ന്യൂദല്‍ഹി: ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ലോകത്തിലെ മികച്ച ക്രൂയിസ് മിസൈല്‍ ബ്രഹ്മോസിന് ആവശ്യക്കാരേറെ. ബ്രഹ്മോസ് വാങ്ങാന്‍ കിഴക്കനേഷ്യന്‍ രാജ്യങ്ങളും ഗള്‍ഫ് രാജ്യങ്ങളുമടക്കം രംഗത്തുണ്ടെന്നാണ് വിവരം.
ഫിലിപ്പീന്‍സുമായാണ് ആദ്യം കരാറെന്നാണ് പുറത്തുവരുന്ന വിവരം. അതിനിടെ, വിവിധ ഗള്‍ഫ് രാജ്യങ്ങളും ആവശ്യവുമായി ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. ബ്രഹ്മോസ് മിസൈല്‍ ഇടപാടില്‍ ഇന്ത്യ-ഫിലിപ്പീന്‍സ് സര്‍ക്കാരുകളുടെ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. അടുത്ത വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫിലിപ്പൈന്‍ പ്രസിഡന്റ് ഡുട്ടെര്‍ട്ടും തമ്മിലുള്ള നയതന്ത്ര ഉച്ചകോടിയില്‍ കരാര്‍ ഒപ്പിട്ടേക്കുമെന്നാണ് സൂചന.
ഖത്തര്‍, യുഎഇ, സൗദിഅറേബ്യ തുടങ്ങിയവരാണ് ഗള്‍ഫ് മേഖലയിലെ ആവശ്യക്കാര്‍. കരസേന മേധാവി ജനറല്‍ എം.എം. നരവണെയുടെ യുഎഇ, സൗദി സന്ദര്‍ശനത്തിനിടെ ഇക്കാര്യത്തില്‍ പ്രാഥമിക തീരുമാനമുണ്ടാകുമെന്നാണ് സൂചന. രണ്ട് രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തും. സൗദി നാഷണല്‍ ഡിഫന്‍സ് കോളേജിനെയും അദ്ദേഹം അഭിസംബോധന ചെയ്യുന്നുണ്ട്.
ഈ മിസൈലിന്റെ കര, കടല്‍ പതിപ്പുകള്‍ക്കായി കിഴക്കനേഷ്യയിലെ തായ്ലന്ഡ്, ഇന്തൊനേഷ്യ, വിയറ്റ്നാം രാജ്യങ്ങളും രംഗത്തുണ്ട്. കരയിലും കടലിലും ആകാശത്തുമെല്ലാം ചൈന ഉയര്‍ത്തുന്ന വെല്ലുവിളികളാണ് ബ്രഹ്മോസ് പോലൊരു കരുത്തനെ തേടിയെത്താന്‍ അവരെ പ്രേരിപ്പിക്കുന്നത്.
ലോകത്തിലെ ഏക ശബ്ദാതിവേഗ ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. കര-നാവിക-വ്യോമ സേനകള്‍ക്കു വേണ്ടി പ്രത്യേക പതിപ്പുകളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: