പാതിരാത്രിയില്‍ ഒരു ബാലകന്റെ മൃതദേഹവുമായി വനത്തിനു സമീപം ഇരുന്ന ഹരിശ്ചന്ദ്ര പത്നിയെ ആരെന്നു തിരിച്ചറിയാത്ത സമീപവാസികള്‍ പിടികൂടി. സംശയകരമായ സാഹചര്യമെന്നാണ് അവര്‍ വിലയിരുത്തിയത്. ചന്ദ്രമതിയാണെങ്കില്‍ അവരുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടിയും നല്‍കിയില്ല. മനോവേദനയാല്‍ നാവുകളുടെ ചേതന നഷ്ടപ്പെട്ട പോലെ.
നാട്ടുകാരില്‍ ചിലര്‍ ചന്ദ്രമതിയെ തൂക്കിയെടുത്ത് സ്ഥലത്തെ ഒരു പ്രമാണിയുടെ മുമ്പില്‍ കൊണ്ടുചെന്നാക്കി. ശ്മശാനം ഉടമയായ ചണ്ഡാളനായിരുന്നു ആ പ്രമാണി. ബാലകന്മാരെ തട്ടിക്കൊണ്ടു പോകുകയും പീഡിപ്പിക്കുകയും അനുസരണയില്ലാത്തവരെ വധിക്കുകയും ചെയ്യുന്നത് ഈ പ്രദേശത്തിപ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നു. ഇവളും ഒരു ബാലഘാതകി തന്നെയെന്ന് പ്രമാണിയായ ചണ്ഡാളന് വിലയിരുത്തി.
ബ്രഹ്മജ്ഞാനികളേയും പശുക്കളേയും വധിച്ചവരേയും പുരകത്തിച്ചവനേയും സ്വര്‍ണമോഷ്ടാവിനേയും വഴി തടഞ്ഞവനേയും അതുപോലെയുള്ള ദുഷ്കൃത്യങ്ങള്‍ ചെയ്തവരെയും ശിക്ഷിക്കുന്നതിന് (വധിക്കുന്നതിന്) മറ്റു ന്യായങ്ങളൊന്നും നോക്കേണ്ടതില്ലെന്നാണ് ഞാന്‍ ശാസ്ത്രത്തില്‍ പഠിച്ചിട്ടുള്ളത്. അതിനാല്‍ ദുഷ്ടയായ ഈ സ്ത്രീയെ കൊല്ലുവാന്‍ തന്നെയാണ് എന്റെ നിശ്ചയം. ചണ്ഡാളന് അറിയിച്ചു. ഇപ്പോള്‍ തന്നെ കൊല്ലണമെന്ന് ശ്മശാനം കാവല്‍ക്കാരനായ ഹരിശ്ചന്ദ്രനോട് ചണ്ഡാളന് നിര്‍ദേശവും നല്കി.
എന്നാല്‍ സൂര്യവംശം പിന്തുടരുന്ന നീതിശാസ്ത്ര പ്രകാരം യാതൊരു കാരണവശാലും സ്ത്രീകളെ വധശിക്ഷയ്ക്ക് വിധേയരാക്കരുതെന്ന് മനുസ്മൃതി പറഞ്ഞതാണ് പ്രധാനം. അതുകൊണ്ട് ഈ സ്ത്രീവധത്തില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ഹരിശ്ചന്ദ്രന് തന്റെ യജമാനനോട് അഭ്യര്‍ഥിച്ചു.
ഹരിശ്ചന്ദ്രന്റെ വാക്യം ചണ്ഡാളനെ തൃപ്തനാക്കിയില്ല. യജമാനന് നിര്‍ദേശിക്കുന്ന കര്‍മം ചെയ്യാന്‍ ദാസന് ബാധ്യസ്ഥനാണ്. അതില്‍ നിന്നും ഒഴിഞ്ഞുമാറാനുള്ള ശ്രമം അംഗീകരിക്കാനാവില്ല. വേതനം വാങ്ങിയിട്ട് കര്‍മത്തില്‍ നിന്നും ഒഴിഞ്ഞുമാറാനുള്ളള ശ്രമം അംഗീകരിക്കാനാവില്ല. വേതനം വാങ്ങിയിട്ട് കര്‍മത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്ന തൊഴിലാളിക്ക് ഒരു കാലത്തും മോചനമില്ലെന്നും നീതിശാസ്ത്രം പറയുന്നു.
കുറച്ചുനേരം ചണ്ഡാളനും ഹരിശ്ചന്ദ്രനും പരസ്പരം തര്‍ക്കിച്ചു നിന്നു. അടിമപ്പണം കൈപ്പറ്റി ജോലിചെയ്യാതെ തിരിച്ചുപദേശിച്ചു കൊണ്ടിരിക്കുന്ന ഹരിശ്ചന്ദ്രന്റെ വാക്കുകള്‍ ചണ്ഡാളന് നിഷേധിച്ചു. സ്വാമികാര്യം ചെയ്യാതെ തര്‍ക്കുത്തരങ്ങളും മറ്റു വാദപ്രതിവാദങ്ങളും ഉന്നയിക്കുന്നത് ധര്മത്തിന് ചേര്‍ന്നതല്ല.
തുടര്‍ന്ന് ചണ്ഡാളന്റെ ആജ്ഞയായിരുന്നു. അദ്ദേഹം മൂര്‍ച്ചയേറിയ ഒരു വാളെടുത്ത് ഹരിശ്ചന്ദ്രനെ ഏല്പിച്ചു. ഈ വാളുകൊണ്ട് നീ ഇപ്പോള്‍ തന്നെ ബാലഘാതകിയെ വധിക്കണം.
ആജ്ഞ ധിക്കരിക്കാനാവാതെ ഹരിശ്ചന്ദ്രന് ചന്ദ്രമതിയുടെ മുമ്പലേക്കടുത്തു. അവള് ശ്മശാനം ഉടമയായ ചണ്ഡാളനോട് കരഞ്ഞു പ്രാര്‍ഥിച്ചു. തന്റെ മരിച്ചു കിടക്കുന്ന പുത്രന്റെ ശരീരത്തെ ഇവിടെ കൊണ്ടു വന്ന് സംസ്ക്കരിക്കുന്നതുവരെ തനിക്ക് ജീവിക്കാന്‍ അവസരം തരണമെന്നായിരുന്നു ആ പ്രാര്‍ഥന. ചണ്ഡാളന് അര്‍ധസമ്മതം മൂളി. അവള് മരിച്ചു കിടക്കുന്ന പുത്രശരീരത്തിനടുത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: