കല്‍പ്പറ്റ: കാര്‍ഷികത്തകര്‍ച്ച, പ്രളയം, വരള്‍ച്ച, ജലക്ഷാമം, ഉരുള്‍പൊട്ടല്‍, മനുഷ്യ വന്യ ജീവി സംഘര്‍ഷം, തുടങ്ങിയവ മൂലം പലായനത്തിന്റെ വക്കിലെത്തി നില്ക്കുന്ന വയനാടന്‍ ജനതയ്ക്ക് മുന്നില്‍ പഴകിപ്പുളിച്ച വികസന മുദ്രാവാക്യങ്ങളുമായെത്തിയ പ്രമുഖ പാര്‍ട്ടികളെയും മുന്നണികളെയും തിരിച്ചറിയണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. അവരുടെ സ്ഥാനാര്‍ത്ഥികളെയും വയനാട്ടിലെ ജനങ്ങള്‍ തിരിച്ചറിയണം.
വയനാട് നേരിടുന്ന യഥാര്‍ഥ വികസന വെല്ലുവിളികള്‍ അവരെ പഠിപ്പിക്കണം. വിമാനത്താവളം, റെയില്‍വെ, ചുരം ബദല്‍ റോഡുകള്‍, തുരങ്ക പാത തുടങ്ങിയ അപ്രായോഗികവും അപ്രസക്തവും വികലവുമായ വികസന സ്വപ്നങ്ങള്‍ പറഞ്ഞ് കഴിഞ്ഞ നിരവധി തെരഞ്ഞെടുപ്പുകളില്‍ ഇവര്‍ ജനങ്ങളെ പറ്റിച്ചിട്ടുണ്ട്. സമ്പന്നമായ കൃഷിയും വയനാടിന്റെ സവിശേഷമായ പരിസ്ഥിതി സന്തുലനവും തകര്‍ന്നടിഞ്ഞിട്ട് പതിറ്റാണ്ടുകളായി. പതിനായിരത്തിലധികം ഹെക്ടര്‍ ഭൂമി വന്‍ തോട്ടമുടമകള്‍ നിയമവിരുദ്ധമായി കൈയടക്കി വെച്ചിരിക്കുന്നു. പക്ഷെ ആദിവാസികളുടെയും തോട്ടം തൊഴിലാളികളുടെയും ദരിദ്രരുടെയും ഭൂപ്രശ്നം പരിഹരിച്ചിട്ടില്ല. കഴിഞ്ഞ രണ്ടു പ്രളയങ്ങള്‍ വയനാടിന്റെ സമ്പദ്ഘടനയെ പിടിച്ചുലച്ചിരിക്കുന്നു.
മാരകമായ കരിങ്കല്‍ ഖനനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇവയെക്കുറിച്ചൊന്നും വയനാട്ടില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കും പാര്‍ട്ടികള്‍ക്കും യാതൊരു ഉത്കണ്ഠയുമില്ലെന്ന് അവരുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി അടിക്കടി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന മനുഷ്യ വന്യ ജീവി സംഘര്‍ഷത്തിന്റെ ഉത്തരവാദിത്തം കേരളം മാറി മാറി ഭരിച്ച സര്‍ക്കാറുകള്‍ക്കും ജനപ്രതിനിധികള്‍ക്കുമാണ്. മനഷ്യരും വന്യജീവികളും കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം അവര്‍ക്ക് മാത്രമാണ്. പ്രശ്നമുണ്ടാകുന്നിടത്ത് ഓടിയെത്തി കലാപത്തിന് നേതൃത്വം കൊടുക്കലല്ല പാര്‍ട്ടികളുടെയും ജനപ്രതിനിധികളുടെയും ഉത്തരവാദിത്തം പ്രശ്നത്തിന്ന് ശാശ്വതമായ പരിഹാരം കാണലാണ്.
ത്രിതല പഞ്ചായത്തുകളില്‍ ഏതെങ്കിലും ഒന്ന് ഒരു പ്രമേയം പോലും പാസ്സാക്കിയതായി കേട്ടിട്ടില്ല. കഴിഞ്ഞ രണ്ടു പ്രളയത്തിലും ഉരുള്‍പൊട്ടലിലും നാശനഷ്ടമുണ്ടായവര്‍ക്ക് ഇനിയും നഷ്ടപരിഹാരം നല്‍കിയിട്ടില്ല. ദുരന്ത സാധ്യതയുള്ള പ്രദേശത്തുള്ളവരെ ഒഴിപ്പിച്ച് പുനരധിവസിപ്പിച്ചിട്ടില്ല. ജില്ലക്ക് ദുരന്ത പ്രതിരോധനയം പോലുമുണ്ടായിട്ടില്ല. അതീവ ദുര്‍ബലമായ പരിസ്ഥിതി ലോല പ്രദേശത്ത് പോലും വന്‍ തോതില്‍ മണ്ണിടിച്ചിലും കരിങ്കല്‍ ക്വാറിയും മണലൂറ്റും യഥേഷ്ടം നടക്കുന്നു. വിഷമുക്തവും രാസ മുക്തവുമായ പ്രകൃതിയാണ് വയനാട്ടില്‍ വളര്‍ന്നു വരേണ്ടത്. ജൈവ നെല്ലിനങ്ങളുടെയും ജൈവ പച്ചക്കറികളുടെയും ജൈവ പഴങ്ങളുടെയും കിഴങ്ങുവര്‍ഗ്ഗങ്ങളുടെയും ഭൗമ സൂചികയുള്ള ഹബ്ബായി വയനാടിനെ മാറ്റണം.
വയനാടിന്റെ മാത്രം തനക് കന്നുകാലിയിനമായ വയനാടന്‍ പശുക്കളെ സംരക്ഷിക്കാനുള്ള ബാധ്യത ത്രിതല പഞ്ചായത്തുകള്‍ക്കുണ്ട്. മേല്‍ പറഞ്ഞവയുടെയും പരിസ്ഥിതിയുടെയും കൃഷിയുടെയും പുനരുജ്ജീവനമാണ് യഥാര്‍ഥ വികസനമെന്ന് ജനങ്ങള്‍ പാര്‍ട്ടികളെ പഠിപ്പിക്കണം. പരിസ്ഥിതി ലോല പ്രദേശത്തിനും ഇല്ലാത്ത ടൈഗര്‍ റിസര്വിനെതിരെയുള്ള നിഴല്‍ യുദ്ധവും വനം വന്യജീവി വിദ്വേഷവും മുഖമുദ്രയാക്കിയ പുരോഗമന കുപ്പായമിട്ട കര്‍ഷകസംഘടനകള്‍ ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളാണെന്ന് ജനങ്ങള്‍ തിരിച്ചറിയണം. പരിസ്ഥിതിക്കിണങ്ങുന്നതും നിയന്ത്രിതവും എക്കാലവും നിലനില്ക്കുന്നതും വന്യജീവികളുടെയും ആദിവാസി ഗോത്രങ്ങളുടെയും ആവാസസ്ഥാനത്തെ തീണ്ടാത്തതുമായ ടൂറിസത്തെ മാത്രമെ അംഗീകരിക്കാവൂ. കര്‍ഷകന്റെ സ്വര്ഗ്ഗഭൂമിയും ആദിമ ഗോത്രവര്‍ഗ്ഗങ്ങളുടെ ആവാസ ഭൂമിയും പരിസ്ഥിതി സംതുലനത്തിന്റെ സ്വപ്ന ഭൂമിയുമായ വയനാടിനെ ഗതകാല പ്രൗഡിയിലേക്ക് പുനരുഞ്ജീവിപ്പിപ്പിക്കാന് വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രകൃതി സംരക്ഷണ സമിതി വോട്ടര്‍മാരോട് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: