കോഴിക്കോട്: വോട്ടര്‍മാര്‍ക്ക് ക്ലാസ് എടുക്കുകയാണ് ഇവിടെ ഒരു സ്ഥാനാര്‍ത്ഥി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമപദ്ധതികളെ കുറിച്ചാണ് ക്ലാസ്. ക്ലാസിന്റെ അവസാനത്തില്‍ ഒരു വോട്ട് അഭ്യര്‍ത്ഥനയും.
രാമനാട്ടുകര മുനിസിപ്പാലിറ്റി 24-ാം ഡിവിഷനായ കൊറ്റമംഗലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷാജിനി സുധീഷാണ് വോട്ടര്‍മാരോട് കേന്ദ്രപദ്ധതികളെകുറിച്ച് വിശദീകരിച്ച് വോട്ട് അഭ്യര്‍ത്ഥിക്കുന്നത്. ബ്ലാക്ക് ബോര്‍ഡും ചോക്കുമായാണ് സ്ഥാനാര്‍ത്ഥിയും സംഘവും വോട്ട് അഭ്യര്‍ത്ഥിക്കാന്‍ ഇറങ്ങുന്നത്.
കേന്ദ്ര പദ്ധതികള്‍ ബോര്‍ഡില്‍ എഴുതി വിശദീകരിച്ച് നല്‍കും. ഓരോ വീട്ടുകാര്‍ക്കും ഉപകാരപ്രദമായ പദ്ധതികളെകുറിച്ചാണ് വിശദീകരിക്കുക. പലപദ്ധതികളെകുറിച്ചും പലര്‍ക്കും അറിയില്ല. മോദി സര്‍ക്കാറിന്റെ ക്ഷേമപദ്ധതികള്‍ താഴെത്തട്ടിലേക്ക് എത്തിക്കാന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കേണ്ടതിന്റെ ആവശ്യമാണ് ഇത് കാണിക്കുന്നതെന്ന് ഷാജിനി പറയുന്നു. അദ്ധ്യാപികയായ തനിക്ക് കഴിയാ വുന്ന രീതിയില്‍ വോട്ടര്‍മാര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുകയാണ്. പാതിമനസ്സോടെയാണ് മത്സരത്തിന് ഇറങ്ങിയതെങ്കിലും ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന സ്വീകാര്യത ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിരിക്കുകയാണെന്നും ഷാജിനി പറയുന്നു.
കൊറ്റമംഗലം ആലുങ്ങല്‍ തട്ടാളില് സുധീഷിന്റെ ഭാര്യയായ ഷാജിനി ചെറുവണ്ണൂര്‍ സരസ്വതി വിദ്യാനികേതന്‍ സ്കൂളിലെ പ്രധാനാധ്യാപികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: