തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ എന്‍ഡിഎയ്ക്കൊപ്പമെന്ന് ബിജെപി മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എന്‍ഡിഎ ഭരണം പിടിക്കും. എന്‍ഡിഎ നടപ്പാക്കുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങളും ജീവകാരുണ്യ സന്നദ്ധ പ്രവര്‍ത്തനങ്ങളും ജനം കാണുന്നുണ്ട്. ഇക്കുറി തലസ്ഥാന നഗരിക്ക് നല്ല ഭരണം ഉണ്ടാവണം. തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ എല്‍ഡിഎഫും യുഡിഎഫും കാണിക്കുന്ന ചതിയോട് പ്രതിഷേധമുള്ളവരാണ് ഇവിടെയുള്ളതെന്നും ഫോര്‍ട്ട് സ്കൂളില്‍ വോട്ടുരേഖപ്പെടുത്തയ ശേഷം പുറത്തിറങ്ങിയ കുമ്മനം പറഞ്ഞു.
അതേസമയം, തിരുവനന്തപുരം കോര്പറേഷന് ഭരണം ബിജെപി പിടിച്ചെടുക്കുമെന്ന് സുരേഷ് ഗോപി എംപി വ്യക്തമാക്കി. എല്ലാ തിരഞ്ഞെടുപ്പിലും ഞങ്ങള്‍ ശ്രമമാണ് നടത്തിക്കൊണ്ടിരുന്നത്. ഇത്തവണ അത് കൂടുതല്‍ ശക്തമായി. ഇത്തവണ തിരഞ്ഞെടുപ്പ് ദിനമെത്തുമ്പോള്‍ എല്ലാത്തിന്റേയും വിലയിരുത്തലുണ്ടാവും. അത് പൂര്‍ണമാണ്, സത്യസന്ധമാണെങ്കില്‍ കേരളത്തില്‍ ബി.ജെ.പിക്ക് ഗംഭീര വിജയമുണ്ടാകുമെന്ന് അദേഹം പറഞ്ഞു.
നിലവിലത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപിക്ക് മാത്രമാണ് സാധ്യതകളുള്ളത്. തിരുവനന്തപുരത്ത് ശാസ്തമംഗലത്തെ വാര്‍ഡില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. എല്ലാവരും വോട്ട് ചെയ്യണം. ഉച്ചയ്ക്ക് മുന്‍പ് തന്നെ എത്തി എല്ലാവരും വോട്ട് ചെയ്യാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉച്ചയ്ക്ക്ശേഷം കിംവദന്തികള്‍ പരത്താന്‍ ചില ജാരസംഘങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. ഭയപ്പെടുത്തുന്ന അന്തരീക്ഷം നിലവിലില്ല. കൊറോണ പ്രോട്ടോക്കോള്‍ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. വിദഗ്ധര്‍ നല്കിയ നിര്‍ദേശങ്ങളാണതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ എല്ലാം തീരുമാനിക്കുന്നത് വോട്ടര്‍മാരാണെന്നും സുരേഷ് ഗോപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: