മുംബൈ : ആക്ടിവിസ്റ്റ് തൃപ്തി ദേശായിക്ക് ഷിര്‍ദി മേഖലയില്‍ പ്രവേശിക്കുന്നതിന് മഹാരാഷ്ട്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി. ഷിര്‍ദിയിലെ സായിബാബാ ക്ഷേത്രത്തിലെ വസ്ത്രധാരണ നിര്‍ദ്ദേശവുമായി ബന്ധപ്പെട്ടു കൊണ്ടുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഡിസംബര്‍ 11 വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രദേശത്തെ ക്രമസമാധാന പാലനത്തിന്റെ ഭാഗമായി സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ് ഗോവിന്ദ് ഷിണ്ഡെയാണ് തൃപ്തിക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഷിര്‍ദി സായിബാബ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഭക്തര്‍ മാന്യമായ വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് കയറണമെന്ന ക്ഷേത്ര നിര്‍ദ്ദേശത്തിനെതിരെ നേരത്തെ തൃപ്തി ദേശായി രംഗത്തെത്തിയിരുന്നു. പൂജാരികള്‍ അര്‍ദ്ധനഗ്നരായി നില്ക്കുമ്പോള് ഭക്തരോട് മാന്യമായി വസ്ത്രം ധരിക്കണമെന്ന് പറയാന്‍ എന്ത് അവകാശമാണെന്നായിരുന്നു തൃപ്തിയുടെ നിലപാട്.
ഭക്തര്‍ മാന്യമായ വസ്ത്രങ്ങള്‍ ധരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ബോര്‍ഡ് ക്ഷേത്രത്തിന്റെ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം താനും മറ്റ് ആക്ടിവിസ്റ്റുകളും നേരിട്ടെത്തി നീക്കം ചെയ്യുമെന്നും അവര്‍ ഭീഷണി മുഴക്കി. ഇതിനെതിരെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഡിസംബര്‍ പതിനൊന്ന് വരെ തൃപ്തിക്ക് ഷിര്‍ദി മുന്‍സിപ്പല്‍ പരിധിക്കുള്ളില്‍ പ്രവേശിക്കാനാകില്ലെന്നാണ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ഗോവിന്ദ് ഷിണ്ഡെ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. അതേസമയം ക്ഷേത്രം അധികൃതര്‍ക്കെതിരെ തൃപ്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: