തൊടുപുഴ/ കട്ടപ്പന: കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് കൊട്ടിക്കലാശം. ഇന്നത്തെ പകല്‍ നിശബ്ദ പ്രചാരണത്തിന്റേത്.
മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി പ്രത്യേക സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വലിയ രീതിയിലുള്ള റോഡ് ഷോകളും ആളുകളുടെ പങ്കാളിത്തവുമുണ്ടായില്ല. ഇന്നലെ രാവിലെ മുതല്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും ഒരു വട്ടം കൂടി വീടുകള്‍ കയറി വോട്ടു തേടാനുള്ള ഓട്ടപ്രദക്ഷിണത്തിലായിരുന്നു. സ്ഥാനാര്‍ത്ഥികളെ പാടി പുകഴ്ത്തിയുള്ള അനൗണ്‍സ്മെന്റ് വാഹനങ്ങള്‍ ഇന്നലെയും നാടിന്റെ മുക്കിലും മൂലയിലും തലങ്ങും വിലങ്ങും പാഞ്ഞു. വീടുകള്‍ കയറിയുള്ള ലഘുലേഖ വിതരണവും ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീന് മാതൃക, ബാലറ്റ് പേപ്പര്‍ എന്നിവയുടെ പരിചയപ്പെടുത്തലും തകൃതിയായി നടന്നു.
സാധാരണ പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ചാണ് അലങ്കരിച്ച വാഹനങ്ങളും വാദ്യഘോഷങ്ങളുമായി വിജയഭേരി മുഴക്കി അണികള്‍ കൊട്ടികലാശം തീര്‍ക്കുക. എന്നാല്‍ ഇത്തവണ ടൗണുകളില്‍ ഒത്തുകൂടുന്നതിന് പകരം അതത് പഞ്ചായത്തുകളിലെയും നഗരസഭകളിലെയും വാര്‍ഡുകളിലായി ചുരുങ്ങി. ഗ്രാമ പ്രദേശങ്ങളിലെ ഇടറോഡുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിപാടികള്‍. പ്രധാനമായും റോഡ് ഷോ ആയിരുന്നു ഇത്തവണ നടത്തിയത്.
പോലീസിന്റെ കൃത്യമായ നിര്ദേശങ്ങളുണ്ടായിരുന്നതിനാല് കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു കൊട്ടിക്കലാശം. കൊറോണ സാഹചര്യം നിലനില്‍ക്കുമ്പോഴും പ്രചാരണത്തിലും അവസാന ദിനത്തിലെ കൊട്ടിക്കലാശത്തിലും കാര്യമായ കുറവ് വന്നില്ല. ഇത്തരത്തിലൊരു കൊട്ടിക്കലാശം സംസ്ഥാന തെരഞ്ഞെടുപ്പില്‍ തന്നെ ചരിത്രമാണ്. ആളുകള്‍ കൂടാതെ മിക്കയിടത്തും പരിപാടികള്‍ ശുഷ്കമായി. എന്നാല്‍ ചിലയിടങ്ങളില്‍ ആളുകള്‍ കൂട്ടത്തോടെ എത്തുകയും ചെയ്തു.
ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. ആള്‍ക്കൂട്ടമില്ലാതെ കണ്ട പറഞ്ഞ വോട്ടുകള്‍ വീണ്ടും ഉറപ്പിക്കനുള്ള നെട്ടോട്ടത്തിലാകും ഇന്നത്തെ പകല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശക്തമായ നിര്‍ദേശം നിലനില്‍ക്കുന്നതിനാല്‍ പോലീസും ജനങ്ങളും ഇക്കാര്യത്തില്‍ ജാഗരൂകരായി. വലിയ ആളുകളുടെ പങ്കാളിത്തമില്ലാത്തിനാല് സംഘര്‍ഷം പോലുള്ള പ്രശ്നങ്ങളും ഒഴുവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: