാര്‍ നടപ്പാക്കിയത്. ഈ പാര്‍ട്ടികളില്‍നിന്ന് വ്യത്യസ്തമായി ജനങ്ങള്‍ക്ക് നല്കുന്ന വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ളതാണെന്ന് വിശ്വസിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. ഇതിനുള്ള ഇച്ഛാശക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകടിപ്പിക്കുന്നത്. കാലഹരണപ്പെട്ട നിയമങ്ങള്‍ മാറ്റി കര്‍ഷകര്‍ക്ക് ഗുണം ലഭിക്കണമെന്ന സദുദ്ദേശ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നത്. അപാകങ്ങളുണ്ടെങ്കില്‍ പരിഹരിക്കാമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് ഉറപ്പു നല്‍കിയതുമാണ്. ഇപ്പോഴും ആ നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു. ബിജെപിക്കും മോദി സര്‍ക്കാരിനും കര്‍ഷകരുടെ പിന്തുണയേറുന്നതില്‍ വിറളിപൂണ്ട രാഷ്ട്രീയ പാര്‍ട്ടികളാണ് കര്‍ഷകരെ വഴിതെറ്റിച്ച് സമര രംഗത്തിറക്കിയിട്ടുള്ളത്.
മോദി സര്‍ക്കാര്‍ കര്‍ഷക വിരുദ്ധമാണെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് മുഖമടച്ച് കിട്ടിയ അടിയായിരുന്നു ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും, വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും ബിജെപി-എന്‍ഡിഎ സഖ്യം നേടിയ വിജയം. രാജ്യത്തെ മുഴുവന്‍ കര്‍ഷകര്‍ക്കും വേണ്ടിയുള്ള പ്രക്ഷോഭമാണ് ദല്‍ഹിയില്‍ നടക്കുന്നതെന്ന് പറയുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല. ദല്‍ഹിയില്‍ സമരത്തിനായി എത്തിയിരിക്കുന്നവരില്‍ 99 ശതമാനവും പഞ്ചാബില്‍നിന്നുള്ളവരാണ്. കോണ്‍ഗ്രസ്സിനെയും അകാലിദളിനെയും പിന്തുണയ്ക്കുന്ന സമ്പന്ന കര്‍ഷകരാണ് ഇതിനു പിന്നില്‍. ഇവര്‍ രാജ്യത്തെ മുഴുവന്‍ കര്‍ഷകരുടെയും പ്രതിനിധികളല്ല. എന്നു മാത്രമല്ല, ഇവര്‍ എതിര്‍ക്കുന്ന കാര്‍ഷിക നിയമങ്ങളെ മറ്റ് സംസ്ഥാനങ്ങളിലെ കര്‍ഷക സംഘടനകള്‍ സ്വാഗതം ചെയ്യുകയുമാണ്. പഞ്ചാബില്പ്പോലും ഈ നിയമങ്ങളെ പിന്തുണക്കുന്ന സംഘടനകളുണ്ട്. കര്‍ഷകപ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ മുന്നേറ്റം നടത്തിയത്. ഇപ്പോഴിതാ കോണ്‍ഗ്രസ്സ് ഭരിക്കുന്ന രാജസ്ഥാനിലെ പഞ്ചായത്ത്-ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പിലും ബിജെപി ചരിത്രപരമായ വിജയം കൈവരിച്ചിരിക്കുന്നു. ഇത്തരം വിജയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമെന്ന നിലയില്‍ കൂടിയാണ് കര്‍ഷക പ്രക്ഷോഭം പോലെയുള്ളവ സമൂഹത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്നത്. ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന കേന്ദ്ര സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ഇതുകൊണ്ടൊന്നും കഴിയില്ലെന്ന് ഇനിയും തിരിച്ചറിയാത്തവര്ക്ക് ജനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടാനും പരാജയപ്പെടാനുമാണ് വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: