ചാലക്കുടി: കര്‍ഷകരെ പറഞ്ഞുപറ്റിക്കുന്ന മുന്നണികളാണ് കാര്‍ഷിക ബില്ലിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ പോകുന്നതെന്ന് സുരേഷ് ഗോപി എംപി. മേലൂര്‍ പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെല്ല് കൊയ്‌തെടുക്കുമ്പോള്‍ പാടത്ത് നിന്ന് കൊണ്ടുപോകാന്‍ സംവിധാനമോ നെല്ല് സംഭരണ കേന്ദ്രമോ മാറി മാറി ഭരിച്ചിട്ടും നെല്ലറയുടെ നാടായ കേരളത്തില്‍ ഉണ്ടാക്കാത്തവരാണ് കര്‍ഷകര്‍ക്കും, കര്‍ഷക ബില്ലിനും വേണ്ടി വാദിക്കുന്നത്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്നത് എന്തെല്ലാം കടത്തുകളാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇതിന് കൂട്ടുനില്‍ക്കുന്നവരെ തിരിച്ചറിഞ്ഞ് അവര്‍ക്കെതിരെ വിധിയെഴുതാന്‍ തയാറാവണം.
ജനവഞ്ചകരായ ഈ സര്‍ക്കാരിനെ എന്ത് പേരിട്ട് വിളിക്കണമെന്നറിയില്ല. ഇവരെ പുറത്താക്കാനുള്ള അവസരമാണ് കേരളത്തിലെ ജനങ്ങള്‍ക്ക് കൈവന്നിരിക്കുന്നത്. അത് വേണ്ട രീതിയില്‍ വിനിയോഗിക്കാന്‍ ഓരോരുത്തരും തയാറായാല്‍ കേരളത്തിലും വലിയ മാറ്റത്തിന് തുടക്കമാകുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് പി.ആര്‍. ശിവപ്രസാദ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ. അനീഷ് കുമാര്‍, മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത്, മധ്യമേഖല വൈസ് പ്രസിഡന്റ് കെ.എ. സുരേഷ്, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഷാജു കോക്കാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത്, ബ്ലോക്ക്, ജില്ല സ്ഥാനാര്‍ഥികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: