പാലക്കാട്: ”സിപിഎമ്മുകാരുടെ കൊലപാതക രാഷ്ട്രീയത്തിന് ഇരകളായ വിമലാദേവിയുടെയും രാധാകൃഷ്ണന്റെയും ഓര്‍മ്മകള്‍ക്ക് മുന്നിലായിരിക്കണം നിങ്ങളുടെ ഇത്തവണത്തെ വോട്ട്. കൊലപാതക രാഷ്ട്രീയത്തിന് അന്ത്യം കുറിച്ചേ പറ്റൂ. ബിജെപിയുടെയും ആര്‍എസ്എസിന്റെയും വളര്‍ച്ചയില്‍ വിറളിപൂണ്ട സിപിഎമ്മുകാര്‍ രാഷ്ട്രീയ സംഘട്ടനത്തിലൂടെ തങ്ങളുടെ അധീശത്വം സ്ഥാപിക്കുവാനാണ് ശ്രമിക്കുന്നത്. ഇതിനൊരു ബദല്‍ ബിജെപി മാത്രം.”
ഈ വാക്കുകള്‍ മറ്റാരുടേതുമല്ല സിപിഎമ്മുകാര്‍ ചുട്ടുകൊന്ന കഞ്ചിക്കോട് ചടയന്‍കലായ് വിമലാദേവിയുടെ ഭര്‍ത്താവും രാധാകൃഷ്ണന്റെ സഹോദരനുമായ കണ്ണന്റേതാണ്. പുതുശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് ഉമ്മിണികുളത്ത് നിന്നാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി കണ്ണന് ജനവിധി തേടുന്നത്. ഇതേ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതാകട്ടെ കേസിലെ ഒന്നാം പ്രതിയും ചെടയന്‍ കലായ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ ജയകുമാര്‍ എന്ന ജയന്.
വാര്‍ഡില്‍ ബിജെപിക്കുള്ള സ്വാധീനം ഏറെ വലുതാണ്. നിരവധി കേസുകളിലെ പ്രതിയായ ജയകുമാറിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയതിന് പിന്നില്‍ മറ്റുപല ലക്ഷ്യങ്ങളുമുണ്ടെന്ന് വാര്‍ഡിലുള്ളവര്‍ തന്നെ ആരോപിക്കുന്നു. മുമ്പ് കണ്ണന് ഇതേ വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിക്കുകയും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. ഇതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. കണ്ണന്, ഭാര്യ വിമലാദേവി, കണ്ണന്റെ സഹോദരന് രാധാകൃഷ്ണന് എന്നിവര്‍ സജീവ ബിജെപി പ്രവര്‍ത്തകരാണ്. വിമലാദേവീ മഹിളാമോര്‍ച്ചയുടെ ചുമതലയും വഹിച്ചിരുന്നു. മാത്രമല്ല കഞ്ചിക്കോട് ക്യാന്‍സര്‍ സെന്ററിന് സ്ഥലം നല്‍കിയത് ഉള്‍പ്പെടെ നിരവധി സഹായങ്ങളും ഇവരുടെ കുടുംബം ചെയ്തിരുന്നു. ബിജെപിയുടെ വളര്‍ച്ച തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതോടെയാണ് പ്രദേശത്ത് സിപിഎം അക്രമം അഴിച്ചുവിട്ടത്.
2016 ഡിസംബര്‍ 28ന് പുലര്‍ച്ചെയാണ് കണ്ണന്റെ കുടുംബത്തിനു നേരെ ആക്രമണമുണ്ടായത്. സഹോദരന് രാധാകൃഷ്ണന്റെ വീടിന് മുന്നിലെ ബൈക്കുകള്‍ക്ക് നാലു സിപിഎം ഗുണ്ടകള്‍ തീവയ്ക്കുകയും സമീപത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. സമീപത്തെ തൊഴുത്തിനും അക്രമിസംഘം തീയിട്ടു. വീട് പൂര്‍ണമായും തകര്‍ന്നു. രാധാകൃഷ്ണന്റെ മക്കളെ രക്ഷിക്കുന്നതിനിടെയാണ് വിമലാദേവിക്ക് ഗുരുതരമായി പരിക്കേറ്റത്. കണ്ണനും മറ്റൊരു സഹോദരന്റെ മകനും പൊള്ളലേറ്റു. ചികിത്സയിലിരിക്കെ 2017 ജനുവരി ആറിന് രാധാകൃഷ്ണനും, 16ന് വിമലാദേവിയും മരണത്തിന് കീഴടങ്ങി. മാസങ്ങള്‍ നീണ്ട ചികിത്സക്കൊടുവിലാണ് കണ്ണന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു അത്. ബിജെപി നടത്തിയ പ്രതിഷേധങ്ങളെ തുടര്‍ന്ന് ഒന്നാംപ്രതിയായ ജയന് ഉള്‍പ്പെടെ നാലു പേരെ പോലീസ് പിടികൂടി. പിന്നീട് ജാമ്യത്തിലിറങ്ങിയ ജയനെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാക്കുകയും ചെയ്തു.
ഭാര്യയുടെയും സഹോദരന്റെയും ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ട് കണ്ണന് വീണ്ടും രാഷ്ട്രീയത്തില്‍ സജീവമായത്. രണ്ടാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ പ്രചാരണത്തിന് മക്കളായ അക്ഷയയും, അശ്വിനും, രാധാകൃഷ്ണന്റെ ഭാര്യയും, രണ്ടു മക്കളും കൂടെയുണ്ട്. വികസന മുരടിപ്പ് നേരിടുന്ന വാര്‍ഡില്‍ സമഗ്രമായ മാറ്റം കൊണ്ടുവരണമെന്നാണ് കണ്ണന്റെ ആഗ്രഹം. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് ജല്‍ജീവന്‍ മിഷന് പദ്ധതി ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികളെല്ലാം ഉയര്‍ത്തിക്കാണിച്ചും, കൊലപാതക രാഷ്ട്രീയവും, കള്ളക്കടത്തും, മയക്കുമരുന്നും, സ്വര്‍ണക്കടത്ത് തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് വോട്ടഭ്യര്‍ത്ഥന. വാര്‍ഡിലുള്ളവരുടെ പൂര്‍ണ പിന്തുണ തനിക്കൊപ്പമാണെന്ന് കണ്ണന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: