ഇടുക്കി: ഒരുമാസത്തോളം നീണ്ട തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കൊടുവില്‍ ജില്ല ഇന്ന് പോളിങ് ബൂത്തിലേക്ക്. ജില്ലയിലെ 9,01,593 സമ്മതിദായകര്‍ ഇന്ന് തങ്ങളുടെ സ്വന്തം ജനപ്രതിനിധിയെ തെരഞ്ഞെടുക്കും. തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി പോളിങ് ഉദ്യോഗസ്ഥരെല്ലാം ഇന്നലെ വൈകിട്ടോടെ ബൂത്തുകളിലെത്തി.
പോലീസിന്റെ വിലയിരുത്തല്‍ പ്രകാരം 197 ബൂത്തുകളാണ് ജില്ലയില്‍ പ്രശ്ന ബാധിതമായുള്ളത്. ഇവിടങ്ങളില്‍ അധികം പോലീസുകാരെ നിയോഗിച്ചു. ഇതിനായി 1453 ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. 52 പഞ്ചായത്തുകളും രണ്ട് മുനിസിപ്പാലിറ്റികളും 8 ബ്ലോക്ക് പഞ്ചായത്തും ഒരു ജില്ലാ പഞ്ചായത്തും ഉള്‍പ്പെട്ടതാണ് ഇടുക്കി. ഗോത്രവര്‍ഗ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് അടിമാലി ബ്ലോക്ക് പഞ്ചായത്തിലാണ്.
52 ഗ്രാമപഞ്ചായത്തുകളിലെ 792 വാര്‍ഡുകള്‍, എട്ട് ബ്ലോക്കുകളിലായി 104 ഡിവിഷനുകള്‍, ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനുകള്‍, തൊടുപുഴ, കട്ടപ്പന നഗരസഭകളിലായി 69 വാര്‍ഡുകള്‍ എന്നിവിടങ്ങളിലാണ് സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നത്.
നവംബര്‍ ആറിനായിരുന്നു തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത്. പഞ്ചായത്തിലെ വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മൂന്ന് വോട്ടും മുനിസിപ്പാലിറ്റിയില്‍ ഒരു വോട്ടുമാണുള്ളത്. തൊടുപുഴ, നെടുങ്കണ്ടം, കട്ടപ്പന, ഇടുക്കി, ഇളംദേശം, ദേവികുളം, അഴുത, അടിമാലി എന്നിവയാണ് ബ്ലോക്ക് പഞ്ചായത്തുകള്‍. ഇതില്‍ ഏഴ് ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും 2015-ല്‍ യുഡിഎഫ് ആണ് നേടിയത്.
52 പഞ്ചായത്തുകളില്‍ 24 എണ്ണം യുഡിഎഫും 22 എണ്ണം ല്ഡിഎഫുമാണ് വിജയിച്ചത്. ആറിടത്ത് തൂക്ക് ഭരണവും മറ്റുള്ളവരുമായിരുന്നു വിജയിച്ചത്. 2010ല്‍ യുഡിഎഫിന് 40 പഞ്ചാത്തുകളില് ഭരണം ഉണ്ടായിരുന്നപ്പോഴാണിത്.
ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ നിര്‍ണ്ണായക സ്വാധീനമായി ഇത്തവണ ജില്ലയില്‍ മാറിക്കഴിഞ്ഞു. ഇടത് വലത് മുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും ജില്ല ഇപ്പോഴും ഏറെ പിന്നോക്കമാണ്. കേന്ദ്ര പദ്ധതികള്‍ പോലും കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാന്‍ ഭരണകൂടം തയ്യാറാകുന്നില്ല. ഇതിന് മാറ്റം വരാന്‍ താഴെക്കിടയില്‍ തന്നെ ഭരണം പിടിക്കാനാണ് എന്‍ഡിഎയുടെ ശ്രമം. വലിയ തോതിലുള്ള വികസനവും പാര്‍ട്ടി ഉറപ്പ് നല്കുന്നു.
ശബരിമല വിഷയവും ഇടത് സര്‍ക്കാരിന്റെ അഴിമതിയില്‍ മുങ്ങിയ ഭരണവും ഇത്തവണ നേട്ടമാകുമെന്നാണ് ബിജെപി നേതാക്കള്‍ കണക്ക് കൂട്ടുന്നത്. ഇതിന് ക്രിസ്ത്യന്‍ സമുദായത്തിന്റെ നിലപാട് മാറ്റം ഏറെ ഗുണം ചെയ്യും. ജോസ് കെ. മാണിയുടെ പാര്‍ട്ടി മാറ്റവും ജില്ലയില്‍ വലിയ ചര്‍ച്ചയായിരുന്നു.
കഴിഞ്ഞതവണ പഞ്ചായത്തിലും നഗരസഭയിലുമായി 33 വാര്‍ഡുകളാണ് എന്‍ഡിഎ നേടിയത്, 48 വാര്‍ഡുകളില്‍ രണ്ടാം സ്ഥാനവും നേടി. ഈ സീറ്റുകള്‍ വര്‍ദ്ധിപ്പിച്ച് ഇരു നഗരസഭകളുടേയും വിവിധ പഞ്ചായത്തുകളുടേയും ഭരണം പിടിക്കാനാണ് എന്‍ഡിഎയുടെ തീവ്രശ്രമം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ എച്ച്. ദിനേശന് ജന്മഭൂമിയോട് പറഞ്ഞു. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ തന്നെ എല്ലാ പോളിങ് ഉദ്യോഗസ്ഥര്‍ക്കും അവരവരുടെ സ്ഥലങ്ങളിലേക്ക്
പുറപ്പെടാനായി. പോളിംഗ് സാമഗ്രഹികള്‍ ശേഖരിക്കുന്നതിന് എല്ലാവര്ക്കും ബസ് അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
ജില്ലയില്‍ ഗുരുതര പ്രശ്നങ്ങളുള്ള ബൂത്തുകളില്ല. കളക്ട്രേറ്റിലെ കണ്ട്രോള് റൂം ആറ് മുതല്‍ പ്രവര്‍ത്തിക്കും. പരാതികള്‍ ഇവിടെ നിന്ന് കൈമാറിക്കൊള്ളും. ഫീല്‍ഡില്‍ 103 സെക്ട്രല്‍ ഓഫീസര്‍മാരും എട്ട് മജിസ്ട്രേറ്റുമാരും ആറ് എഞ്ചിനീയര്‍മാരും ഉണ്ട്. കളക്ട്രേറ്റില്‍ ഇരുന്ന് മറ്റ് കാര്യങ്ങള്‍ നിയന്ത്രിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: