പത്തനംതിട്ട: മണ്ഡല പൂജാവേളയില്‍ അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര 22ന് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും. 25ന് ഉച്ചയ്ക്ക് ഘോഷയാത്ര പമ്പയില്‍ എത്തിച്ചേരും. വൈകിട്ട് സന്നിധാനത്തേക്ക് കൊണ്ടുവരുന്ന തങ്ക അങ്കിക്ക് ശരംകുത്തിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആചാരപൂര്‍വ്വമുള്ള സ്വീകരണം നല്‍കും.
തുടര്‍ന്ന് തങ്ക അങ്കിയെ കൊടിമരത്തിന് മുന്നില്‍ ഔദ്യോഗികമായി വരവേറ്റ് ശ്രീകോവിലിനുള്ളിലേക്ക് കൈമാറും. ശേഷം തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന. 26ന് ഉച്ചയ്ക്കാണ് മണ്ഡലപൂജ. ഇക്കുറി തങ്ക അങ്കി ഘോഷയാത്രയ്ക്ക് കൊവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടാകും. ഘോഷയാത്ര ആറന്മുളയില് നിന്ന് ആരംഭിച്ച് പമ്പയില്‍ അവസാനിക്കുന്നതു വരെ വഴി നീളെയുള്ള സ്വീകരണം, പറയെടുപ്പ് എന്നിവ ഉണ്ടാവില്ല. ജങ്ഷനുകളിലെ സ്വീകരണവും ഒഴിവാക്കി.
മുന്‍ വര്‍ഷങ്ങളില്‍ പോകുന്നതു പോലെ അമ്പലങ്ങളില്‍ എത്തിച്ചേരുമ്പോള്‍ അവിടെ സ്വീകരണത്തിന് ക്രമീകരണം ഒരുക്കും. എന്നാല്‍ ക്ഷേത്രങ്ങളില്‍ ആള്‍കൂട്ടം അനുവദിക്കില്ല. ഇവിടെയും കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ച് കൊണ്ടാകും ഭക്തര്‍ക്ക് സ്വീകരണത്തിന് അവസരം നല്‍കുകയെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍. വാസു പറഞ്ഞു.
ഘോഷയാത്രയില്‍ അനുഗമിക്കുന്നവരുടെ എണ്ണം കുറയ്ക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്കി. കൂടാതെ ഘോഷയാത്രയെ അനുഗമിക്കുന്നവര്‍ കൊവിഡ് പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം.
ഇവര്‍ ഘോഷയാത്രയില്‍ സാമൂഹിക അകലം പാലിക്കണമെന്നും പ്രസിഡന്റ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ചിത്തിര തിരുനാള്‍ മഹാരാജാവ് ശബരിമല നടയില്‍ സമര്‍പ്പിച്ച 453 പവന് തങ്കത്തില്‍ നിര്‍മിച്ച അങ്കിയാണ് മണ്ഡല പൂജയ്ക്ക് അയ്യപ്പസ്വാമിക്ക് ചാര്‍ത്തുന്നതിനായി ഘോഷയാത്രയായി കൊണ്ടുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: