ന്യൂദല്‍ഹി: ദല്‍ഹിയിലെ അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക സമരത്തിന് യുഎസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ പിന്തുണ അറിയിച്ചുവെന്നും അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചുവെന്നും ചൂണ്ടിക്കാട്ടി പ്രചരിക്കുന്ന ട്വീറ്റിന് പിന്നിലെ വസ്തുതയെന്ത്?. കൃഷിക്കാരുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ഒബാമയുടേതെന്ന് തോന്നിപ്പിക്കുന്നതായിരുന്നു ഇത്. കയ്യില്‍ കിട്ടിയപാടേ പലരുമിത് ഷെയര്‍ ചെയ്ത് വൈറലാക്കുകയും ചെയ്തു.
പ്രധാനമന്ത്രിക്ക് ഒബാമ ഹസ്തദാനം ചെയ്യുന്ന ചിത്രമാണ് അഞ്ചാംതീയതി രേഖപ്പെടുത്തിയ ട്വീറ്റിനൊപ്പം. ‘ഈ മനുഷ്യനൊപ്പം ഹസ്തദാനം ചെയ്തതില്‍ ഞാന്‍ ഇന്ന് ലജ്ജിക്കുന്നു… ഹാഷ് നരേന്ദ്രമോദി’ എന്നായിരുന്നു ട്വീറ്റിന്റെ ഉള്ളടക്കം. എന്നാല്‍ ഒബാമയുടെ ട്വീറ്റിന്റെ സ്ക്രീന്‍ ഷോട്ട് രൂപമാറ്റം വരുത്തിയതാണെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബര്‍ ഏഴുവരെ കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഒബാമ ട്വിറ്ററില്‍ ഒന്നും കുറിച്ചിട്ടില്ല.
2014-ലേതാണ് മോദിയുടെ ഒബാമയുടെയും വൈറലായ ചിത്രം. ട്വീറ്റില്‍ ഉപയോഗിച്ചിരിക്കുന്ന മോശം ഇംഗ്ലീഷ് ഭാഷയാണ് സംശയത്തിന് ഇടയാക്കിയത്. ‘ഷെയിംഫുള്‍’, ‘ഹാന്‍ഡ് ഷെയ്ക്’ എന്നീ പദങ്ങളുടെ അക്ഷരത്തെറ്റുകള്‍ മുന്‍ യുഎസ് പ്രസിഡന്റിന്റെ ട്വീറ്റില്‍ ഒരിക്കലും വരാനിടയില്ല. ‘ഷെയിംഫുള്‍’ എന്ന വാക്കിനു പകരം ‘അഷേംഡ് ഓഫ്’ എന്ന വാക്കാണ് വാചകത്തിന് നന്നായി ഇണങ്ങുക.
2014-ല്‍ യുഎസിലേക്കു മോദി നടത്തിയ നാലുദിവസത്തെ സന്ദര്‍ശത്തിനിടെ എടുത്ത ചിത്രമാണിതെന്ന് റിവേഴ്സ് ചിത്ര പരിശോധനയിലൂടെ വ്യക്തമായി. ഒബാമയുടെ ട്വിറ്ററിലെ ടൈം ലൈന്‍ നോക്കിയപ്പോഴാണ് അടുത്തിടെയെങ്ങും ഇത്തരത്തിലൊരു ട്വീറ്റ് അദ്ദേഹം ചെയ്തിട്ടില്ലെന്ന് മനസിലായത്. വ്യാജ ട്വീറ്റില്‍ കാണിച്ചിരിക്കുന്ന തീയതിയില്‍ രണ്ടു ട്വീറ്റുകളേ ഒബാമയുടേതായി ഉള്ളൂ.
രണ്ടും ‘എ പ്രോമിസ്ഡ് ലാന്‍ഡ്’ എന്ന അദ്ദേഹത്തിന്റെ പുസ്തകത്തെക്കുറിച്ചാണ്. ട്വീറ്റും ഒബാമയുടെ യഥാര്‍ഥ ട്വീറ്റുമായി ഒത്തുനോക്കിയപ്പോള്‍ വൈറലിന് സ്ഥാനചലനമുണ്ടെന്നതും ശ്രദ്ധയില്‍ പെട്ടു. അതായത് ഈ സമയംവരെ കര്‍ഷകരെ സമരത്തെപ്പറ്റി ഒബാമ ഒരു വാക്കും പറഞ്ഞിട്ടില്ല. അതുകൊണ്ടു ഈ ട്വീറ്റ് വ്യാജമാണെന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: