ന്യൂദല്‍ഹി : കോവിഡിന് ശേഷം രാജ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടുന്ന വെല്ലുവിളികളെകുറിച്ച് ഫ്രാന്‍സുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി ഫോണില്‍ സംസാരിക്കവേയാണ് ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയത്.
കൊറോണ വൈറസ് വാക്സിന്, കോവിഡിന് ശേഷം കൈവരിക്കേണ്ട സാമ്പത്തിക പുരോഗതി, കാലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങള്‍ സംബന്ധിച്ച് ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തുവെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. ഇത് കൂടാതെ ഫ്രാന്‍സില്‍ നടന്ന ഭീകരാക്രമണങ്ങളെ അപലപിച്ചു. ഭീകര പ്രവര്‍ത്തനങ്ങളും മൗലികവാദത്തിനും എതിരായ പോരാട്ടത്തില്‍ ഇന്ത്യ എല്ലാവിധ പിന്തുണയും നല്കി ഫ്രാന്‍സിനൊപ്പം ഉറച്ചു നില്‍ക്കുമെന്നും മോദി അറിയിച്ചു.
ഇന്ത്യ- ഫ്രാന്‍സ് പങ്കാളിത്തം ഇന്‍ഡോ- പസിഫിക് മേഖലയ്ക്കും ഗുണം ചെയ്യുന്നതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം ഇരുനേതാക്കള്‍ക്കും ബന്ധപ്പെടുന്നതിനായി ഹോട്ട്ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് മോദിയും ഇമ്മാനുവല്‍ മക്രോണുമായി ചര്‍ച്ച നടത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: