കട്ടപ്പന: ഇരട്ടയാര്‍ വലിയ തോവാളയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. സ്ത്രീക്ക് പരിക്ക്. പ്രതിയെ പിടികൂടുന്നതിനിടെ കട്ടപ്പന ഡിവൈഎസ്പി എന്‍.സി. രാജ്മോഹനും പരിക്കേറ്റു.
വലിയതോവാള പൊട്ടന്‍പ്ലാക്കല്‍ ജോര്‍ജ്ജിന്റെ പുരയിടത്തില്‍ കൃഷിപ്പണി ചെയ്തിരുന്ന ഝാര്‍ഖണ്ഡ് ഗോഡ ജില്ലയിലെ പറയ് യാഹല്‍ സ്വദേശിയായ സജ്ഞയ് ബാസ്കി (30) ആണ് ലാറ്റ സ്വദേശികളായ ശുക്ലാല്‍ മറാന്‍ഡി (43), ജമേഷ് മൊറാന്‍ഡി (32) എന്നിവരെ വെട്ടിക്കൊന്നത്. രണ്ട് പേരുടെയും കഴുത്തിനും തലയ്ക്കുമാണ് വെട്ടേറ്റത്. ഞായറാഴ്ച അര്‍ധരാത്രിയാണ് സംഭവം.
ഒരു വീട്ടില്‍ താമസിച്ചിരുന്നവര്‍ തമ്മിലുണ്ടായ സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഏലക്കാട്ടില്‍ കളവെട്ടാന്‍ ഉപയോഗിക്കുന്ന വാക്കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. ഇവരുടെ കൂടെ താമസിച്ചിരുന്ന ബസന്തി എന്ന സ്ത്രീക്കും വെട്ടേറ്റിട്ടുണ്ട്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തലയ്ക്ക് വെട്ടേറ്റ ബസന്തി നിലവിളിച്ചുകൊണ്ട് വീട്ടുടമയുടെ വാതിലില്‍ തട്ടിവിളിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ പ്രതി സമീപത്തെ ഏലത്തോട്ടത്തില്‍ ഒളിച്ചു. തുടര്‍ന്ന് കട്ടപ്പന ഡിവൈഎസ്പിയുടെയും വണ്ടന്മേട് സിഐയുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘവും നാട്ടുകാരും സ്ഥലത്തെത്തി. പ്രതിയെ കണ്ടെത്തിയെങ്കിലും പോലീസിന് നേരെ ഇയാള്‍ കത്തി വീശി. ഇതിനിടെയാണ് ഡിവൈഎസ്പിക്ക് കൈയ്ക്ക് പരിക്കേറ്റത്. ഇദ്ദേഹവും ആശുപത്രിയില്‍ ചികിത്സ തേടി.
ഏറെ സാഹസികമായി നാട്ടുകാരും പോലീസും ചേര്‍ന്ന് പ്രതിയെ കീഴടക്കുകയായിരുന്നു. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. മൃതദേഹങ്ങള്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രതിയെ രാത്രിയോടെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: