ന്യൂദല്‍ഹി: സ്വാശ്രയ ഫീസുമായി ബന്ധപ്പെട്ട് ക്രൈസ്തവ മാനേജ്മെന്റുകള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളേജിനും തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളേജിനും എതിരായാണ് ഹര്‍ജി. ക്രൈസ്തവ മാനേജ്മെന്റുകള്‍ക്കനുകൂലമായ ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
തൃശൂര്‍ അമല മെഡിക്കല്‍ കോളേജ്, തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളേജ്, കോലഞ്ചേരി മെഡിക്കല്‍ കോളേജ്, പുഷ്പഗിരി മെഡിക്കല്‍ കോളേജ് എന്നിവ നടപ്പ് അധ്യയന വര്‍ഷത്തെ ഫീസായി 7.65 ലക്ഷം രൂപ നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രവേശന കമ്മീഷണര്‍ ഫീസ് വിജ്ഞാപനവും ഇറക്കിയിരുന്നു.
എന്നാല്‍ സ്വകാര്യ മെഡിക്കല്‍ മാനേജ്മെന്റുകളുടെ ഫീസ് സംബന്ധിച്ച് നവംബര്‍ 13ന് വന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രവേശന കമ്മീഷണര്‍ പുതുക്കിയ ഫീസ് ഘടന നിശ്ചയിച്ചു. 7.65 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ ജനറല്‍ കാറ്റഗറിയിലും 20 ലക്ഷം മുതല്‍ 34 ലക്ഷം രൂപ വരെ എന്‍ആര്‍ഐ സീറ്റിലും നിശ്ചയിച്ചു. ഇതോടെ ഈ കാറ്റഗറിയില്‍ തങ്ങള്‍ക്കും ഫീസ് വാങ്ങാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കോലഞ്ചേരി-ജൂബിലി മെഡിക്കല്‍ കോളേജുകള്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചു. ഇതിനെതിരായാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: