പാലക്കാട്: മാനവസേവ മാധവ സേവയെന്ന മന്ത്രം ഉള്‍ക്കൊണ്ടാണ് ജ്യോതിയെന്ന ഛത്തീസ്ഗഡ് ബചേലി സ്വദേശിനി ബിഎസ്സി നഴ്സിങ്ങിന് ചേര്‍ന്നത്. പഠനത്തിലും മിടുക്കിയായിരുന്ന ജ്യോതിക്ക് ബിജെപിയെന്ന ദേശീയപ്രസ്ഥാനത്തോടും അടല്‍ ബിഹാരി വാജ്പേയി ഉള്‍പ്പെടെയുള്ള നേതാക്കളോടും കടുത്ത ആരാധനയായിരുന്നു. ഇതാണിപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് വരെ എത്തിയത്.
ഹോസ്റ്റലില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രക്കിടെയാണ് ജ്യോതിയുടെ ജീവിതം മാറിമറിഞ്ഞത്. രാജ്യത്തെ സേവിക്കുന്ന സൈനികന്റെ ജീവന് രക്ഷിക്കുന്നതിനിടെ സ്വന്തം വലതു കൈ നഷ്ടപ്പെട്ടു. വീട്ടുകാര്‍ ഉള്‍പ്പെടെ തള്ളിപ്പറഞ്ഞപ്പോള്‍ ആ മലയാളി സൈനികന് ജ്യോതിയെ നെഞ്ചോട് ചേര്‍ത്തു. രാജ്യസ്നേഹം നെഞ്ചിലേറ്റിയ സൈനികന്റെ ഭാര്യയായി ഛത്തീസ്ഗഡില്‍ നിന്ന് കേരളത്തിന്റെ മരുമകളായി എത്തി.
ജ്യോതിയുടെ കഥ തുടങ്ങുന്നത് ഇങ്ങിനെ..
ഛത്തീസ്ഗഡിലെ സാധാരണ കുടുംബത്തില്‍ ജനിച്ചു. ബിഎസ്സി നഴ്സിങ്ങിന് ചേര്‍ന്നു. രണ്ടാംവര്‍ഷ പഠനത്തിനിടെയാണ് ജീവിതം മാറ്റിമറിച്ച അപകടം. 2010 ജനുവരി മൂന്നിന് ജ്യോതി ഛത്തീസ്ഗഡ് ദുര്‍ഗ് മൈത്രി കോളേജിലെ ഹോസ്റ്റലില്‍ നിന്ന് വീട്ടിലേക്ക് ബസില്‍ പോവുകയായിരുന്നു. ആ ബസിലാണ് പാലക്കാട് പെരുവെമ്പ് പാലത്തുള്ളി സ്വദേശിയായ സിഐഎസ്എഫ് ജവാനായ വികാസും യാത്രചെയ്തിരുന്നത്. മറ്റൊരു ക്യാമ്പിലുണ്ടായിരുന്ന സഹോദരന് വിശാലിനെ കണ്ടശേഷം ദെന്തേവാദ ജില്ലയിലെ ബെലാഡിലയിലെ ക്യാമ്പിലേക്ക് മടങ്ങുകയായിരുന്നു വികാസ്. ബസിലെ വിന്‍ഡോ സീറ്റില്‍ തലചായിച്ച് ഉറങ്ങുകയായിരുന്നു. അതിനിടെ ഒരു ട്രക്ക് നിയന്ത്രണം തെറ്റി വരുന്നത് ശ്രദ്ധയില്‍പ്പെട്ട തൊട്ടുപുറകിലെ സീറ്റിലുണ്ടായിരുന്ന ജ്യോതി മറ്റൊന്നും ആലോചിക്കാതെ വലതുകൈ കൊണ്ട് വികാസിന്റെ തല തള്ളി മാറ്റി രക്ഷപ്പെടുത്തി. ജവാന്റെ ജീവന് രക്ഷിക്കുന്നതിനിടെ ജ്യോതിയുടെ വലതുകൈ ആറ്റുപോയി. ഞെട്ടിയെഴുന്നേറ്റ വികാസ് കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന ജ്യോതിയെയാണ്. വികാസ് അവരെ താങ്ങിയെടുക്കുമ്പോള്‍ വലതുകൈയുണ്ടായിരുന്ന ഭാഗത്തുനിന്നും ചോരയൊഴുകകയായിരുന്നു. ജ്യോതിയെ വികാസും ബസ് യാത്രക്കാരും ചേര്‍ന്ന് തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. തുണിയില്‍പൊതിഞ്ഞ ജ്യോതിയുടെ കൈ വികാസാണ് ആശുപത്രിയില്‍ എത്തിച്ചത്. വേര്‍പെട്ട കൈ തുന്നിച്ചേര്‍ക്കാനുള്ള സൗകര്യം അവിടെ ഉണ്ടായിരുന്നില്ല. തന്നെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ആ പെണ്‍കുട്ടിയുടെ കൈ നഷ്ടമായതെന്ന് മറ്റൊരു യാത്രക്കാരി പറഞ്ഞാണ് വികാസ് അറിയുന്നത്. ആ പെണ്‍കുട്ടി ഇല്ലായിരുന്നെങ്കില്‍ താനിപ്പോള്‍ ജീവനോടെ ഉണ്ടാവില്ലെന്ന് മനസിലാക്കിയ വികാസ് പെണ്‍കുട്ടിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്തീരുമാനിച്ചു.
ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജ്യോതിയെയും കൊണ്ട് ആംബുലന്‍സില്‍ ബിലാസ്പൂരിലെ അപ്പോളോ ആശുപത്രിയിലെത്തി. എന്നാല്‍ കൈ തുന്നിച്ചേര്‍ക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അവിടെ നിന്നും നേരെ റായ്പൂരിലെ രാമകൃഷ്ണ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക്. ഇതിനിടെ സഹോദരന് വിശാലും എത്തി.
കൈ തുന്നിചേര്‍ക്കുന്നത് കൊണ്ട് ഗുണമില്ലെന്ന് പറഞ്ഞതോടെ തന്റെ കൈ മുറിച്ച് അവര്‍ക്ക് വയ്ക്കാന്‍ പറ്റുമോ എന്ന് വിശാല്‍ ചോദിച്ചതും ഡോക്ടര്‍മാരെ ഞെട്ടിച്ചിരുന്നു. സഹോദരന്റെ ജീവന് രക്ഷിച്ച ജ്യോതിയ്ക്ക് വേണ്ടി എന്തും ചെയ്യുമെന്നാണ് വിശാല്‍ പറഞ്ഞത്. പക്ഷേ അതൊന്നും പ്രായോഗികമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
വീട്ടില്‍ നിന്നും അവഗണന
നാടും വീടും പേരും അറിയാത്ത ഒരാള്‍ക്കായി സ്വന്തം ജീവിതം തുലച്ച ജ്യോതിക്ക് വീട്ടുകാരില്‍ നിന്നും നേരിടേണ്ടിവന്നത് കടുത്ത അവഗണന. 12 ദിവസം ആശുപത്രിയില്‍ കിടന്നപ്പോള്‍ അവസാന ദിവസം മാത്രമാണ് അവരെത്തിയത്. അത്രയും സമയം വികാസ് തന്നെയായിരുന്നു ആശുപത്രിയില്‍. എന്റെ കൈ പോയാലെന്താ എന്റെ ന്ഷടപ്പെട്ട കൈകൊണ്ട് ഒരു ജീവന് രക്ഷിക്കാന്‍ കഴിഞ്ഞല്ലോ, ഒരാളുടെ ജീവനേക്കാള്‍ വലുതല്ല കൈ എന്ന ജ്യോതിയുടെ മറുപടിയാണ് വികാസിനെ ജ്യോതിയിലേക്ക് കൂടുതല്‍ അടുപ്പിച്ചത്.
തന്റെ ജീവന് രക്ഷിച്ച പെണ്‍കുട്ടി വീട്ടില്‍ ഒറ്റപ്പെട്ടതറിഞ്ഞ് വികാസ് വിഷമിച്ചു. വിവാഹം കഴിക്കണമെന്ന ആഗ്രഹം പറഞ്ഞെങ്കിലും ആദ്യം ജ്യോതി വഴങ്ങിയില്ല. ജ്യോതിയുടെ വീട്ടുകാരും എതിര്‍ത്തു. വിവാഹത്തില്‍ വികാസ് ഉറച്ചുനിന്നതോടെ ജ്യോതിയും സമ്മതം മൂളി. പിന്നെ വികാസിന്റെ കൈപിടിച്ച് കേരളത്തിലേക്ക്. ആഘോഷമായി തന്നെ 2011 ഏപ്രില്‍ 13ന് കൊടുമ്പ് സുബ്രഹ്മണ്യക്ഷേത്രത്തില്വച്ച് ഇരുവരും വിവാഹിതരായി. പിന്നീട് മലയാളി മരുമകളായി പാലക്കാട് ജീവിതം തുടങ്ങി. ഇപ്പോള്‍ കോയമ്പത്തൂരിലാണ് വികാസ് സിഐഎസ്എഫ് ജവാനായി ജോലി ചെയ്യുന്നത്. എട്ടും നാലു വയസുള്ള രണ്ട് മക്കളുണ്ട്. സ്വന്തം വീട്ടുകാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ലെങ്കിലും ജ്യോതി സന്തോഷവതിയാണ്.
ദേശീയപ്രസ്ഥാനമായ ബിജെപിയില്‍ അടിയുറച്ച്
ബിജെപിയെന്ന പ്രസ്ഥാനത്തോടും നേതാക്കളോടും കടുത്ത ആരാധനയാണ് ജ്യോതിക്ക്. ആദ്യവോട്ട് മുതല്‍ ഇത് വരെ ചെയ്തത് എന്‍ഡിഎക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആരാധനയും അദ്ദേഹത്തതിന്റെ ജനക്ഷേമ പദ്ധതികളുമാണ് ബിജെപിയിലേക്ക് കൂടുതല്‍ അടുപ്പിച്ചത്. ഇതിനിടെ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിലെ പാലത്തുള്ളി ഡിവിഷനിലേക്ക് സ്ഥാനാര്‍ത്ഥിയായി നില്‍ക്കണമെന്ന ആവശ്യം ഉയര്‍ന്നു. വികാസും വീട്ടുകാരും സമ്മതം മൂളിയതോടെ ഈ മുപ്പതുകാരി ഹാപ്പി. പിന്നെ വേഗത്തിലായിരുന്നു കാര്യങ്ങള്‍. ഇടതുകൈ നെഞ്ചില്‍ വച്ച് ചിരിച്ചുകൊണ്ട് നമസ്തെ പറഞ്ഞ് വോട്ടഭ്യര്‍ത്ഥിച്ചെത്തുന്ന ജ്യോതിയെ ഇതിനോടകം തന്നെ എല്ലാവരും സ്വീകരിച്ചു കഴിഞ്ഞു. പ്രായഭേദമന്യേ എല്ലാവരോടും മലയാളത്തില്‍ വിശേഷങ്ങള്‍ തിരക്കിയും വോട്ടഭ്യര്‍ത്ഥിച്ചും നാട്ടിലെ താരമായിരിക്കുകയാണ് ജ്യോതി. വോട്ടര്‍മാര്‍ക്ക് ജ്യോതി നല്കുന്ന വാഗ്ദാനങ്ങളും ഏറെയാണ്. അര്‍ഹതപ്പെട്ട എല്ലാവര്ക്കും വീടുള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ എത്തിക്കണം, പഠിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നല്‍കണം. അതിനായി തനിക്ക് കിട്ടുന്ന ഓണറേറിയത്തിന്റെ ഒരുപങ്ക് മാറ്റിവയ്ക്കും, ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യം ഒരുക്കും, കുടിവെള്ള പ്രശ്നം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഹരിക്കും ഇതുകൂടാതെയും ഒരുപാട് കാര്യങ്ങളുണ്ടെന്ന് ജ്യോതി പറയുന്നു. മറ്റുള്ളവരെ സഹായിക്കുകയാണ് ലക്ഷ്യം. മറ്റുള്ളവര്‍ക്ക് എന്നും സഹായമായി ഉണ്ടാവണമെന്നാണ് ആഗ്രഹം. താങ്ങും തണലുമായി ഭര്‍ത്താവ് വികാസും വീട്ടുകാരും ഇപ്പോള്‍ നാട്ടുകാരും ജ്യോതിക്കൊപ്പമുണ്ട്. അതുകൊണ്ടുതന്നെ പാലത്തുള്ളി ഡിവിഷനില്‍ നിന്ന് താമരവിരിയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ജ്യോതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: