അബൂജ: കഴിഞ്ഞ ആഴ്ച നൈജീരിയയിലെ പാവപ്പെട്ട കൃഷിക്കാരെ ബൊക്കോഹറാം ഭീകരർ കൂട്ടക്കൊല ചെയ്ത സംഭവം ലോകം ഏറെ വേദനയോടെയാണ് ഉറ്റുനോക്കിയത്. ആഭ്യന്തര കലാപം രൂക്ഷമായ ബോർണോ സംസ്ഥാനത്തിലാണ് അരുംകൊലപാതകം നടന്നത്. ഭീകരരുടെ കുറ്റകൃത്യങ്ങൾക്ക് ഏറെ കുപ്രസിദ്ധിയാർജ്ജിച്ച മൈദിഗുരിയിലെ കൊഷോബെ പോലുള്ള ഗോത്രവിഭാഗത്തിൽപ്പെട്ട നൂറ്റിപ്പത്ത് കർഷകരെയാണ് നവംബർ 28ന് അബൂബക്കർ ഷേക്കു നേതൃത്വം നൽകുന്ന ബോക്കോഹറാം തീവ്രവാദികൾ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
പാടങ്ങളിൽ കൃഷി ചെയ്യുകയായിരുന്ന കർഷകർക്ക് നേരെ വാഹനങ്ങളിൽ എത്തിയ ഭീകരർ നിറയൊഴിക്കുകയും കെട്ടിയിട്ട് കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു. നിരവധിപ്പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ബൊക്കോഹറാം തലവൻ അബൂബക്കർ ഷേക്കു തന്നെ കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് നവമാധ്യമങ്ങളിൽ വീഡിയോ സന്ദേശവുമായി രംഗത്തെത്തിയിരുന്നു. നൈജീരിയയിൽ ജീവിക്കുന്ന യുഎൻ വക്താവും മനുഷ്യാവകാശ പ്രവർത്തകനുമായ എഡ്‌വാർഡ് കല്ലോൺ ആണ് കൂട്ടക്കൊലയിൽ 100ലധികം പേർ കൊല്ലപ്പെട്ടെന്ന് പുറം ലോകത്തെ അറിയിച്ചത്. ഗ്രാമത്തിൽ വച്ച് തീവ്രവാദ സംഘടനയിൽപ്പെട്ട ഒരാളെ ഗ്രാമവാസികൾ പിടികൂടിയതിന്റെ വൈരാഗ്യമാണ് കൂട്ടക്കൊലക്ക് കാരണമായത്.
‘നിങ്ങൾ എന്ത് വിചാരിക്കുന്നു, തങ്ങളുടെ സഹോദരങ്ങളെ പിടികൂടി പട്ടാളത്തിന് ഏൽപ്പിച്ച് സമാധാനമായി ജീവിക്കാൻ സാധിക്കുമോ? എന്ന് ബൊക്കോഹറാം പുറത്തിറക്കിയ വീഡിയോവിൽ പറയുന്നത് കേൾക്കാനാകും. എന്നാൽ ഈ കർഷക കൂട്ടക്കൊല രാജ്യത്തിന്റെ കാർഷിക മേഖലയെ തകിടം മറിക്കുമെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിന് ശേഷം രാജ്യത്തെ നിരവധിപ്രദേശങ്ങളിൽ കർഷകർ കൃഷിയിടങ്ങളിലേക്ക് പോകുന്നില്ല. ഇത് രാജ്യത്തിന്റെ ധാന്യശേഖരണത്തെ സാരമായി ബാധിക്കും. കാർഷിക മേഖലകളിൽ പണിയെടുക്കുവാനായി കർഷകരെ കിട്ടാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് ഓൾ ഫാർമേഴ്സ് അസോസിയേഷൻ ഓഫ് നൈജീരിയ പ്രസിഡൻ്റ് കബീർ ഇബ്രാഹിം പറയുന്നു. കൊലപാതകത്തെ തുടർന്ന് രാജ്യത്തെ കർഷകസമൂഹത്തെക്കുറിച്ച് യുഎൻ ഏറെ ആശങ്കപ്പെടുന്നുണ്ട്.
ആക്രമണം നടന്ന ബോർണോയിലെ കർഷകർക്ക് പൂർണ്ണ പിന്തുണ നൽകുമെന്നാണ് യുഎൻ വ്യക്തമാക്കുന്നത്. സ്ഥിതി വീണ്ടും മോശമാകുകയാണെങ്കിൽ ബോർണോ, അഡ്‌മാവാ, യോബെ സംസ്ഥാനങ്ങളിൽ ഭക്ഷ്യക്ഷാമം രുക്ഷമാകാനുള്ള സാഹചര്യമാണുള്ളതെന്ന് യുഎൻ മനുഷ്യാവകാശ പ്രവർത്തകർ വ്യക്തമാക്കുന്നുണ്ട്. ഈ മൂന്ന് സംസ്ഥാനങ്ങളിലുമായി 43 ലക്ഷം ജനങ്ങൾ ഭക്ഷ്യക്ഷാമം നേരിടുന്നുണ്ട്. ഇപ്പോഴത്തെ ഈ സാഹചര്യം 50 ലക്ഷത്തിലേക്ക് കടക്കാൻ കാരാണമാകുമെന്നും യുഎൻ വക്താക്കൾ വ്യക്തമാക്കുന്നു. ഈ പ്രദേശങ്ങളിലുള്ളവർ പട്ടാളവുമായോ ഭരണകൂടമായോ സഹകരിക്കുന്നില്ലെന്നാണ് നൈജീരിയൻ പ്രസിഡൻ്റ് മുഹമ്മദ് ബുഹാരിയുടെ വക്താവ് പറയുന്നത്. ഇതിനു പുറമെ ഗ്രാമവാസികൾ ഭീകരരുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും സൈനികർ ആരോപിക്കുന്നുണ്ട്. അതേസമയം ഇനി വരാൻ പോകുന്ന കാലഘട്ടത്തിൽ രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ എല്ലാവിധ സഹായസഹകരണങ്ങളുമാണ് യുഎൻ സംഘം ഉറപ്പ് നൽകുന്നത്. പ്രത്യേകിച്ച് ആക്രമണത്തിനിരയായ ബോർണോ സംസ്ഥാനത്തിലെ കർഷകർക്ക് കാർഷിക മേഖല കൂടുതൽ വ്യാപിക്കാൻ യുഎൻ സഹായം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
2009 മുതലാണ് രാജ്യത്തിന്റെ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ മുസ്ലീം ഭീകരസംഘടനായ ബൊക്കോഹറാം സജീവമാകുന്നത്. തുടർന്ന് അവർ രാജ്യത്ത് നടത്തിയ അക്രമണങ്ങൾ ഏറെയാണ്. ഐസിസിനോട് സാദൃശ്യം തോന്നുന്ന തരത്തിലുള്ള ഈ ഭീകര സംഘടന 2014ൽ ബോർണോ സംസ്ഥാനത്തെ ചിബുക്ക് നഗരത്തിലെ സ്കൂളിൽ നിന്നും 276 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയതോടെയാണ് ലോകശ്രദ്ധ നേടിയത്. പാശ്ചാത്യ വിദ്യാഭ്യാസം പാടില്ലെന്നും ശരിയാ നിയമങ്ങൾ പൂർണ്ണമായും നടപ്പിലാക്കണമെന്നുമാണ് തീവ്രവാദികൾ ആക്രോശിക്കുന്നത്. പാശ്ചാത്യ സംസ്കാരത്തെ അടിച്ചമർത്തണെന്നും ഇസ്ലാമിക് ഭരണകൂടം നിലനിൽക്കണമെന്നുമാണ് ഇവർ അവകാശപ്പെടുന്നത്. അൽഖ്വയ്ദ, ഐസിസ് തുടങ്ങിയ നിരവധി ഭീകരസംഘടനകളുടെ പിന്തുണ ബൊക്കോഹറാമിനുണ്ട്.
രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ ഭരണകൂടത്തിന്റെയും പട്ടാളത്തിന്റെയും സ്വാധീനക്കുറവാണ് ഈ തീവ്രവാദി സംഘടന തഴച്ചുവളരാൻ കാരണം. ബൊക്കോഹറാമിന്റെ ആക്രമണങ്ങളിൽ 2009നു ശേഷം ഇന്നേവരെ 36,000 പേർ കൊല്ലപ്പെടുകയും 20 ലക്ഷത്തോളം പേർക്ക് പലായനം നടത്തേണ്ടിയും വന്നു. സമീപ രാജ്യങ്ങളായ നൈഗർ , ചാഡ്, കാമറൂൺ എന്നിവിടങ്ങളിലേക്കും ഭീകര സംഘടന വ്യാപിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: