തിരുവനന്തപുരം: കൊവിഡ് ഭീതി തളര്‍ത്താതെ അഞ്ച് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് വോട്ടര്‍മാര്‍ വിധിയെഴുതി. 75 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി. അന്തിമ കണക്കില്‍ ഇനിയും വര്‍ധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. ആലപ്പുഴ ജില്ലയിലാണ് പോളിങ് ശതമാനം കൂടുതല്‍. കുറവ് തിരുവനന്തപുരത്തും. വോട്ടെടുപ്പിന് എത്തിയ രണ്ടുപേര്‍ കുഴഞ്ഞു വീണ് മരിച്ചു. വൈകിട്ട് 5 മണിക്ക് ശേഷം പിപിഇ കിറ്റ് ധരിച്ചെത്തി കൊവിഡ് രോഗികള്‍ വോട്ട് ചെയ്തു. ചിലയിടങ്ങളില്‍ വോട്ടിങ് മെഷീനില്‍ തകരാര്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പോളിങ് തടസ്സപ്പെട്ടു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലെ 6911 വാര്‍ഡുകളിലേക്കാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് മാസ്ക് ധരിച്ചെത്തിയായിരുന്നു വോട്ടെടുപ്പ്. സാമൂഹിക അകലം പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പലയിടത്തും പാലിക്കപ്പെട്ടില്ല.
തിരുവനന്തപുരം, കൊല്ലം കോര്‍പ്പറേഷനുകളില്‍ പോളിങ് കുറവായപ്പോള്‍ നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും കനത്ത പോളിങ് രേഖപ്പെടുത്തി. എല്ലാ ജില്ലകളിലും രാവിലെ കനത്ത പോളിങ് അനുഭവപ്പെട്ടെങ്കിലും ഉച്ചയോടെ വോട്ടെടുപ്പ് മന്ദഗതിയിലായി. നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിലായിരുന്നു കനത്ത പോളിങ്. ഒന്നര മണിക്കൂര്‍ ക്യൂ നിന്ന് വോട്ട് രേഖപ്പെടുത്തിയ ബൂത്തുകളുമുണ്ട്.
പോളിങ് ശതമാനം ജില്ല തിരിച്ച്
- തിരുവനന്തപുരം – 69.76
- കൊല്ലം – 73.41
- പത്തനംതിട്ട – 69.70
- ആലപ്പുഴ – 77.23
- ഇടുക്കി – 74.56
കോര്പ്പറേഷന്
- തിരുവനന്തപുരം – 59.73
- കൊല്ലം – 66.06
പ്രതികരിക്കാൻ ഇവിടെ എഴുതുക: