കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുമ്പോള്‍ വ്യവസായ ജില്ലയില്‍ ഏറെ ചര്‍ച്ചയായത് പാലാരിവട്ടം പാലവും പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പും. യുഡിഎഫ് ഭരണത്തില്‍ അഴിമതിയില്‍ കെട്ടിപ്പൊക്കിയ പാലാരിവട്ടം പാലം പൊളിച്ചു നീക്കിയതും അഴിമതിക്ക് കുടപിടിച്ച മുന്‍ മന്ത്രി അകത്തായതും, പാര്‍ട്ടി നേതാവിന്റെ അഴിമതി കണ്ടെത്തിയ സിപിഎം റിപ്പോര്‍ട്ട് ചോര്‍ന്നതും യാദൃശ്ചികം.
അഴിമതിക്കൊരു വോട്ട് തേടേണ്ട ദുരവസ്ഥയിലായിരുന്നു ഇടതു-വലതു മുന്നണികള്‍. മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിയാണ് ജില്ലയിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ബിജെപി ചൂട് പകര്‍ന്നത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഭരണ-പ്രതിപക്ഷ മുന്നണികള്‍ അഴിമതിക്കെതിരെ ജനങ്ങളെ സമീപിക്കാന്‍ കഴിയില്ലെന്ന ബോധ്യം വന്നതോടെ വര്‍ഗീയ കാര്‍ഡ് ഇറക്കി വിജയം ഉറപ്പിക്കാമെന്ന വിശ്വാസത്തിലാണ്. അതുകൊണ്ട് തന്നെ സ്ഥാനാര്‍ഥി നിര്‍ണയം ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമാക്കിയായിരുന്നു. യുഡിഎഫ് ജില്ലയില്‍ പലയിടത്തും ജമാത്ത് ഇസ്ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടിയുമായി പരസ്യ സംഖ്യത്തിലാണ്. സംസ്ഥാനത്തെ പൊതുരാഷ്‌ട്രീയ സാഹചര്യം പ്രചാരണ ആയുധമാക്കാന്‍ ഇടതിനും വലതിനും പരിമതികള്‍ ഏറെയാണ്.
എന്‍ഡിഎ ആകട്ടെ അഴിമതിക്കെതിരെയും കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ജനോപകാരപ്രദമായ പദ്ധതികള്‍ ചൂണ്ടിക്കാട്ടിയുമായിരുന്നു ജനങ്ങളെ സമീപിക്കുന്നത്. യുഡിഎഫ് പത്ത് വര്‍ഷം ജില്ലാ പഞ്ചായത്ത് ഭരിച്ചിട്ടും പ്രകടനപത്രികയിലെ വാഗ്ദാനങ്ങളില്‍ ഒന്നുപോലും നടപ്പാക്കാന്‍ കഴിഞ്ഞില്ല. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ജില്ലയില്‍ നടപ്പാക്കുന്നതിനോ സ്വന്തം പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനോ കഴിഞ്ഞില്ല.
പത്ത് വര്‍ഷത്തെ യുഡിഎഫ് ഭരണത്തിന്റെ കെടുതികള്‍ ഏറ്റവും അധികം ഏറ്റുവാങ്ങിയത് കൊച്ചി കോര്‍പ്പറേഷന്‍ നിവാസികളാണ്. വെള്ളക്കെട്ടും ഗതാഗതക്കുരുക്കും ശ്വാസംമുട്ടിച്ചത് നഗരവാസികളെയാണ്. ഈ വിഷയത്തില്‍ പലതവണ ഹൈക്കോടതിക്ക് ഇടപെടേണ്ടി വന്നു. വെള്ളക്കെട്ട് പ്രശ്‌നത്തില്‍ ഒന്നും ചെയ്യാത്ത കോര്‍പ്പറേഷന്‍ ഭരണസമിതിയെ പിരിച്ചുവിട്ട് കൂടേയെന്നു വരെ കോടതിക്ക് പറയേണ്ടി വന്നു.
ജില്ലയില്‍ ബിജെപിക്ക് ശക്തമായ അടിത്തറയുള്ള തൃപ്പൂണിത്തുറ നഗരസഭയില്‍ ഭരണം ഇക്കുറി പടിക്കുമെന്ന് ആത്മവിശ്വാത്തിലാണ് പാര്‍ട്ടി. നിലവില്‍ പ്രതിപക്ഷമാണ് ഇവിടെ ബിജെപി. കടുങ്ങല്ലൂര്‍, എടത്തല, ചെങ്ങമനാട് പഞ്ചായത്തുകളില്‍ ഭരണം പിടിക്കാനാകുമെന്ന പ്രതീക്ഷയും ബിജെപിക്കുണ്ട്.
പെരുമ്പാവൂര്‍, ആലുവ, മൂവാറ്റുപുഴ, കോതമംഗലം, കളമശ്ശേരി, പറവൂര്‍ നഗരസഭകളിലും ബിജെപി വന്‍ മുന്നേറ്റം നടത്തും. അരാഷ്‌ട്രീയ വാദം ഉയര്‍ത്തുന്ന കിഴക്കമ്പലം ട്വന്റി20 കിഴക്കമ്പലം പഞ്ചായത്തിന് പുറമെ കുന്നത്തുനാട്, മഴുവന്നൂര്‍, വെങ്ങോല പഞ്ചായത്തുകളില്‍ കൂടി ഇത്തവണ തദ്ദേശ തെരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ മത്സരരംഗത്ത് ഇറക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: