തിരുവനന്തപുരം: ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞതോടെ എത്രവോട്ടുകിട്ടുമെന്ന കൂട്ടലും കിഴിക്കലിലും ആയിരിക്കുകയാണ് മുന്നണികള്‍. ഇനി വോട്ടെണ്ണല്‍ വരെ കൂട്ടലും കിഴിക്കലും തുടരും. പോള്‍ ചെയ്ത വോട്ടുകളുടെ ശതമാനക്കണക്കുകള്‍ നിരത്തിയാണ് നേതാക്കളുടെ കണക്കുകൂട്ടലുകള്‍.
ഇത്തവണ ജില്ലയില്‍ പോളിംങ് ശതമാനം വര്‍ധിച്ചത് മുന്‍നിര്‍ത്തിയാണ് ചര്‍ച്ച. കൊവിഡ് ഭീഷണി വകവയ്ക്കാതെ വോട്ടെടുപ്പിന് ജനങ്ങള്‍ എത്തിയത് എന്ത് സൂചനയാണ് നല്‍കുന്നതെന്നതും ചര്‍ച്ചാവിഷയമാണ്.
ഇന്നലെ ആറുമണിയോടെ തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചതോടെ രാഷ്ട്രീയ കക്ഷികള്‍ കൂട്ടലും കിഴിക്കലും തുടങ്ങി. വോട്ടിംഗ് ശതമാനം കുറഞ്ഞത് തങ്ങള്‍ക്ക് അനുകൂലമാണോ പ്രതികൂലമാണോ എന്നാണ് കക്ഷിനേതാക്കള്‍ വിലയിരുത്തുന്നത്. പതിനാറിന് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതുവരെ ഈ കൂട്ടലും കിഴിക്കലും തുടരും. തങ്ങളുടെ സ്ഥാനാര്‍ത്ഥി എത്രവോട്ടുപിടിക്കും എന്ന് പോളിംഗ് ഏജന്റുമാരുടെ കണക്കുകളെ കൂലംകുഷമായി വിലയിരുത്തി നേടാവുന്ന കണക്കുകള്‍ അവതരിപ്പിക്കുകയാണ് നേതാക്കള്‍. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത് മുതല്‍ സോഷ്യല്‍ മീഡിയയിലുടെയും മറ്റ് മാധ്യമങ്ങളിലൂടെയും തുടങ്ങിയ വാദപ്രതിവാദങ്ങള്‍ ഇന്നലത്തോടെ കണക്കുകൂട്ടലിലേക്ക് വഴിമാറുകയാണ്.
ആദ്യഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രധാന രാഷ്ട്രീയ കക്ഷികള്‍ എല്ലാം ശുഭപ്രതീക്ഷയിലാണ്. വോട്ടിംഗ് ശതമാനം കണക്കുകള്‍ ചൂണ്ടികാണിച്ച് തങ്ങളാണ് നേട്ടം കൊയ്യുകയെന്നു പറഞ്ഞ് പുതിയ വാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്.
വോട്ടുകള്‍ എങ്ങോട്ടു മറിഞ്ഞു എന്ന തരത്തിലും ചര്‍ച്ച നടക്കും. കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചോ, സ്വര്‍ണകടത്തും മയക്കുമരുന്നു കടത്തും ശബരിമലയും ചര്‍ച്ചാവിഷയമായോ, ലൈഫ് പദ്ധതിയിലെ അഴിമതി തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ടോ എന്നെല്ലാം വരുംനാളില്‍ ചര്‍ച്ചയാകും. ഇനി പതിനാറാം തിയതിവരെ സൈബര്‍ ഇടങ്ങളില്‍ കണക്കുകൂട്ടലിലും കിഴിക്കലിലും ആയിരിക്കും അണികളും കക്ഷിനേതാക്കളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: